ആലപ്പുഴ ∙ പുനർനിർമിക്കാൻ ജില്ലാക്കോടതി പാലം പൊളിച്ചതു മുതൽ നഗരം നേരിടുന്ന യാത്രാദുരിതം ഇപ്പോൾ രൂക്ഷമായി. കനാലിന്റെ വടക്കേക്കരയിൽ വരുന്നവർ ബസ് സ്റ്റാൻഡ്, ജനറൽ ആശുപത്രി, മെഡിക്കൽ കോളജ് ആശുപത്രി, കലക്ടറേറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ പോകാൻ ഏറെ വിഷമിക്കുന്നു.
വൈഎംസിഎ, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, മുല്ലയ്ക്കൽ എന്നിവിടങ്ങളിൽ വരുന്നവർക്ക് വടക്കേക്കരയിൽ ജില്ലാക്കോടതി, താലൂക്ക് ഓഫിസ്, മിനി സിവിൽ സ്റ്റേഷൻ, ആർഡിഒ ഓഫിസ്, സ്കൂളുകൾ തുടങ്ങിയിടങ്ങളിലേക്കു പോകാനും ബുദ്ധിമുട്ടാണ്. എസ്ഡിവി ഗവ.
എൽപി സ്കൂളിനു സമീപം കനാൽക്കര വരെ നീളുന്ന ഇടവഴിയിൽ പുലർച്ചെ മുതൽ രാത്രി വരെ വാഹനത്തിരക്കാണ്.
പഴയ ഔട്ട് പോസ്റ്റിനു സമീപം കനാൽ മൂടി താൽക്കാലിക ബണ്ട് നിർമിക്കുകയും നഗര ചത്വരം വഴി ഇടുങ്ങിയ ഒരു വഴി നിർമിക്കുകയും ചെയ്തതല്ലാതെ പാലത്തിന്റെ പ്രാധാന്യം കണക്കിലെടുത്തു പകരം സംവിധാനം ഏർപ്പെടുത്താൻ അധികൃതർക്ക് ഇതുവരെയും കഴിഞ്ഞില്ല. ഗതാഗത പ്രശ്നങ്ങൾ സങ്കീർണമായതോടെ പ്രതിഷേധങ്ങൾ പല ഭാഗത്തുനിന്നും ഉയർന്നുവന്നിട്ടും നടപടിയില്ല.
ചിറപ്പും, കിടങ്ങാംപറമ്പ് ഉത്സവവും അടുത്തു വരുന്ന സാഹചര്യത്തിൽ വൈഎംസിഎ പാലത്തിനും പൊളിച്ചിട്ടിരിക്കുന്ന ജില്ലാക്കോടതി പാലത്തിനും മധ്യേ ഒരു താൽക്കാലിക ഗതാഗത സംവിധാനം വേണമെന്ന് വ്യാപാരികളും ക്ഷേത്രയോഗം ഭാരവാഹികളും റസിഡൻസ് അസോസിയേഷനുകളും ആവശ്യപ്പെട്ടെങ്കിലും അതും ചെവിക്കൊണ്ടില്ല.
വട്ടംചുറ്റി ജനങ്ങൾ
∙ രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെ മുഹമ്മ, തണ്ണീർമുക്കം വഴിയുള്ള കെഎസ്ആർടിസി ബസ് ഓപ്പറേറ്റ് ചെയ്യുന്നത് എസ്ഡിവി സ്കൂളിന് മുന്നിൽ നിന്നാണ്. ഇക്കാര്യം അറിയാവുന്നത് ദിവസവും യാത്ര ചെയ്യുന്നവർക്കു മാത്രം.
അത്യാവശ്യത്തിനു വരുന്ന യാത്രക്കാർ കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തി ഏറെനേരം ബസ് കാത്തു നിൽക്കുമ്പോഴാണ് വിവരം അന്വേഷിക്കുന്നതും അറിയുന്നതും. അവിടെനിന്നു നടന്നോ ഓട്ടോറിക്ഷയിലോ എസ്ഡിവി സ്കൂളിന് മുന്നിൽ എത്തണം. നഗരത്തിന്റെ തെക്കുഭാഗത്തുനിന്നു മണ്ണഞ്ചേരി മുഹമ്മ വൈക്കം ഭാഗത്തേക്ക് പോകുന്നവരുടെ സ്ഥിതിയും മറിച്ചല്ല.
താൽക്കാലിക വഴി വികസിപ്പിക്കണം
∙ വൈഎംസിഎ പാലത്തിനും പൊളിച്ചിട്ടിരിക്കുന്ന ജില്ലാക്കോടതി പാലത്തിനും മധ്യേ താൽക്കാലിക ഗതാഗത സംവിധാനം വേണമെന്ന ആവശ്യം അധികൃതർ ഇതുവരെയും അംഗീകരിച്ചിട്ടില്ല.
ആ സ്ഥിതിക്ക് ജനങ്ങളുടെ യാത്രാദുരിതം കണക്കിലെടുത്ത് നഗര ചത്വരം വഴി ഇപ്പോഴുള്ള താൽക്കാലിക വഴി വികസിപ്പിക്കേണ്ടതാണ്. ഇതുവഴി മെച്ചപ്പെട്ട യാത്രാസൗകര്യം ചെയ്യാമെന്ന് നേരത്തെ നഗരസഭ സമ്മതിച്ചിരുന്നതാണെങ്കിലും ചെയ്തില്ല.
പൊതുമരാമത്ത് വിഭാഗവും കയ്യൊഴിഞ്ഞു. പാലം നിർമാണ കമ്പനിയും ചെയ്യുന്ന മട്ടില്ല.
യാത്രാദുരിതം രൂക്ഷം
ബോട്ടിൽ മാതാ ബോട്ട് ജെട്ടിയിൽ വന്നിറങ്ങുന്ന കുട്ടനാട്ടുകാർ ആണ് ഏറെ വലയുന്നത്.
മുൻപ് ബോട്ട് ജെട്ടിയിൽ നിന്നുതന്നെ കുട്ടനാട്ടുകാർക്ക് നഗരത്തിൽ എവിടെയും പോകാൻ ബസ് കിട്ടുമായിരുന്നു. ഇപ്പോൾ ഏറെ ദൂരം നടന്നും ഓട്ടോറിക്ഷ പിടിച്ചും വേണം നഗരത്തിൽ ഓരോ ആവശ്യങ്ങൾക്കും പോകാൻ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

