കൊല്ലം ∙ പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയിൽ നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടനും ചാംപ്യൻസ് ബോട്ട് ലീഗിൽ (സിബിഎൽ) വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനും കിരീടം. ചുണ്ടൻ വള്ളങ്ങളുടെ ലീഗ് മത്സരമായ സിബിഎലിൽ ആറു ജില്ലകളിലായി നടത്തിയ 11 മത്സരങ്ങളിൽ 108 പോയിന്റ് നേടിയാണു വീയപുരം ചുണ്ടൻ ഓവറോൾ കിരീടം നേടിയത്.
പ്രസിഡന്റ്സ് ട്രോഫി മത്സരത്തിനു മുൻപു തന്നെ കിരീടം ഉറപ്പിച്ചിരുന്നു. ലീഗിലെ 11 മത്സരങ്ങളിൽ 9 ഇടത്തും വീയപുരത്തിനായിരുന്നു കിരീടം.
92 പോയിന്റുമായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപാടം ചുണ്ടൻ സിബിഎലിൽ രണ്ടാമതെത്തി. സിബിഎലിലെ അവസാന മത്സരമായ പ്രസിഡന്റ്സ് ട്രോഫി കിരീടം സ്വന്തമാക്കിയെങ്കിലും 86 പോയിന്റുമായി ലീഗിൽ നിരണം മൂന്നാമതാണ്.
യുവരാജാവ് വീയപുരം
ആലപ്പുഴ∙ വള്ളംകളിയുടെ പുതുതലമുറയിൽ സമാനതകളില്ലാത്ത യുവരാജാവ് വീയപുരം ചുണ്ടനാണെന്ന പ്രഖ്യാപനമായി സിബിഎൽ അഞ്ചാം സീസൺ.
2019ൽ നീരണഞ്ഞ ചുണ്ടൻ അതിനു ശേഷം കൂടുതൽ മത്സരങ്ങൾ വിജയിച്ച ചുണ്ടനാണ്. രണ്ടു സിബിഎൽ സീസണുകളിൽ ടൈറ്റിൽ വിജയിയായ ഏക ചുണ്ടനാണു വീയപുരം.
2023, 2025 വർഷങ്ങളിൽ. 2024ൽ രണ്ടാം സ്ഥാനവും നേടി.ചാംപ്യൻസ് ബോട്ട് ലീഗിൽ എല്ലാ സീസണിലുമായി ഇതുവരെ നടന്ന 53 മത്സരങ്ങളിൽ 20 എണ്ണത്തിലും വീരു വിജയിച്ചു.2023ൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കരുത്തിൽ 8 മത്സരങ്ങൾ, 2024ൽ വില്ലേജ് ബോട്ട് ക്ലബ് കൈനകരിക്ക് ഒപ്പം 3, 2025ൽ അതേ കൂട്ടുകെട്ടിൽ 9 മത്സരങ്ങളും വിജയിച്ചു.
മത്സരിച്ച 5 നെഹ്റു ട്രോഫി വള്ളംകളികളിൽ രണ്ടെണ്ണത്തിൽ വിജയിച്ചു, ഒരെണ്ണം മൈക്രോ സെക്കൻഡുകൾക്കു പിന്നിൽ രണ്ടാം സ്ഥാനവും.
സിബിഎലിലെ ആദ്യ മൂന്നു സീസണുകളിൽ നിന്നായി 19 വിജയങ്ങൾ നേടിയ നടുഭാഗമാണു വിജയക്കണക്കിൽ തൊട്ടുപിന്നിൽ. ഇത്തവണ വീരു നെഹ്റു ട്രോഫിയിൽ മുത്തമിടുമ്പോൾ ഇതേ നടുഭാഗമാണു രണ്ടാമതെത്തിയത് എന്നതൊരു കാവ്യനീതിയായി.
