ആലപ്പുഴ∙ ദേശീയപാത 66ൽ അരൂർ– തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി ഗതാഗതം തിരിച്ചുവിടുന്ന റോഡുകളുടെ അറ്റകുറ്റപ്പണി ഡിസംബർ ആദ്യം തന്നെ പൂർത്തീകരിക്കാൻ മരാമത്തു വകുപ്പിനു നിർദേശം. കലക്ടർ അലക്സ് വർഗീസ് വിളിച്ചുചേർത്ത യോഗത്തിലാണ് ഈ നിർദേശം.
നിർമാണം പൂർത്തീകരിച്ച ഭാഗങ്ങളിൽ വേഗത്തിൽ അവശിഷ്ടങ്ങൾ റോഡിൽ നിന്നു നീക്കാനും റോഡ് ടാറിങ് പൂർത്തിയാക്കാനും നിർദേശം നൽകി. ഗതാഗതം ക്രമീകരിക്കാൻ 25 പൊലീസ് ഉദ്യോഗസ്ഥരെയും നിർമാണക്കമ്പനിയുടെ 86 മാർഷൽമാരെയും നിയോഗിച്ചിട്ടുണ്ട്.
ഇവർ കൃത്യമായി ജോലി ചെയ്യുന്നുണ്ടോ എന്ന് ഉറപ്പുവരുത്തും. മോട്ടർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ മേഖലയിൽ നൈറ്റ് ട്രാഫിക് ഓഡിറ്റ് നടത്തും.
ദേശീയപാതയിലെ അപകട മേഖലകളിൽ 25ന് അകം ട്രാഫിക് ഓഡിറ്റ് നടത്താൻ മോട്ടർ വാഹന വകുപ്പിനെ ചുമതലപ്പെടുത്തി.
റിപ്പോർട്ട് നടപ്പാക്കണം
സുഗമമായ ഗതാഗതം ഉറപ്പാക്കാൻ മോട്ടർ വാഹന വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്നും ഗതാഗതം നിയന്ത്രിക്കുന്ന മാർഷലുകളുടെ വിന്യാസമടങ്ങിയ ഒരാഴ്ചത്തെ ഷെഡ്യൂൾ പൊലീസിനു കൈമാറണമെന്നും കലക്ടർ നിർദേശിച്ചു.
ഉയരപ്പാത നിർമാണ മേഖലയിലെ അപകടസാധ്യത സംബന്ധിച്ചു മേയിൽ വകുപ്പ് സമർപ്പിച്ച റിപ്പോർട്ട് നടപ്പാക്കിയിരുന്നില്ല.
ഇനി 168 ഗർഡർ കൂടി
ഉയരപ്പാതയിൽ ആകെയുള്ള 379 ബേയിൽ 313 ഇടത്തെ പണികൾ പൂർത്തീകരിച്ചതായും ബാക്കി 66 ബേകളുടെയും 168 ഗർഡറുകളുടെയും ജോലി ഡിസംബറിൽ പൂർത്തിയാക്കുമെന്നും ദേശീയപാത അധികൃതർ പറഞ്ഞു. ദേശീയപാതയിൽ 19 സ്ഥലത്തുള്ള കയ്യേറ്റങ്ങൾ തിട്ടപ്പെടുത്തുന്നതിനു സർവേ ടീമിനെ നിയോഗിക്കും.
യോഗ തീരുമാനങ്ങളും നിർദേശങ്ങളും നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ പരിശോധന തുടരുമെന്നും കലക്ടർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

