വയനാട് ചൂരൽമലയിലെ ആദ്യ എംബിബിഎസ് ബിരുദധാരിയായ ഹർഷാന ഇന്ന് ഡോക്ടറായി മേപ്പാടിയിലെ വാടക വീട്ടിലേക്ക് മടങ്ങിയെത്തുന്നു. ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടും സർവ്വതും നഷ്ടപ്പെട്ടെങ്കിലും, നാടിന്റെ ഓമനപ്പുത്രിയായ ഹർഷാനയെ വലിയ സ്വീകരണത്തോടെയാണ് നാട്ടുകാർ വരവേൽക്കുന്നത്.
ചൂരൽമല വെള്ളാർമല സ്കൂളിൽ നിന്നു ഫുൾ എ പ്ലസോടെ പത്താം ക്ലാസ് വിജയിച്ച ഹർഷാനയെ അന്ന് നാട്ടിലെ സംഘടനകൾ സമ്മാനങ്ങൾ നൽകി ആദരിച്ചിരുന്നു. എംബിബിഎസ് പ്രവേശനം കിട്ടിയപ്പോഴും നാട് വൻ സ്വീകരണം ഒരുക്കിയിരുന്നുവെങ്കിലും പിന്നീട് നാട് മലവെള്ളത്തിൽ ഒലിച്ചുപോകുകയായിരുന്നു.
ദുരന്തം ഉണ്ടായ ദിവസം, അലിയാർ കുട്ടി, റഹീമ ദമ്പതികളുടെ ഇളയ മകളായ ഹർഷാന ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളജിലെ ഹോസ്റ്റലിൽ ആയിരുന്നു.
തോട്ടം തൊഴിലാളി ആയിരുന്ന റഹീമയും തുണിക്കട നടത്തിയിരുന്ന അലിയാർ കുട്ടിയും ബന്ധുവീട്ടിൽ ആയിരുന്നതിനാൽ അത്യാഹിതത്തിൽ നിന്നു രക്ഷപ്പെടുകയായിരുന്നു.
കിടപ്പാടവും വീടും ഹർഷാനയ്ക്ക് കിട്ടിയ സമ്മാനങ്ങളടക്കം വീട്ടിലുണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടതിന്റെ വേദന ഇപ്പോഴും ഹർഷാനയെ വേട്ടയാടുന്നുണ്ട്. താമസിച്ചിരുന്ന പാടിയോടു ചേർന്നുള്ള പുഴയുടെ സ്വഭാവം മാറിവരുന്നത് ശ്രദ്ധയിൽപെട്ട
റഹീമയും മൂത്ത മകൾ ആദിലയും കുഞ്ഞും മുൻകൂട്ടി ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. തുണിക്കട
അടച്ച് അലിയാർ കുട്ടിയും അവിടേക്ക് എത്തിച്ചേർന്നു. അടുത്ത ദിവസം പുലർച്ചെ ആർത്തലച്ച് എത്തിയ വെള്ളപ്പാച്ചിലിൽ അവരുടെ കിടപ്പാടം പൂർണ്ണമായും ഓർമയായി മാറി.
എങ്കിലും കൽപറ്റയിൽ സർക്കാർ നിർമിച്ചു നൽകുന്ന വീടുകളിൽ ഒന്ന് അലിയാർ കുട്ടിക്കും കുടുംബത്തിനും അനുവദിച്ചിട്ടുണ്ട്. മകളുടെ ബിരുദ സമർപ്പണ ചടങ്ങിൽ പങ്കെടുക്കാൻ അലിയാർ കുട്ടിയും റഹീമയും മെഡിക്കൽ കോളജിൽ എത്തിയിരുന്നു.
മകളെ പിജിക്ക് അയയ്ക്കണമെന്ന ആഗ്രഹവും അലിയാർ കുട്ടിയും റഹീമയും ഇതിനോടകം പങ്കുവെച്ചു കഴിഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടെങ്കിലും എല്ലാം നന്നായി നടക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഈ കുടുംബം മുന്നോട്ട് പോകുന്നത്.
എംഎസ്സി പഠനം പൂർത്തിയാക്കിയ സഹോദരി ആദില ഇപ്പോൾ സർക്കാർ ജോലിക്കായി പിഎസ്സി പരിശീലനത്തിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

