അച്ഛൻ തച്ചടി പ്രഭാകരൻ പല തവണ വട്ടം മത്സരിച്ചെങ്കിലും കായംകുളത്ത് 1991ൽ ജയിച്ച തിരഞ്ഞെടുപ്പാണ് എന്റെ മായാത്ത ഓർമ. എൻജിനീയറിങ് പഠനം പൂർത്തിയാക്കിയതിനു പിന്നാലെ ഹിന്ദുസ്ഥാൻ ലാറ്റക്സിൽ ലഭിച്ച ജോലിക്കു ചേരുന്നത് വൈകിച്ചാണ് അത്തവണ പ്രചാരണത്തിന് ഞാൻ ഇറങ്ങിയത്.
രാത്രി 10 മണിയോടെ പ്രവർത്തകരുമായി അടുത്ത ദിവസത്തെ പ്രവർത്തനം ആസൂത്രണം ചെയ്യുമ്പോഴാണ് ഇടിത്തീയായി ആ ദുരന്തവാർത്ത എത്തുന്നത്.
തമിഴ്നാട്ടിൽ ശ്രീപെരുംപുത്തൂരിൽ രാജീവ് ഗാന്ധി സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. അച്ഛനും പ്രവർത്തകരുമടക്കം ഞങ്ങളെല്ലാം സങ്കടം അടക്കാനാവാതെ കരഞ്ഞു.
ആ ദുഃഖത്തിനിടയിലും ദുരന്തവാർത്ത നാട്ടുകാരെ അറിയിക്കേണ്ട ചുമതല എനിക്കു വന്നു.
ജീപ്പിൽ മൈക്ക് അനൗൺസ്മെന്റുമായി ഞാനും മറ്റൊരു പ്രവർത്തകനും ഇറങ്ങി. പലപ്പോഴും വാക്കുകൾക്കു പകരം ഞങ്ങളുടെ കരച്ചിലാണ് പുറത്തുവന്നത്.
തിരഞ്ഞെടുപ്പ് നീട്ടിവച്ചതോടെ പ്രചാരണ ദിവസങ്ങൾ കൂടി. ഇരട്ടി പണം അത്തവണ കണ്ടെത്തേണ്ടി വന്നതും ഓർക്കുന്നു.
തിരഞ്ഞെടുപ്പിന്റെ തലേന്നുണ്ടായ മറ്റൊരു സംഭവം മറക്കാനാകാത്ത ഓർമയായി മനസ്സിലും ശമിക്കാത്ത പരുക്കായി ശരീരത്തിലും സ്ഥാനം പിടിച്ചു. സിപിഎം പ്രവർത്തകരുടെ മേഖലയിൽ ഒരു കുടുംബത്തിലൊരു മരണമുണ്ടായി.
പാർട്ടി നേതൃയോഗത്തിൽ പങ്കെടുക്കുന്നതിനായി നാട്ടിൽ നിന്നു പോയ അച്ഛൻ ആ വീട്ടിൽ പോകാൻ എന്നോടു നിർദേശിച്ചു. അവിടെ ആദരാഞ്ജലിയർപ്പിച്ച് തിരിച്ചിറങ്ങിയ ഞാൻ ഞെട്ടി.
ഞാൻ വന്ന ജീപ്പിന്റെ നാലു ടയറും കുത്തിപ്പൊട്ടിച്ച നിലയിലാണ്. മൂന്നു പേർ എന്റെ നേർക്ക് ഓടിയെത്തി .
അതിലൊരാൾ കയ്യിൽ ചുരുട്ടിപ്പിടിച്ച ചങ്ങല കൊണ്ട് എന്റെ കരണത്ത് ആഞ്ഞടിച്ചു. ഞാൻ താഴെ വീണുപോയി.
കർണപുടത്തിന് പരുക്കേറ്റ് ആശുപത്രിയിലുമായി. പിന്നീട് ഏറെ നാൾ ചികിത്സ വേണ്ടി വന്നു.
പക്ഷേ ആ സംഭവത്തെത്തുടർന്ന് വിചാരിക്കാത്ത ഒരു തിരിച്ചടി അക്രമികൾക്കുണ്ടായി. ഉറച്ച സിപിഎമ്മുകാരുടെ കുടുംബമായിരുന്നു അന്നു ഞാൻ സന്ദർശിച്ചത്.
തങ്ങളുടെ വീട്ടിൽ വന്നു പോയ സ്ഥാനാർഥിയുടെ മകനെ മർദിച്ചത് അവർക്ക് അപമാനവും വേദനയുമായി. തങ്ങൾ കോൺഗ്രസിന് വോട്ട് നൽകുമെന്ന് പരസ്യമായി പ്രഖ്യാപിച്ചാണ് അവർ പ്രതിഷേധമറിയിച്ചത്.
അത് വലിയ വാർത്തയും വിവാദവുമൊക്കെയായി. ആ സ്ഥലങ്ങളിലൊക്കെ ഇപ്രാവശ്യവും ഞാൻ തിരഞ്ഞെടുപ്പു പ്രചാരണത്തിന് പോകുന്നുണ്ട്.
ബിജു പ്രഭാകർ (വൈദ്യുതി ബോർഡ് ചെയർമാൻ, കെഎസ്ആർടിസി സിഎംഡി, ഗതാഗത സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചു)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

