ഹരിപ്പാട്: കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെ തുടർന്നു രണ്ടു വയസ്സുകാരൻ മരിച്ച സംഭവത്തിൽ കുടുംബത്തിലെ മറ്റു കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള അടിയന്തര നടപടികളുമായി ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) രംഗത്ത്. മരിച്ച രണ്ടു വയസ്സുകാരന്റെ അമ്മ കഴിഞ്ഞ ദിവസം ജന്മം നൽകിയ ആൺകുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുത്തേക്കുമെന്നാണ് വിവരം.
മുലയൂട്ടേണ്ടതിനാൽ അമ്മയെയും കുഞ്ഞിനെയും ഒരുമിച്ചു മഹിള മന്ദിരത്തിലേക്ക് മാറ്റാനാണ് അധികൃതരുടെ ആലോചന. ഇതിനു അമ്മ തയാറായില്ലെങ്കിൽ നവജാതശിശുവിനെ നിയമപരമായി ഏറ്റെടുക്കുമെന്ന് സിഡബ്ല്യുസി അധികൃതർ വ്യക്തമാക്കി.
കുടുംബത്തിൽ നേരത്തേ രണ്ടു കുഞ്ഞുങ്ങൾ ദാരുണമായി മരിച്ച സാഹചര്യവും, മറ്റു കുട്ടികൾ നേരിട്ട ഗുരുതര അവഗണനയും പരിഗണിച്ചാണ് കുട്ടിയുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നത്.
മാതാപിതാക്കളുടെ സമ്മതമില്ലാതെ തന്നെ കുട്ടിയെ ഏറ്റെടുക്കാൻ നിയമപരമായ ചട്ടങ്ങളുണ്ട്. എങ്കിലും കുഞ്ഞിന് മുലപ്പാൽ നിഷേധിക്കപ്പെടാതിരിക്കാൻ അമ്മയെയും കുഞ്ഞിനെയും ഒരുമിച്ചു മഹിള മന്ദിരത്തിലേക്ക് മാറ്റുന്നതിനാണ് പ്രഥമ പരിഗണനയെന്ന് അധികൃതർ അറിയിച്ചു.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെയും കുഞ്ഞിനെയും സിഡബ്ല്യുസി ചെയർപേഴ്സൺ വി.ഗീത കഴിഞ്ഞ ദിവസം നേരിട്ട് സന്ദർശിച്ചിരുന്നു. ഇവർക്ക് ആവശ്യമായ കൗൺസലിംഗും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.
മരിച്ച രണ്ടു വയസ്സുകാരന്റെ നാല് സഹോദരിമാരെയും കഴിഞ്ഞ ദിവസം സിഡബ്ല്യുസി ഏറ്റെടുത്ത് സുരക്ഷിതമായ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അതേസമയം, നവജാത ശിശുവിന് മുലപ്പാൽ നൽകാൻ അമ്മ താര തയാറാകുന്നില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
ഇതിന് പകരമായി കുട്ടിക്ക് ആവശ്യമായ പോഷകാഹാരം ആശുപത്രിയിൽ നിന്ന് തന്നെ നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. കാർത്തികപ്പള്ളി വലിയകുളങ്ങര തൈമൂട്ടിൽ രാജേഷ് – താര ദമ്പതികളുടെ മകനായ രാഹുൽ (2) ആണ് ഒക്ടോബർ 18ന് ദാരുണമായി മരിച്ചത്.
തുടർന്ന് പ്രസവത്തിനായി താരയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പെൺകുട്ടികൾ രണ്ടു വർഷം കഴിഞ്ഞത് ബാലികാമന്ദിരത്തിൽ കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്നു മരിച്ച രണ്ടു വയസ്സുകാരന്റെ നാല് സഹോദരിമാർ രണ്ടു വർഷത്തോളം കഴിഞ്ഞത് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലായിരുന്നു.
2026 ഏപ്രിലിലെ വേനലവധിക്കാലത്ത് മാതാപിതാക്കൾ ഇവരെ കൂട്ടിക്കൊണ്ടുപോയെങ്കിലും പിന്നീട് തിരികെ എത്തിക്കാൻ തയാറായില്ല. കുട്ടികളെ തിരികെ കൊണ്ടുവരാൻ സിഡബ്ല്യുസി പ്രവർത്തകർ പലവട്ടം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.
