ആലപ്പുഴ ∙ ‘തൊഴിലുറപ്പിനു പോയി കിട്ടിയ പൈസ കൂട്ടിവച്ചാണ് തോമസിന് ആദ്യ വെള്ള ഷർട്ട് വാങ്ങിയത്’. ഇതു പറയുമ്പോൾ ആലപ്പുഴ മണ്ഡലം നിയുക്ത എംഎൽഎ എ.ഡി.തോമസിന്റെ അമ്മ അക്കാമ്മയുടെ മുഖത്ത് അഭിമാനത്തിന്റെ പുഞ്ചിരി വിടർന്നു.
സ്കൂളിൽ പഠിക്കുന്ന സമയം മുതൽ തോമസ് വീട്ടിൽ വന്ന് ‘അമ്മേ… ഞാൻ കെഎസ്യുവിൽ ചേരും’ എന്ന് പറയുമായിരുന്നു. അപ്പോഴൊക്കെ ഞാൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.
പക്ഷേ നടന്നില്ല. അക്കാമ്മ ഓർക്കുന്നു.
തോമസ് രാഷ്ട്രീയത്തിൽ പോകുന്നതിനോട് വിയോജിപ്പായിരുന്നു അക്കാമ്മയ്ക്ക്.
എന്നാൽ ഇന്ന് ആലപ്പുഴയുടെ എംഎൽഎ ആയി കാണുമ്പോൾ ഏറ്റവും സന്തോഷിക്കുന്നതും അക്കാമ്മയാണ്. തൊഴിലുറപ്പിനും വല തയ്ക്കാനും പോയാണ് അക്കാമ്മ കുടുംബം നോക്കുന്നത്.
ഒപ്പം വീട്ടിലെ ജോലികളും ചെയ്യും. ഒരമ്മയെന്ന നിലയിൽ ഏറ്റവും വിഷമിച്ചത് തോമസിന് അടികൊണ്ടപ്പോഴാണ്.
ഒരിക്കൽ വീട്ടിൽ കയറിവന്ന് ഷർട്ടഴിച്ചപ്പോൾ പുറത്ത് പാടുകണ്ട് എന്റെ നെഞ്ചു തകർന്നു. അവന്റെ അപ്പൻ പോലും അവനെ അടിച്ചിട്ടില്ല.
ഇതു പറയുമ്പോൾ അക്കാമ്മയുടെ കണ്ണു നിറഞ്ഞു. അതുപോലെതന്നെ തലയ്ക്കടിയേറ്റ് ചോരയൊലിച്ചപ്പോഴും എന്റെ മനസ്സ് ഒരുപാട് വിഷമിച്ചു.
തോമസിന് എൽഎൽബി പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതും എന്നെ അലട്ടിയിരുന്നു.
അക്കാമ്മ പറഞ്ഞു. തോമസ് അധ്യാപകനാകണമെന്നായിരുന്നു അക്കാമ്മയുടെ ആഗ്രഹം.
തോമസ് അപ്പനോടൊപ്പം കടലിൽ പോകുന്നതായിരുന്നു അക്കാമ്മയ്ക്ക് ഏറ്റവും പേടി. വല തയ്ച്ചു കിട്ടുന്ന പൈസ കൂട്ടിവച്ച് വിശേഷ ദിവസങ്ങളിൽ മക്കൾക്ക് ഉടുപ്പു വാങ്ങും.
ഒരു തരത്തിലുള്ള നിർബന്ധവുമുള്ള ആളായിരുന്നില്ല തോമസ്; ഭക്ഷണകാര്യത്തിലോ, വസ്ത്രത്തിലോ, പൈസയുടെ കാര്യത്തിലോ ഒന്നും. നാടിനും നാട്ടുകാർക്കും വേണ്ടി പ്രവർത്തിക്കുന്ന, നല്ല മനസ്സുള്ള ഒരു എംഎൽഎയാവണം തോമസ് എന്നാണ് അക്കാമ്മയുടെ ആഗ്രഹം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

