മലയാളികളുടെ ഉറക്കുപാട്ടുകളിലൂടെ അനശ്വരനായ പ്രശസ്ത കവി ഇരയിമ്മൻ തമ്പിയുടെ ജന്മഗൃഹമായ ചേർത്തല വാരനാട്ടെ നടുവിലേകോവിലകം കടുത്ത ജീർണാവസ്ഥയിൽ. ചരിത്രസ്മാരകമായി സംരക്ഷിക്കപ്പെടേണ്ട
ഈ പ്രൗഢമായ പൈതൃക കെട്ടിടം ഇപ്പോൾ പൂർണ്ണമായും തകർച്ചയുടെ വക്കിലാണുള്ളത്. ചരിത്രപ്രധാനമായ ഈ കോവിലകവും അനുബന്ധമായ 40 സെന്റ് സ്ഥലവും സംരക്ഷണത്തിന്റെ ഭാഗമായി 2006-ൽ പുരാവസ്തു വകുപ്പ് ഏറ്റെടുത്തിരുന്നു.
തുടർന്ന് ചില ഭാഗങ്ങളിൽ അറ്റകുറ്റപ്പണികളും നടത്തിയിരുന്നുവെങ്കിലും, ഇരയിമ്മൻ തമ്പിയുടെ പിൻമുറക്കാർ അവകാശവാദവുമായി രംഗത്തെത്തിയതോടെ വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണ്. നിയമപരമായ തർക്കങ്ങൾ നിലനിൽക്കുന്നതിനാൽ കെട്ടിടത്തിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ പോലും നടത്താൻ കഴിയാത്ത അവസ്ഥയാണ് അധികൃതർക്കുള്ളത്.
ഒട്ടേറെ മുറികളുള്ള കോവിലകത്തിന്റെ വടക്കിനി ഇതിനകം പൂർണ്ണമായി നിലംപതിച്ചു കഴിഞ്ഞു. അടുക്കളയും തെക്കിനിയും പൂർണമായും നശിച്ച നിലയിലാണ്.
കേരളവർമ തമ്പുരാന്റെയും തിരുവനന്തപുരം പുതുമന രാജകുടുംബത്തിലെ പാർവതി പിള്ള തങ്കച്ചിയുടെയും മകനായാണ് ഇരയിമ്മൻ തമ്പി ജനിച്ചത്. അന്നത്തെ തിരുവിതാംകൂർ രാജാവ് വാരനാട്ടെ ക്ഷേത്രദർശനത്തിനെത്തിയ വേളയിൽ കോവിലകത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കുകയും, തുടർന്ന് കൊട്ടാരത്തിന്റെ സഹായത്തോടെ കെട്ടിടം പുതുക്കിപ്പണിയാൻ തീരുമാനിക്കുകയുമായിരുന്നു.
ആദ്യം പതിനാറു കെട്ടായി പണിയാൻ നിശ്ചയിച്ചെങ്കിലും പിന്നീട് എട്ടുകെട്ടായി ചുരുക്കുകയാണുണ്ടായത്. തന്റെ 14-ാം വയസ്സിൽ വാരനാട്ടെ കോവിലകം വിട്ട
ഇരയിമ്മൻ തമ്പി, അമ്മയുടെ കുടുംബമായ തിരുവനന്തപുരത്തേക്ക് താമസം മാറ്റുകയായിരുന്നു. 2006-ൽ ഇരയിമ്മൻ തമ്പിയുടെ പിന്മുറക്കാറിലൊരാളായ രുക്മിണിഭായ് തമ്പുരാട്ടി ഇവിടെയെത്തി താമസിച്ചിരുന്നു.
അന്ന് ഒപ്പമെത്തിയ തിരുവനന്തപുരം സ്വദേശിയായ അംബികയാണ് നിലവിൽ കോവിലകത്തിന്റെ സംരക്ഷണ ചുമതല നിർവഹിക്കുന്നത്. പുരാവസ്തു വകുപ്പിന്റെ കരാർ അടിസ്ഥാനത്തിലാണ് ഇവർക്ക് വേതനം നൽകി വരുന്നത്.
ഈ ചരിത്ര സ്മാരകം കാണാൻ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ എത്തുമ്പോൾ കടുത്ത ആശങ്കയാണ് അനുഭവപ്പെടുന്നതെന്ന് അംബിക വ്യക്തമാക്കി. കോവിലകത്തിന്റെ തൂണുകളും മേൽക്കൂരയുമടക്കം പൂർണ്ണമായും ജീർണിച്ച അവസ്ഥയിലാണെന്നും, ചെറിയൊരു ചലനം ഉണ്ടായാൽ പോലും അവ തകർന്നുവീണ് വൻ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഉപദേശക സമിതി സെക്രട്ടറിയായ തോമസ് വി.പുളിക്കൽ മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

