ആലപ്പുഴ ∙ വേമ്പനാട്ടു കായൽ കണ്ട എക്കാലത്തെയും വലിയ ബോട്ട് ദുരന്തത്തിന് ഇന്നു 23 വയസ്സാകുമ്പോഴും മുഹമ്മ– കുമരകം റൂട്ടിൽ വേമ്പനാട്ട് കായലിന്റെ മധ്യത്തിൽ അടിയന്തര ബോട്ടുജെട്ടി വേണമെന്ന ആവശ്യം ഇപ്പോഴും നടപ്പായില്ല.
കാറ്റിൽപെട്ടു സർവീസ് ബോട്ട്, മത്സ്യത്തൊഴിലാളികളുടെ വള്ളം, ഹൗസ്ബോട്ട്, മോട്ടർ ബോട്ട് തുടങ്ങിയവ അപകടത്തിൽപെടുന്ന സാഹചര്യം ഇപ്പോഴും തുടരുകയാണ്. മുഹമ്മ– കുമരകം ജലപാതയുടെ മധ്യഭാഗത്തായി ബോട്ട് ജെട്ടി നിർമിച്ചാൽ അടിയന്തര സാഹചര്യങ്ങളിൽ ബോട്ട് ഇവിടെ അടുപ്പിച്ച് അപകട
സാധ്യത ഒഴിവാക്കാനാകും.
മുഹമ്മയിൽ നിന്ന് 9.5 കിലോമീറ്ററാണു കുമരകത്തേക്ക്. ശരാശരി 800 യാത്രക്കാരാണ് ഈ റൂട്ടിൽ ജലഗതാഗത വകുപ്പിന്റെ ബോട്ടുകളിൽ യാത്ര ചെയ്യുന്നത്. കായലിൽ യാത്രയ്ക്കിടെ കാലാവസ്ഥ പ്രതികൂലമായാൽ കായലിന്റെ കിഴക്ക്, പടിഞ്ഞാറ് തീരങ്ങളിൽ അടുപ്പിക്കുക എന്നതു മാത്രമാണു രക്ഷാമാർഗം.
ശക്തമായ കാറ്റിൽ ബോട്ടും വള്ളവും ഉലയുന്നതിനിടെ കിലോമീറ്ററുകൾ അകലെയുള്ള തീരത്ത് അടുപ്പിക്കുകയെന്നതു ദുഷ്കരമാണ്.ഒരാഴ്ച മുൻപും കാറ്റിൽപെട്ടു മത്സ്യത്തൊഴിലാളിയുടെ വള്ളം കായലിൽ ഭാഗികമായി മുങ്ങി.
ഇയാളെ ജലഗതാഗത വകുപ്പിന്റെ സർവീസ് ബോട്ടിലെ ജീവനക്കാരാണു രക്ഷിച്ചത്.
അതിശക്തമായ മഴയും കാറ്റും നാശം വിതയ്ക്കുന്നതു കൂടിയ സാഹചര്യത്തിൽ മുഹമ്മ– കുമരകം ജലപാതയിൽ അടിയന്തര ബോട്ടുജെട്ടി വേണമെന്ന ആവശ്യം വീണ്ടും ശക്തമാകുകയാണ്. കാറ്റിൽ ഹൗസ്ബോട്ടുകൾ മണലിൽ ഉറഞ്ഞു പോകുന്ന സംഭവങ്ങളുമുണ്ട്. അടിയന്തര ബോട്ടുജെട്ടി നിർമിച്ചാൽ ഇത്തരം സാഹചര്യങ്ങളിൽ പ്രയോജനപ്പെടും.
കുമരകം ബോട്ട് ദുരന്തം
2002 ജൂലൈ 27നായിരുന്നു നാടിനെ നടുക്കിയ ആ ദുരന്തം.
മുഹമ്മയിൽ നിന്നു പുലർച്ചെ 5.45നു നിറയെ യാത്രക്കാരുമായി കുമരകത്തേക്കു പുറപ്പെട്ട ജലഗതാഗത വകുപ്പിന്റെ എ– 53 തടി ബോട്ട് വേമ്പനാട്ട് കായലിന്റെ കുമരകം ഭാഗത്തു മുങ്ങി 9 മാസം പ്രായമായ കുഞ്ഞും 15 സ്ത്രീകളുമടക്കം 29 പേരുടെ ജീവൻ കായലിന്റെ ആഴങ്ങളിൽ പൊലിഞ്ഞു.
പിഎസ്സി പരീക്ഷ എഴുതാൻ വന്ന ഉദ്യോഗാർഥികളാണു മരിച്ചവരിൽ ഏറെയും.
110 പേർക്കു കയറാവുന്ന ബോട്ടായിരുന്നു. ഇതിന്റെ ഇരട്ടിയിലേറെ യാത്രക്കാരെയും കയറ്റി വന്ന ബോട്ട് കുമരകം തീരം അടുക്കുന്നതിനു മുൻപു തലകീഴായി മറിയുകയായിരുന്നു.
ഈ അപകടത്തോടെ ഈ റൂട്ടിൽ നിന്നു തടി ബോട്ട് ജലഗതാഗത വകുപ്പ് പിൻവലിച്ചു.കുമരകത്തു പഞ്ചായത്തിന്റെ നേതൃത്വത്തിലും മുഹമ്മയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിലും ഇന്ന് അനുസ്മരണ ചടങ്ങുകൾ നടക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]