വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ പുതുപ്പള്ളിയിൽ എത്തി. ട്വന്റി 20 മത്സരത്തെ അനുസ്മരിപ്പിക്കുന്ന ആവേശകരമായ സ്വീകരണമാണ് താരത്തിന് ലഭിച്ചത്.
നിശ്ചയിച്ച സമയത്തിൽനിന്ന് മണിക്കൂറുകൾ വൈകിയെങ്കിലും ക്ഷമയോടെ കാത്തുനിന്ന ആരാധകർ ഗെയ്ലിനെ നേരിട്ടുകണ്ടു, ചിത്രങ്ങളെടുത്തു. രാവിലെ 10ന് പാമ്പാടി ആർഐടി എൻജിനീയറിങ് കോളജ് മൈതാനിയിൽ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.
എന്നാൽ ഉപരാഷ്ട്രപതിയുടെ ഹെലികോപ്റ്റർ അതേസമയം കൊച്ചിയിൽനിന്ന് പത്തനംതിട്ടയിലേക്ക് പറക്കുന്നതിനാൽ അനുമതി വൈകി. 3 മണിക്കൂറോളം വൈകി ഉച്ചയ്ക്ക് 12.24നാണ് ഗെയ്ൽ സഞ്ചരിച്ച ഹെലികോപ്റ്റർ മൈതാനത്ത് ഇറങ്ങിയത്.
ചാണ്ടി ഉമ്മൻ എംഎൽഎയും കേരള ക്രിക്കറ്റ് ലീഗിൽ ഗെയ്ലിന് ഓഹരി പങ്കാളിത്തമുള്ള കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്ലബ് ഉടമ സുഭാഷ് ജോർജ് മാനുവൽ ഉൾപ്പെടെയുള്ളവർ ചേർന്ന് ഗെയ് ലിനെ സ്വീകരിച്ചു. റോഡ് മാർഗം പുതുപ്പള്ളിയിലെത്തിയ താരം, സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി.
ജോർജിയൻ പബ്ലിക് സ്കൂളിലെ സമ്മേളന നഗരിയിലേക്ക് പ്രത്യേക വാഹനത്തിലായിരുന്നു യാത്ര. ചാണ്ടി ഉമ്മൻ എംഎൽഎയാണ് വാഹനം ഓടിച്ചത്.
പുതുപ്പള്ളി കവലയിൽ ആരംഭിച്ച സാംസ്കാരിക ഘോഷയാത്രയോടെയാണ് സ്വീകരണ പരിപാടികൾക്ക് തുടക്കമായത്. കളരിപ്പയറ്റ്, തെയ്യം, പുലികളി, കഥകളി, കുംഭകുടം തുടങ്ങിയ കലാരൂപങ്ങൾ ഘോഷയാത്രയിൽ അണിനിരന്നു.
ഉച്ചയ്ക്ക് 12.59ന് ഗെയ്ലിന്റെ വാഹനവ്യൂഹം ജോർജിയൻ പബ്ലിക് സ്കൂൾ മൈതാനത്തെത്തി. ക്രിക്കറ്റ്പ്രേമികളുടെ വൻ ആവേശം കാരണം ഗെയ്ലിനെ വേദിയിലെത്തിക്കാൻ സംഘാടകർ ഏറെ പണിപെട്ടു.
തുടർന്ന് വെന്നിമലയിൽ ആരംഭിക്കുന്ന പുതുപ്പള്ളി കൾചറൽ ഹെറിറ്റേജ് സെന്ററിന്റെ ലോഗോയും ഉമ്മൻ ചാണ്ടി ഫൗണ്ടേഷനും അൽവോസ്റ്റാ ഗ്രൂപ്പും ചേർന്ന് നടത്തുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ ജഴ്സിയും ക്രിസ് ഗെയ്ൽ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെയ്ജി പാലയ്ക്കലോടി, പഞ്ചായത്ത് പ്രസിഡന്റ് സാബു പുതുപ്പറമ്പിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് വെന്നിമല ശ്രീരാമലക്ഷ്മണ സ്വാമി ക്ഷേത്രത്തിലെത്തിയ താരത്തെ തിലകക്കുറി അണിയിച്ച് സ്വീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

