ആലപ്പുഴ ∙ വെള്ളവും കരയും ഇടകലർന്ന, ആർപ്പുവിളിയും വഞ്ചിപ്പാട്ടും ആവേശമുണർത്തുന്ന ആലപ്പുഴയുടെ മണ്ണിൽ കലയുടെ കൗമാര മാമാങ്കത്തിന് ഇന്ന് കേളികൊട്ടുണരും. ഇനിയുള്ള അഞ്ചു നാളുകൾ ആലപ്പുഴ നഗരം കലയുടെ ഉത്സവപ്പറമ്പാകും.മൂന്നു വർഷത്തിനു ശേഷമാണു ജില്ലാ സ്കൂൾ കലോത്സവം ആലപ്പുഴ നഗരത്തിലേക്ക് എത്തുന്നത്. 2022ലും ആലപ്പുഴ നഗരത്തിലായിരുന്നു ജില്ലാ സ്കൂൾ കലോത്സവം.
ഇന്നു രാവിലെ 9നു ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.എസ്.ശ്രീലത പതാക ഉയർത്തും.
ലിയോ തേർട്ടീൻത് എച്ച്എസ്എസ് ഗ്രൗണ്ടിൽ ബാൻഡ്മേളവും രചനാ മത്സരങ്ങളുമാണ് ആദ്യം നടക്കുന്നത്. ഉച്ചയ്ക്കു രണ്ടിനു ചലച്ചിത്ര ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ കലോത്സവം ഉദ്ഘാടനം ചെയ്യും. ഇ.എസ്.ശ്രീലത അധ്യക്ഷത വഹിക്കും.
കലക്ടർ അലക്സ് വർഗീസ് മുഖ്യാതിഥിയാകും. 28നു വൈകിട്ട് 5നാണു സമാപന സമ്മേളനം.
12 വേദി, 7500 കുട്ടികൾ
ജില്ലാ സ്കൂൾ കലോത്സവത്തിൽ 12 വേദികളിലായി 314 ഇനങ്ങളിലാണു മത്സരം.
11 ഉപജില്ലകളിൽ നിന്നായി 7,500ലേറെ വിദ്യാർഥികളാണു പങ്കെടുക്കുന്നത്. പ്രധാന വേദിയായ ആലപ്പുഴ ലിയോ തേർട്ടീൻത് എച്ച്എസ്എസ് ഓഡിറ്റോറിയം, ഗ്രൗണ്ടിൽ സജ്ജമാക്കിയ സ്റ്റേജ്, കർമസദൻ പാസ്റ്ററൽ ഹാൾ, സെന്റ് ആന്റണീസ് എൽപി സ്കൂൾ എന്നിവിടങ്ങളിലാണു കൂടുതൽ നൃത്ത ഇനങ്ങൾ നടക്കുന്നത്.
‘കലയിലോട്ട്’ മിഴിതുറക്കുന്നു
ആലപ്പുഴ ∙ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു ചൂടിനിടയിലേക്കു സ്കൂൾ കലോത്സവം കൂടി എത്തുന്നതോടെ ആഘോഷവും വീറും വാശിയും നിറയുന്ന നാളുകളാണിനി.
വോട്ടുകാലത്ത് എത്തുന്ന കലോത്സവത്തെ ‘കലയിലോട്ട്’ എന്ന പ്രത്യേക പേജുമായാണു മനോരമ വരവേൽക്കുന്നത്. മാവേലിക്കര ബിഷപ് ഹോഡ്ജസ് എച്ച്എസ്എസിലെ ഹയർസെക്കൻഡറി ഫിസിക്സ് അധ്യാപകൻ ജോർജ് സാമുവലാണ് ‘കലയിലോട്ട്’ എന്ന പേര് നിർദേശിച്ചത്.
കലയും തിരഞ്ഞെടുപ്പും ചേരുന്ന പേരാണിത്.
കലോത്സവത്തിന്റെ ആശയമായി സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോഗ്രാം ഓഫിസർ ഡോ. സുനിൽ മർക്കോസ് നിർദേശിച്ച ‘കലോത്സവപ്പുഴ’ മനോരമയ്ക്കുവേണ്ടി നടൻ അശോകൻ തിരഞ്ഞെടുത്തു.
കലയും ആലപ്പുഴയും ഉത്സവവും എല്ലാം ചേരുന്ന ആശയമാണിതെന്ന് അശോകൻ പറഞ്ഞു. സമ്മാനത്തെ കുറിച്ചുള്ള വിവരങ്ങൾ വിജയികളെ നേരിട്ടറിയിക്കും.
വായനക്കാർ നിർദേശിച്ച നൂറിലേറെ പേരുകളിൽനിന്നാണു കലയിലോട്ടും കലോത്സവപ്പുഴയും തിരഞ്ഞെടുക്കപ്പെട്ടത്.
സമ്മാനങ്ങളുമായി മനോരമ
കലോത്സവവേദിയിലെത്തുന്നവർക്കു കൈനിറയെ സമ്മാനങ്ങളുമായി മനോരമ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും കലാസ്വാദകർക്കുമെല്ലാം പങ്കെടുക്കാവുന്ന മത്സരങ്ങളെ കുറിച്ചുള്ള വിശദവിവരങ്ങൾക്ക് നാളത്തെ മനോരമ കാണുക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

