
പാണ്ടനാട് ∙ മഴക്കാലത്ത് വെള്ളക്കെട്ട് ഒഴിയാതെ ആർകെവി നാക്കട റോഡ്.
പഞ്ചായത്തിലെ 12,13 വാർഡുകളിൽ കൂടി കടന്നുപോകുന്ന ആർകെവി-നാക്കട റോഡിലെ വടക്കേലേത്തു പടിക്കൽ ലിഫ്റ്റ് ഇറിഗേഷൻ കനാലിനു മുകളിലുള്ള കലുങ്കിന്റെ സമീപ പാതയും റോഡും ചേരുന്ന ഭാഗത്താണ് വെള്ളക്കെട്ട് രൂപപ്പെടുന്നത്.
നാക്കട ഭാഗത്തെ നൂറിലേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണിത്.
ദിനംപ്രതി അഞ്ചു സ്കൂൾ ബസുകൾ ഇതുവഴി കടന്നു പോകുന്നു. മഴക്കാലത്ത് കാൽനട
യാത്ര പോലും ദുഷ്കരമാണ്. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നതു നാടിന്റെ ഏറെക്കാലമായുള്ള ആവശ്യമാണ്.
2018 ലെ പ്രളയത്തിൽ തകർന്ന റോഡ് 50 ലക്ഷത്തോളം രൂപ ചെലവിൽ 2022– ൽ പുനർനിർമിച്ചിരുന്നു.
ഇറിഗേഷൻ കലുങ്കിന്റെ സമീപന പാതയും റോഡും തമ്മിൽ ബന്ധിപ്പിച്ച ഭാഗത്തെ നിർമാണത്തിലുള്ള അപാകതയാണ് വെള്ളക്കെട്ടുണ്ടാകാൻ കാരണമെന്നാണ് ആക്ഷേപം. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർക്കും ഇറിഗേഷൻ വകുപ്പിനും കഴിഞ്ഞ രണ്ടു വർഷമായി പല തവണ നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല.
വെള്ളക്കെട്ടുള്ള ഭാഗം നാട്ടുകാരുടെ ചെലവിൽ നന്നാക്കുന്നതിന് അനുമതിക്കായി അപേക്ഷ നൽകി കാത്തിരിക്കുകയാണ് പമ്പാ റസിഡന്റ്സ് ഫോറം. എത്രയും വേഗം വെള്ളക്കെട്ടിന് പരിഹാരമുണ്ടായില്ലെങ്കിൽ പ്രതിഷേധ പരിപാടികൾ നടത്തുമെന്നും ഫോറം ഭാരവാഹികൾ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]