ഹരിപ്പാട് ∙ ഇറിഡിയം ലോഹക്കച്ചവടത്തിൽ പണം മുടക്കിയാൽ ഇരട്ടി തുക തിരികെ നൽകാമെന്നു വിശ്വസിപ്പിച്ച് 75.6 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ 6 പേർക്കെതിരെ പൊലീസ് കേസ് എടുത്തു. ഹരിപ്പാട് വെട്ടുവേനി സ്വദേശി മഹേഷ് ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയിൽ ഹരിപ്പാട് പൊലീസാണു കേസെടുത്തത്.
മണ്ണാറശാല സ്വദേശി കപിൽ ദേവ് ഇടനിലക്കാരനായി നിന്നാണു പണം നൽകിയതെന്നാണു മഹേഷിന്റെ പരാതിയിൽ പറയുന്നത്.
കപിൽ ദേവ്, കൊല്ലം സ്വദേശി സിനു ധർമരാജൻ, തിരുവനന്തപുരം സ്വദേശികളായ സുലഭ, ജിഷ്ണു, വൈഷ്ണവി, സന്ദീപ് എന്നിവർക്കെതിരെയാണു കേസ് എടുത്തത്.2024 ഓഗസ്റ്റ് ഒന്നു മുതൽ 2025 സെപ്റ്റംബർ 2 വരെ പലപ്പോഴായി 75,60,000 രൂപ അക്കൗണ്ട് മുഖേനയും നേരിട്ടും വാങ്ങിയ ശേഷം ലാഭവിഹിതമോ കൊടുത്ത പണമോ തിരികെ നൽകാതെ മഹേഷിനെ കബളിപ്പിച്ചു എന്നാണ് കേസ്. 8 ലക്ഷം രൂപയാണ് മഹേഷ് ആദ്യം നൽകിയത്.
തുടർന്ന് പല തവണകളായി 48.2 ലക്ഷം രൂപ നൽകി.
പണവും ലാഭവിഹിതവും തിരികെ ലഭിക്കാതെ വന്നതോടെ മഹേഷ് പ്രതികളുടെ അടുക്കൽ എത്തി ബഹളമുണ്ടാക്കി. 25 ലക്ഷം കൂടി നൽകിയാൽ 10 ദിവസത്തിനകം മുഴുവൻ തുകയും ലാഭവും തിരികെ നൽകാമെന്നു വിശ്വസിപ്പിച്ച് വീണ്ടും പണം തട്ടുകയായിരുന്നു.
പറഞ്ഞ സമയത്ത് പണം വീണ്ടും കിട്ടാതെ വന്നതോടെയാണ് മഹേഷ് പൊലീസിൽ പരാതി നൽകിയത്. സമാനമായ തട്ടിപ്പിന് ഇരയായതായി കൊല്ലം സ്വദേശിയും സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.
വീയപുരം സ്വദേശിയായ സജി ഒൗസേപ് ഇറിഡിയം ബിസിനസിൽ 17 ലക്ഷം രൂപ തട്ടിയെടുത്തതായാണു കൊല്ലം സ്വദേശിയുടെ പരാതി. വീയപുരം പൊലീസ് നടത്തിയ അന്വേഷണത്തിൽ കായംകുളത്തുവച്ചാണ് സജി ഒൗസേപ് തട്ടിപ്പ് നടത്തിയതെന്നു കണ്ടെത്തിയതിനെ തുടർന്നു കേസ് കായംകുളം ഡിവൈഎസ്പിക്കു കൈമാറി.
ഇറിഡിയം തട്ടിപ്പിനു പിന്നിൽ വൻറാക്കറ്റാണെന്നും കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നുമാണു സംശയം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

