ആലപ്പുഴ ∙ ഇന്നലെ ഉച്ചയ്ക്കു ശേഷം ജില്ലയിൽ പെയ്തിറങ്ങിയതു ലഘു മേഘവിസ്ഫോടനത്തിനു സമാനമായ മഴ. രണ്ടു മണിക്കൂറിൽ 50 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്താൽ അതിനെ ലഘുമേഘവിസ്ഫോടനമായാണു കണക്കാക്കുന്നത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം കായംകുളത്ത് 118.5 മില്ലിമീറ്റർ മഴയാണ് ഇന്നലെ പകൽ പെയ്തത്. ഉച്ചയ്ക്കു 2.30നു തുടങ്ങിയ മഴ വൈകിട്ട് അഞ്ചരയോടെയാണു തീവ്രത കുറഞ്ഞത്.
തൈക്കാട്ടുശേരിയിൽ 63.5 മില്ലിമീറ്റർ മഴയും നൂറനാട് 48 മില്ലിമീറ്റർ മഴയും ഈ സമയത്തു പെയ്തു.
പ്രധാനമായും തീരദേശ മേഖലയിലാണ് അതിശക്തമായ മഴ ലഭിച്ചതെന്നു കാലാവസ്ഥ ഗവേഷകർ പറയുന്നു. ഇന്നലെ സംസ്ഥാനത്തു കൂടുതൽ മഴ രേഖപ്പെടുത്തിയതു കായംകുളത്താണ്.
പലയിടത്തും മഴയ്ക്കൊപ്പം മിന്നലും ശക്തമായ കാറ്റുമുണ്ടായിരുന്നു.
ഒരു മണിക്കൂറിൽ 100 മില്ലിമീറ്റർ മഴ ലഭിച്ചാൽ അതിനെ മേഘവിസ്ഫോടനമായാണു കണക്കാക്കുന്നത്. അത്രയും മഴയാണു രണ്ടര മണിക്കൂറിൽ കായംകുളത്തു പെയ്തത്.
ഇതോടെ പ്രദേശത്തു മിന്നൽ പ്രളയത്തിനു സമാനമായി വെള്ളക്കെട്ട് രൂപപ്പെട്ടു. മഴ കാരണം ദൂരക്കാഴ്ച കുറഞ്ഞതോടെ വാഹന ഗതാഗതവും തടസ്സപ്പെട്ടു.
വാഹനങ്ങൾ വേഗം കുറച്ചാണു യാത്ര ചെയ്തത്. മഴയിൽ റോഡിൽ വെള്ളക്കെട്ടായതോടെ ദേശീയപാതയിൽ ഉൾപ്പെടെയുള്ള കുഴികളിൽ വാഹനം ചാടുന്ന സ്ഥിതിയുമുണ്ടായി.
കാരണം ന്യൂനമർദം
ജില്ലയിൽ ഏറെ ദിവസങ്ങൾക്കു ശേഷം 17നും ഇന്നലെയുമാണു ശക്തമായ മഴ ലഭിക്കുന്നത്.
തെക്കുപടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ പുതിയ ന്യൂനമർദം രൂപംകൊള്ളുന്നതാണു ജില്ലയിൽ മഴ കനക്കാൻ ഇടയാക്കിയത്. 22നു ന്യൂനമർദം രൂപപ്പെടാനും തുടർന്നുള്ള 48 മണിക്കൂറിൽ ഇതു കൂടുതൽ ശക്തിപ്രാപിക്കാനുമുള്ള സാധ്യതയാണു കാലാവസ്ഥ ഗവേഷകർ പ്രവചിക്കുന്നത്. അതിനാൽ അടുത്ത 5 ദിവസങ്ങളിലും മഴയ്ക്കു സാധ്യതയുണ്ട്.
ഇന്നലെ ജില്ലയിൽ മഞ്ഞ മുന്നറിയിപ്പാണു പുറപ്പെടുവിച്ചിരുന്നതെങ്കിലും മഴ കനക്കുന്ന സാധ്യത വന്നതോടെ ഓറഞ്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നു പ്രത്യേക മുന്നറിയിപ്പുകളില്ല.
മീൻപിടിക്കാൻ പോകരുത്
കേരള, ലക്ഷദ്വീപ്, കന്യാകുമാരി തീരങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ ഇന്നു മീൻപിടിക്കാൻ പോകരുതെന്നു നിർദേശമുണ്ട്.
മഴയിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണു
കൃഷ്ണപുരം ∙ ശക്തമായ മഴയിൽ ടെക്നിക്കൽ ഹൈസ്കൂൾ മതിൽ ഇടിഞ്ഞുവീണു. സംഭവംസമയം സ്കൂൾ പരിസരത്ത് ആരുമില്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് ശേഷം മിന്നലിനും മഴയ്ക്കും പിന്നാലെയാണ് മതിൽ നിലംപൊത്തിയത്. ഏകദേശം 150 മീറ്റർ ദൂരത്തിലുള്ള ചുറ്റുമതിലാണ് പൂർണമായും തകർന്നുവീണത്.
ശബ്ദം കേട്ടാണു സമീപവാസികൾ അറിഞ്ഞത്. സ്കൂൾ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

