പുതുപ്പള്ളി തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും അവിടെ വീണ്ടും എത്തുമെന്നും വെസ്റ്റിൻഡീസ് മുൻ ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ വ്യക്തമാക്കി. തിരുവനന്തപുരത്ത് കേരള ക്രിക്കറ്റ് ലീഗിന്റെ ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വേദിയിൽ ‘പുതുപ്പള്ളി’ എന്ന് ഉച്ചരിക്കാൻ ബുദ്ധിമുട്ടിയ ഗെയ്ലിന് സദസ്സിലിരുന്ന ചാണ്ടി ഉമ്മൻ എംഎൽഎ “പുതുപ്പള്ളി, പുതുപ്പള്ളി…” എന്ന് പറഞ്ഞു നൽകിയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കൗതുകമുണർത്തിയിരുന്നു. പുതുപ്പള്ളിയിൽ വീണ്ടും എത്തുമെന്ന് അറിയിച്ച ഗെയ്ലിനോട് താൻ കൊണ്ടുപോകാമെന്നും ചാണ്ടി ഉമ്മൻ ഉറപ്പുനൽകിയിരുന്നു.
കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിന്റെ സഹ ഉടമയും മെന്ററുമായ ക്രിസ് ഗെയ്ൽ, മത്സരങ്ങൾ നേരിൽ വീക്ഷിക്കുന്നതിനാണ് ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിയത്. തുടർന്ന് ഞായറാഴ്ച (30ന്) ഉച്ചയോടെ ഹെലികോപ്റ്റർ മാർഗം താരം കോട്ടയം പുതുപ്പള്ളിയിലേക്ക് എത്തുകയായിരുന്നു.
ഞായറാഴ്ച പുതുപ്പള്ളിയിലെത്തിയ ക്രിസ് ഗെയ്ൽ, സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി ആദരമർപ്പിച്ചു. ജോർജിയൻ പബ്ലിക് സ്കൂളിലെ സമ്മേളന നഗരിയിലേക്കുള്ള യാത്രയിൽ ചാണ്ടി ഉമ്മൻ എംഎൽഎയാണ് വാഹനം ഓടിച്ചത്.
സ്വീകരണത്തിന് ശേഷം പുതുപ്പള്ളി പള്ളിയിലേക്കായിരുന്നു യാത്ര. തുടർന്ന് പുതുപ്പള്ളിയുടെ കായിക രംഗത്തിന് പുതിയ പ്രതീക്ഷകൾ നൽകുന്ന നിർദിഷ്ട
രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഉദ്ദേശിക്കുന്ന മൈതാനവും താരം സന്ദർശിച്ചു. പ്രദേശത്തിന്റെ കായിക വികസന സാധ്യതകൾ വിലയിരുത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ഉച്ചകഴിഞ്ഞ് 2.10 ഓടെ ആർഐടി കോളജ് ഗ്രൗണ്ടിൽ നിന്ന് ഹെലികോപ്റ്ററിൽ താരം തിരുവനന്തപുരത്തേക്ക് തിരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