ഒക്ടോബർ ആറിന് നാട്ടുകാരുടെയും ആരോഗ്യപ്രവർത്തകരുടെയും സഹായത്തോടെ കുട്ടികളെ ഏറ്റെടുക്കാൻ ശ്രമിച്ചെങ്കിലും അമ്മ ആത്മഹത്യാഭീഷണി മുഴക്കിയതിനെ തുടർന്ന് സംഘത്തിന് മടങ്ങേണ്ടി വെയ്യുകയായിരുന്നുവെന്ന് സിഡബ്ല്യുസി അധികൃതർ വ്യക്തമാക്കി. ഇതിനു രണ്ടാഴ്ചയ്ക്ക് ശേഷമായിരുന്നു രാഹുലിന്റെ മരണം സംഭവിക്കുന്നത്.
വലിയകുളങ്ങര തൈമൂട്ടിൽ രാജേഷ് – താര ദമ്പതികളുടെ നാല് പെൺകുട്ടികളും മാതാപിതാക്കളുടെ ശരിയായ പരിചരണമോ വിദ്യാഭ്യാസമോ ലഭിക്കാതെ തീർത്തും മോശം സാഹചര്യത്തിലാണ് കഴിയുന്നതെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 2024 ജനുവരിയിൽ സിഡബ്ല്യുസി ഇവരെ ഏറ്റെടുത്ത് മാരായിത്തറയിലെ സംരക്ഷണ കേന്ദ്രത്തിലാക്കിയത്. ഇതിൽ മൂന്നു കുട്ടികളെ പിന്നീട് സ്കൂളിൽ ചേർത്തു പഠിപ്പിക്കുകയും ചെയ്തു.
പെൺകുട്ടികൾ സംരക്ഷണകേന്ദ്രത്തിൽ കഴിയുന്ന സമയത്താണ് താര ഇപ്പോൾ മരിച്ച രാഹുലിനെ പ്രസവിച്ചത്. ഏകദേശം രണ്ടു വർഷത്തോളം പെൺകുട്ടികൾ സംരക്ഷണകേന്ദ്രത്തിൽ സുരക്ഷിതരായി കഴിഞ്ഞു.
എന്നാൽ ഈ വർഷം ഏപ്രിലിൽ സ്കൂൾ പൂട്ടിയപ്പോൾ മാതാപിതാക്കൾ അവിടെയെത്തി കുട്ടികളെ തങ്ങൾക്കൊപ്പം അയയ്ക്കണമെന്നും, സ്കൂൾ തുറക്കുമ്പോൾ തിരിച്ചെത്തിക്കാമെന്നും വാഗ്ദാനം ചെയ്തു. മാതാപിതാക്കൾ ആവശ്യപ്പെട്ടാൽ കുട്ടികളെ ഒപ്പം അയയ്ക്കണമെന്നാണു ചട്ടമെന്നതിനാൽ നാലുപേരെയും മാതാപിതാക്കൾക്കൊപ്പം വിടുകയായിരുന്നു.
എന്നാൽ ജൂണിൽ സ്കൂളുകൾ തുറന്നിട്ടും കുട്ടികളെ സംരക്ഷണകേന്ദ്രത്തിൽ തിരികെ എത്തിക്കാൻ ഇവർ തയാറായില്ല. പലവട്ടം നേരിട്ടെത്തി ആവശ്യപ്പെട്ടിട്ടും കുട്ടികളെ വിട്ടുനൽകാൻ മാതാപിതാക്കൾ തയാറായില്ലെന്ന് സിഡബ്ല്യുസി അധികൃതർ പറയുന്നു.
ഇതിനിടയിലാണ് ഈ വർഷം ഓഗസ്റ്റിൽ അമ്മയെയും കുട്ടികളെയും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവനിൽ എത്തിച്ചത്. ഇവിടെ നിന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ ഇവർ വീണ്ടും മടങ്ങിപ്പോന്നു.
ഇതിനു ശേഷവും പലവട്ടം കുട്ടികളെ ഏറ്റെടുക്കാൻ ശിശുസംരക്ഷണ പ്രോജക്ട് ഓഫിസറുടെയും ആരോഗ്യ, അങ്കണവാടി പ്രവർത്തകരുടെയും നേതൃത്വത്തിൽ ശ്രമങ്ങൾ നടന്നെങ്കിലും ഫലം കണ്ടില്ല. ഒക്ടോബർ ആറിന് കുട്ടികളെ ഏറ്റെടുക്കാൻ എത്തിയപ്പോഴാണ് താര ആത്മഹത്യാഭീഷണി മുഴക്കിയത്.
താരയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിക്കുമ്പോൾ കുട്ടികളെ ഏറ്റെടുക്കാമെന്നായിരുന്നു കരുതിയതെന്ന് സിഡബ്ല്യുസി അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ താരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ പിറ്റേന്നാണു രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
സംഭവം വലിയ രീതിയിൽ വിവാദമായതിനെ തുടർന്ന് നാല് പെൺകുട്ടികളെയും സിഡബ്ല്യുസി വീണ്ടും ഏറ്റെടുത്ത് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

