ആലപ്പുഴ∙ നാടിന്റെ മുദ്ര പതിഞ്ഞ വാക്കുകൾ തേടി ഹോർത്തൂസ് പദയാത്രയിൽ ആലപ്പുഴ രേഖപ്പെടുത്തിയതു ദേശത്തിന്റെയും ഭാഷയുടെയും രുചിയുടെയും നാട്ടുമൊഴിച്ചന്തം. വാക്കിന്റെ ചാരുതയ്ക്കൊപ്പം ആട്ടവും പാട്ടവും തീർത്ത ആരവങ്ങളിലൂടെ ജില്ലയിൽ പദങ്ങളുടെ യാത്രയായ ഹോർത്തൂസ് ‘പദ’യാത്രയെത്തി.
ചേർത്തല സെന്റ് മൈക്കിൾസ് കോളജ്, ആലപ്പുഴ സെന്റ് ജോസഫ്സ് വിമൻസ് കോളജ്, മാവേലിക്കര ബിഷപ് മൂർ കോളജ് എന്നിവിടങ്ങളിൽ ഉത്സവാന്തരീക്ഷത്തിൽ വിദ്യാർഥികളും അധ്യാപകരും ചേർന്നു യാത്രയെ വരവേറ്റു.
കരപ്പുറം
ചേർത്തല സെന്റ് മൈക്കിൾസ് കോളജിൽ നിന്നാണു ജില്ലയിലെ പര്യടനം തുടങ്ങിയത്. പ്രിൻസിപ്പൽ ഡോ.സിന്ധു എസ്.നായർ ‘കരപ്പുറം’ എന്ന വാക്ക് ഹോർത്തൂസ് പുസ്തകത്തിൽ എഴുതിച്ചേർത്തു.
കടൽ പിൻവാങ്ങി കരയായി മാറിയ പുറക്കാട് മുതൽ അരൂർ വരെ വ്യാപിച്ചു കിടക്കുന്ന കരപ്പുറത്തിന്റെ ചരിത്രവും അവതരിപ്പിച്ചു. വിദ്യാർഥികളുടെ നൃത്തം, വയലിൻ വാദനം, സംഘഗാനം, അധ്യാപകരുടെ സംഘനൃത്തം എന്നിവ യാത്രയ്ക്കു മേളക്കൊഴുപ്പേകി. മാനേജർ ഫാ.ഡോ.സെലസ്റ്റിൻ പുത്തൻപുരയ്ക്കൽ, മലയാള വിഭാഗം അധ്യാപിക ആർ.രേഷ്മ തുടങ്ങിയവർ നേതൃത്വം നൽകി.
അണിയം
വള്ളംകളിയുടെ നാടായ ആലപ്പുഴയിലെ സെന്റ് ജോസഫ്സ് വിമൻസ് കോളജ് വള്ളവുമായി ബന്ധമുള്ള അണിയം എന്ന വാക്കാണ് ഹോർത്തൂസ് നാട്ടുഭാഷാ പദാവലിയിൽ രേഖപ്പെടുത്തിയത്. അധ്യാപകർ ഓരോ അക്ഷരമായി അവതരിപ്പിച്ചും വിദ്യാർഥികൾ ഫ്ലാഷ് മോബിലൂടെയും അനാവരണം ചെയ്ത വാക്ക് പ്രിൻസിപ്പൽ സിസ്റ്റർ എ.എ.ഉഷ ഹോർത്തൂസ് പുസ്തകത്തിൽ എഴുതി.
മലയാള മനോരമ കോഓർഡിനേറ്റിങ് എഡിറ്റർ വിനീത ഗോപി ഹോർത്തൂസിനു വേണ്ട് ആ വാക്ക് ഏറ്റുവാങ്ങി.
മലയാളം വകുപ്പ് മേധാവി ഡോ.പി.എസ്.ജ്യോതിലക്ഷ്മി അണിയത്തിന്റെ അർഥം വിശദീകരിച്ചു. പദയാത്ര എത്തുന്ന വിവരമറിഞ്ഞ് പ്രായത്തിന്റെയും രോഗത്തിന്റെയും അവശതകൾ മാറ്റിവച്ച് കോളജിലെത്തിയ റിട്ട.സ്കൂൾ പ്രിൻസിപ്പൽ ടോമി ഈപ്പൻ ‘ആർപ്പോ ഇർറോ ഇർറോ’ എന്നു പദാവലിയിൽ രേഖപ്പെടുത്തി. വഞ്ചിപ്പാട്ടും നൃത്തച്ചുവടകളും കവിതാലാപനവുമായി വിദ്യാർഥികൾ യാത്രയുടെ ആവേശത്തെ ആകാശത്തോളമുയർത്തി.
അസ്ത്രം
ഓണാട്ടുകരയുടെ സ്വന്തം കറിക്കൂട്ടായ ‘അസ്ത്രം’ എന്ന വാക്കാണ് മാവേലിക്കര ബിഷപ് മൂർ കോളജ് ഹോർത്തൂസ് പദാവലിയിലേക്കു സമ്മാനിച്ചത്.
അസ്ത്രം വിളമ്പും പോലെ വാക്ക് വാഴയിലയിൽ രേഖപ്പെടുത്തി പ്രിൻസിപ്പൽ ഡോ.രഞ്ജിത് മാത്യു ഏബ്രഹാം കൈമാറി. മലയാള വിഭാഗം അസി.പ്രഫസർ ഡോ.സജി സാമുവൽ നടത്തിയ പദാവതരണത്തിൽ ഓണാട്ടുകരയും കുംഭഭരണിയും കെട്ടുകാഴ്ചയും കുതിരമൂട്ടിൽ കഞ്ഞിയുമെല്ലാം നിറഞ്ഞു.
വിദ്യാർഥികളുടെ സംഘനൃത്തവും നാടൻപാട്ടുമെല്ലാം യാത്രയ്ക്ക് ഉത്സവഛായ പകർന്നു
ഹോർത്തൂസ് വേദിയിലെത്തും ഈ വാക്കുകൾ
കേരളത്തിലെ ഏറ്റവും വലിയ കലാസാഹിത്യോത്സവമായ ഹോർത്തൂസ് രണ്ടാം പതിപ്പിന്റെ ഭാഗമായാണു ഓരോ ജില്ലയിലെയും നാട്ടുശൈലികളും തനതുവാക്കുകളും വീണ്ടെടുക്കാനായി പദയാത്ര–പദങ്ങളുടെ യാത്ര– സംഘടിപ്പിക്കുന്നത്. യാത്രയിലൂടെ ശേഖരിക്കുന്ന വാക്കുപെരുമ കോർത്തിണക്കി ഹോർത്തൂസ് വേദിയിൽ എത്തിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

