ചാരുംമൂട്∙ നൂറുകണക്കിന് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കപ്പെടുത്തി സ്കൂൾ കോംപൗണ്ടിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോമറും വേണ്ടത്ര സുരക്ഷ പാലിക്കാത്ത ഫ്യൂസ് യൂണിറ്റും. ചുനക്കര ഗവ.
വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ കോംപൗണ്ടിലാണ് അപകടകരമായ രീതിയിലുള്ള ട്രാൻസ്ഫോമർ. കഴിഞ്ഞ വർഷം സ്കൂളിലെ ഒരു വിദ്യാർഥിക്ക് ഈ ട്രാൻസ്ഫോമറിൽ നിന്നു വൈദ്യുതാഘാതം ഏറ്റെങ്കിലും അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
എന്നിട്ടും ഇതു മാറ്റിസ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല.
ട്രാൻസ്ഫോമർ സ്കൂൾ കോംപൗണ്ടിൽ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന് വർഷങ്ങളായുള്ള ആവശ്യമാണ്. ഇതിനായി നിരവധി തവണ പരാതി നൽകിയിട്ടും ഇതു മാറ്റുന്നതിനോ സുരക്ഷിതമാക്കുന്നതിനോ ഉള്ള നടപടികൾ ഉണ്ടായിട്ടില്ല.
ട്രാൻസ്ഫോമറിനു സമീപത്തുള്ള ഭിത്തിയിൽ സ്ഥാപിച്ചിട്ടുള്ള ഫ്യൂസ് യൂണിറ്റുകൾ തുറന്നിട്ടിരിക്കുകയാണ്. ഒൻപതോളം ഫ്യൂസ് യൂണിറ്റുകൾ ട്രാൻസ്ഫോമറിന്റെ പിന്നിലായി സ്ഥാപിച്ചിട്ടുണ്ട്.
ഇതിലേക്കു കൊടുത്തിരിക്കുന്ന വൈദ്യുതി ലൈനുകളും സുരക്ഷിതമല്ലാത്ത രീതിയിലാണ്.
വിദ്യാർഥികൾ ഈ ട്രാൻസ്ഫോമറിന് സമീപത്തുകൂടിയാണ് പോകുന്നത്. ഇതിനോട് ചേർന്ന റോഡിൽ കൂടി രാപകൽ പൊതുജനങ്ങളും സഞ്ചരിക്കുന്നതാണ്.
ചുനക്കര എച്ച്എസ് ട്രാൻസ്ഫോമർ എന്ന ഒരു ബോർഡ് മാത്രമാണ് മുൻകരുതലായി സ്ഥാപിച്ചിട്ടുള്ളത്. ഇതിന് സമീപത്തായി സ്കൂൾ ലൈബ്രറിയുടെ ഭിത്തിയിൽ സ്ഥാപിച്ചിട്ടുള്ള ഫ്യൂസ് യൂണിറ്റുകളും അപകടകരമായ രീതിയിൽ തുറന്നു കിടക്കുകയാണ്.
വിദ്യാർഥികളുടെ കയ്യെത്തും ഉയരത്തിലാണ് ഇതു സ്ഥാപിച്ചിട്ടുള്ളത്. സ്കൂൾ പിടിഎയും മറ്റ് അധികൃതരും വർഷങ്ങളായി കെഎസ്ഇബി അധികൃതരുമായി ബന്ധപ്പെടുകയും ട്രാൻസ്ഫോമർ സ്കൂൾ കോംപൗണ്ടിൽ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്ന് അധ്യാപകർ പറയുന്നു.
അടർന്നു വീഴുന്ന സർജിക്കൽ വാർഡ് കെട്ടിടം അപകട ഭീഷണിയാകുന്നു
ഹരിപ്പാട് ∙ അപകട
ഭീഷണിയായി മാറിയ താലൂക്ക് ആശുപത്രി സർജിക്കൽ വാർഡ് കെട്ടിടം പൊളിച്ചു നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. കെട്ടിടത്തിന്റെ മേൽക്കൂരയുടെ കോൺക്രീറ്റ് പാളികൾ അടർന്നു വീണുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ഏപ്രിൽ 20നാണ് വാർഡ് അടച്ച് രോഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റിയതെങ്കിലും അപകട ഭീഷണിയായി നിൽക്കുന്ന കെട്ടിടം പൊളിച്ചു മാറ്റുന്നതിന് നടപടി സ്വീകരിച്ചിട്ടില്ല. 1958ൽ അന്നത്തെ ആരോഗ്യ മന്ത്രി ഡോ.
എ.ആർ. മേനോൻ ആണ് സർജിക്കൽ വാർഡ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.