സിബിഎലിൽ ഒരു സീസണിൽ കൂടുതൽ വിജയങ്ങൾ നേടുന്ന രണ്ടാമത്തെ ചുണ്ടനെന്ന നേട്ടത്തിലും വീയപുരം മുത്തമിട്ടു. 2019ൽ സിബിഎൽ പ്രഥമ സീസണിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് നടുഭാഗം ചുണ്ടനിൽ 11 മത്സരങ്ങൾ വിജയിച്ചിരുന്നു.
ഇത്തവണ വിബിസിക്കരുത്തിൽ വീരു 9 മത്സരങ്ങളാണു വിജയിച്ചത്.
കരുത്തിന്റെ വിബിസി
ആലപ്പുഴ∙ വർഷങ്ങൾക്കു ശേഷം വള്ളംകളി മേഖലയിലേക്കു 2022ൽ മടങ്ങിയെത്തിയ വില്ലേജ് ബോട്ട് ക്ലബ് നാലാമത്തെ സീസണിൽ വിജയമെന്നതിന്റെ പര്യായമായി മാറുന്ന കാഴ്ചയാണു കണ്ടത്. 1986, 87 വർഷങ്ങളിൽ കാരിച്ചാൽ ചുണ്ടനിൽ നെഹ്റു ട്രോഫി നേടിയ വില്ലേജ് ബോട്ട് ക്ലബ് കൈനകരി 1988നു ശേഷം മത്സരരംഗത്തു നിന്നു പിന്മാറുകയായിരുന്നു. 2022ൽ കരക്കാരെ ഒത്തൊരുമിപ്പിച്ചു ക്ലബ് പുനരുജ്ജീവിപ്പിച്ചു.
2023ൽ നെഹ്റു ട്രോഫിയിൽ ആറാം സ്ഥാനം നേടി. 2024ൽ മൈക്രോ സെക്കൻഡുകൾക്കു രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
സിബിഎലിൽ ആറു മത്സരങ്ങളിൽ മൂന്നു മത്സരങ്ങൾ വിജയിച്ചെങ്കിലും ഒരു പോയിന്റ് വ്യത്യാസത്തിൽ ടൈറ്റിൽ കിരീടം നഷ്ടമായി. 2025ൽ നെഹ്റു ട്രോഫിയും സിബിഎലിലും വിബിസിയുടെ ഏകാധിപത്യമാണു കണ്ടത്.
അവസാന രണ്ടു മത്സരങ്ങളിൽ മാത്രമാണു വിജയം കൈവിട്ടത്.
കുതിച്ചെത്തി മേൽപാടം
ആലപ്പുഴ∙ സിബിഎലിലെ ആദ്യ നാലു സീസണുകളും വിജയിച്ച പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കരുത്തിൽ സിബിഎലിനെത്തിയപ്പോൾ പ്രതീക്ഷിച്ച വിജയങ്ങൾ നേടാനായില്ലെങ്കിലും മിക്ക മത്സരങ്ങളിലും വീരുവിനെ പിടിച്ചുകെട്ടുന്ന കുതിപ്പാണു മേൽപാടം ചുണ്ടൻ കാഴ്ചവച്ചത്. പുതിയ ചുണ്ടൻ വരവറിയിച്ച സീസണുമായി ഇത്.ഇവയ്ക്കൊപ്പം നടുഭാഗം ചുണ്ടനിലെത്തിയ പുന്നമട
ബോട്ട് ക്ലബ്, ഇമ്മാനുവൽ ബോട്ട് ക്ലബ്ബിന്റെ നടുവിലേപ്പറമ്പൻ ചുണ്ടൻ എന്നിവയും കണക്കുകൂട്ടലുകൾക്കും മേലെയുള്ള പ്രകടനമാണു കാഴ്ചവച്ചത്. മികച്ച പ്രകടനമെടുത്താൽ മുന്നേറാമെന്ന് ഈ ടീമുകൾ തെളിയിച്ചു. ഇതോടെ അടുത്ത വള്ളംകളി സീസണിനു ചൂടേറും.
അതിനുള്ള ചർച്ചകൾക്കും ചൂടുപിടിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

