
ആലപ്പുഴ ∙ നാല് ദശാബ്ദമായി കനാൽ തീരത്തെ കാഴ്ചയായിരുന്ന മത്സ്യകന്യകയുടെ ഭാവി അനിശ്ചിതത്വത്തിൽ. ജില്ലാക്കോടതി പാലം പുനർനിർമിക്കണമെങ്കിൽ മത്സ്യകന്യക ശിൽപം അവിടെനിന്നു മാറ്റണം.
പുനർനിർമാണ നടപടികൾ തുടങ്ങിയപ്പോൾ മുതൽ ശിൽപം അവിടെ നിന്നു മാറ്റിസ്ഥാപിക്കാൻ ആലോചന തുടങ്ങിയതാണ്. കലക്ടറുടെ തീരുമാന പ്രകാരം വിദഗ്ധരുടെ സംഘം റിപ്പോർട്ട് തയാറാക്കി.
കരാർ ഏറ്റെടുത്ത് ശിൽപം മാറ്റിവയ്ക്കാൻ ഖലാസികൾ വന്നു. അൻപത് ടൺ ഭാരമുള്ള ശിൽപവും അത്രയും ഭാരമുള്ള അടിത്തറയും ഇളക്കി ഉയർത്തുന്നത് ശ്രമകരമാണെന്നു പറഞ്ഞു എല്ലാവരും പിന്മാറി.
ഇതിനിടെ പാലം നിർമാണത്തിന്റെ ഭാഗമായി വടക്കേക്കരയിൽ പൈലിങ് 56 എണ്ണം പൂർത്തിയായി.
ഇനി രണ്ടെണ്ണം ചെയ്താൽ മതി. അതിലൊരെണ്ണം ശിൽപം സ്ഥിതിചെയ്യുന്ന സ്ഥലത്താണ്.
പൈലിങ് ചെയ്യാൻ ശിൽപം മാറ്റാതെ പറ്റില്ലെന്നും നിർമാണച്ചുമതലയുള്ള കെആർഎഫ്ബി അധികൃതർ ചൂണ്ടിക്കാണിച്ചു. അടുത്ത ദിവസങ്ങളിൽ അതിനുള്ള നടപടി ഉണ്ടാകുന്നില്ലെങ്കിൽ ശിൽപം നീക്കം ചെയ്യാനാണ് തീരുമാനം.
പക്ഷേ എങ്ങനെയാണെന്നു വ്യക്തമാക്കിയിട്ടില്ല.
ശിൽപം മാറ്റൽ; പ്രത്യേക യോഗം
മത്സ്യകന്യക ശിൽപം മാറ്റി സ്ഥാപിക്കുക, പുതുക്കി പണിയുക, ഇതിൽ ഏതാണ് അനുയോജ്യമെന്നു തീരുമാനമെടുക്കാൻ കലക്ടറുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേരാൻ ജില്ലാ വികസന സമിതി യോഗം നിർദേശിച്ചു. അതേസമയം പാലത്തിന്റെ നിർമാണം വേഗം വേണമെന്നു വികസന സമിതി യോഗത്തിൽ എംഎൽഎമാരായ പി.പി.ചിത്തരഞ്ജനും എച്ച്.സലാമും ആവശ്യപ്പെട്ടു.
വാഹന പരീക്ഷണ ഓട്ടം 29,30 ദിവസങ്ങളിൽ
ആലപ്പുഴ ∙ ജില്ലാക്കോടതി പാലം പുനർനിർമാണത്തിനായി വാഹനങ്ങൾ തിരിച്ചുവിടുന്നതിനു മുന്നോടിയായി മാറ്റിവച്ച വാഹനങ്ങളുടെ പരീക്ഷണ ഓട്ടം 29നും 30നും നടത്തും.
കഴിഞ്ഞ 22നും 23നും പരീക്ഷണയോട്ടം നടത്താനായിരുന്നു തീരുമാനം. എന്നാൽ മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മരണത്തെ തുടർന്നു തീയതികൾ മാറ്റിവയ്ക്കുകയായിരുന്നു.
നേരത്തെ നിശ്ചയിച്ച റൂട്ടുകളിൽ മാറ്റമില്ലെന്നു കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു. തണ്ണീർമുക്കം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ടൗണിൽ പ്രവേശിക്കാൻ കൈചൂണ്ടി മുക്കിൽ നിന്നു വലത്തോട്ട് തിരിഞ്ഞ് കൊമ്മാടി പാലത്തിൽ കയറാതെ എഎസ് കനാലിന്റെ കിഴക്കേ റോഡിൽ കൂടി വഴിച്ചേരി പാലം, വഴിച്ചേരി മാർക്കറ്റ് ജംക്ഷനിൽ നിന്നു ഇടത്തോട്ട് തിരിഞ്ഞ് പഴവങ്ങാടി ജംക്ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് ഔട്ട് പോസ്റ്റ് വഴി പോകണം.
തണ്ണീർമുക്കം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചുങ്കം വഴി വാണിജ്യ കനാലിന്റെ വടക്കേക്കരയിൽ കൂടി ഇരുമ്പു പാലത്തിൽ നിന്നു വലത്തോട്ട് തിരിഞ്ഞ് വൈഎംസിഎ പാലം ഇടത്തോട്ട് തിരിഞ്ഞ് എഎസ് കനാലിന്റെ കിഴക്കേ കരയിൽ കൂടി കൈചൂണ്ടി ജംക്ഷനിലെത്തി ഇടത്തോട്ടു തിരിഞ്ഞു പോകണം.
തെക്കു നിന്നു വരുന്ന പ്രൈവറ്റ് ബസുകൾ വൈഎംസിഎ ഇടത്തോട്ട് തിരിഞ്ഞ് പ്രൈവറ്റ് സ്റ്റാൻഡിൽ എത്തണം. എറണാകുളം ഭാഗത്തു നിന്നു വരുന്ന കെഎസ്ആർടിസി, പ്രൈവറ്റ് ബസുകൾ വഴിച്ചേരി മാർക്കറ്റ് ജംക്ഷൻ ഇടത്തോട്ട് തിരിഞ്ഞ് പഴവങ്ങാടി ജംക്ഷനിൽ നിന്നു ഇടത്തോട്ട് തിരിഞ്ഞ് പോകണം.
ഭാരം കുറഞ്ഞ വാഹനങ്ങൾക്ക് നഗര ചത്വരം വഴി മിനി സിവിൽ സ്റ്റേഷൻ, കോടതി ഭാഗങ്ങളിലേക്ക് പോകാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]