പിന്നീട് പലതവണ അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗിക്കുകയായിരുന്നു.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ആശുപത്രിയുടെ മുന്നിൽ മേൽപാലത്തിനു വേണ്ടി പൈലിങ് നടത്തിയതിനെ തുടർന്നാണ് കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ കൂടുതലായി അടർന്നു വീഴാൻ തുടങ്ങിയത്. കോൺക്രീറ്റ് പാളികൾ അടർന്നു വീണ് കമ്പികൾ തെളിഞ്ഞ് ശുചിമുറികളുടെ മേൽഭാഗം ഏതു സമയത്തും താഴെ വീഴാവുന്ന സ്ഥിതിയിലാണ്.
മഴ പെയ്ത് കെട്ടിടത്തിന്റെ ഭിത്തികൾ കുതിർന്ന നിലയിലാണ്.
കെട്ടിടത്തിനുള്ളിൽ ആരും പ്രവേശിക്കാതിരിക്കാൻ പൂട്ടിയിരിക്കുകയാണ്. സുരക്ഷാ ജീവനക്കാരനെയും നിയോഗിച്ചിട്ടുണ്ട്.
താലൂക്ക് ആശുപത്രിയിലെ ആദ്യത്തെ ഇരുനില കെട്ടിടമാണിത്. സർജിക്കൽ വാർഡ് കെട്ടിടത്തിന്റെ പ്രശ്നങ്ങൾ കാണിച്ച് ആശുപത്രി സൂപ്രണ്ട് 2 തവണ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിന് കത്ത് നൽകി. എന്നാൽ പൊതുമരാമത്ത് വകുപ്പ് അധികൃതർ പരിശോധിച്ച് കെട്ടിടത്തിന്റെ ജീർണ സ്ഥിതി മനസ്സിലാക്കി റിപ്പോർട്ട് നൽകിയിട്ടില്ല.
പൊതുമരാമത്ത് വകുപ്പ് കെട്ടിടം ഉപയോഗ യോഗ്യമല്ലെന്നു റിപ്പോർട്ട് നൽകിയാൽ മാത്രമേ പൊളിച്ചു മാറ്റാൻ കഴിയൂ. ആശുപത്രി സൂപ്രണ്ട് ഇതു സൂചിപ്പിച്ചു കഴിഞ്ഞ ദിവസം സർക്കാരിലേക്കും കത്ത് നൽകിയിട്ടുണ്ട്.
നഗരസഭയുടെ എൻജിനീയറിങ് വിഭാഗം കെട്ടിടം പരിശോധിച്ച് ജീർണാവസ്ഥ ബോധ്യപ്പെട്ടിരുന്നതായി നഗരസഭാ ചെയർമാൻ കെ.കെ.രാമകൃഷ്ണൻ പറഞ്ഞു.
സീലിങ് അടർന്നു വീണു; അപകടം ഒഴിവായത് ഭാഗ്യത്തിന്
അമ്പലപ്പുഴ ∙ പുറക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഫാർമസി വിഭാഗത്തിലെ സീലിങ് അടർന്നു വീണു. രോഗികളും ജീവനക്കാരും സമീപത്ത് ഇല്ലാതിരുന്നതിനാൽ അപകടം ഉണ്ടായില്ല.
ഇന്നലെ രാവിലെ 9ന് ആണ് സീലിങ്ങിന്റെ ഭാഗം നിലം പൊത്തിയത്. പ്രധാന കെട്ടിടത്തിലാണ് ഫാർമസി പ്രവർത്തിക്കുന്നത്.
5 വർഷം മുൻപ് നിർമിച്ച കെട്ടിടമാണിത്. സീലിങ്ങിനോടു ചേർന്ന ഭാഗത്തു മഴവെള്ളം വീഴുന്നതു പതിവാണ്. ഇതു പരിഹരിക്കാൻ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നു നടപടി ഉണ്ടായില്ല.
ഒപിക്ക് സമീപത്തെ കാത്തിരിപ്പു കേന്ദ്രത്തിനോടു ചേർന്ന സീലിങ്ങും മൂന്നു വർഷം മുൻപ് അടർന്നു വീണിരുന്നു.
ആ നേരത്തും രോഗികൾ ഇല്ലാതിരുന്നതിനാലാണ് അപകടം ഒഴിവായത്. ഒപി ദിവസം 200 മുതൽ 300 വരെ രോഗികൾ ചികിത്സ തേടി എത്തുന്ന ആശുപത്രിയാണിത്.
കെട്ടിടങ്ങളുടെ സീലിങ് സുരക്ഷിതമല്ലെന്ന് ആശുപത്രി അധികാരികൾ പുറക്കാട് പഞ്ചായത്തിനെ 3 വർഷം മുൻപ് അറിയിച്ചതാണെന്നു ജീവനക്കാർ പറയുന്നു. കെട്ടിടത്തിന്റെ സ്ഥിതി ബോധ്യപ്പെടുത്തിയിട്ടും എൻജിനീയർമാർ ആശുപത്രി സന്ദർശിച്ചില്ലെന്ന ആക്ഷേപവുമുണ്ട്.
സർക്കാരിന്റെ കായകൽപ് പുരസ്കാരം 3 തവണ കിട്ടിയ ആശുപത്രിയാണിത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]