കോഴിക്കോട്: നിപ പ്രതിരോധ മരുന്നുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദത്തിൽ ആരോഗ്യവകുപ്പിന് തിരിച്ചടിയായി കോഴിക്കോട് മിംസ് ആശുപത്രിയിലെ ഡോക്ടർ അനൂപ് കുമാർ രംഗത്ത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ ബാധിച്ച് മരണമടഞ്ഞ ആർക്കും റെംഡിസിവിർ മരുന്ന് നൽകിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കാലാവധി കഴിഞ്ഞ മരുന്നുകൾ രോഗികൾക്ക് നൽകിയെന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ പ്രധാന ആരോപണം. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഈ നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
നിപ ബാധയെ തുടർന്ന് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ജീവൻ നഷ്ടപ്പെട്ട ആറുപേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് റെംഡെസിവിർ മരുന്ന് സ്വീകരിക്കാത്തവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
2023 മുതൽ 2025 വരെയുള്ള കാലയളവിൽ ആകെ 13 പേർക്കാണ് നിപ ബാധ സ്ഥിരീകരിച്ചത്. ഇതിൽ 6 പേർ മരണപ്പെടുകയും 7 പേർ രോഗമുക്തി നേടുകയും ചെയ്തു.
എന്നാൽ, മരണപ്പെട്ട ഒരു വ്യക്തിപോലും മെഡിക്കൽ കോളേജിൽ നിന്ന് ഈ മരുന്ന് വാങ്ങിയിട്ടില്ലെന്നതാണ് വസ്തുത.
2019-ന് ശേഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട നിപ കേസുകളിൽ ഫലപ്രദമായി ഉപയോഗിക്കുന്ന ഔഷധമാണ് റെംഡിസിവിർ എന്ന് അദ്ദേഹം വിശദീകരിച്ചു.
എന്നാൽ രോഗനിർണയം വൈകിയവർക്കും, രോഗബാധ സ്ഥിരീകരിച്ചയുടൻ മരണപ്പെട്ടവർക്കും ഈ ഔഷധം നൽകാൻ സാധിച്ചിരുന്നില്ല. ഇത്തരം ദൗർഭാഗ്യകരമായ മരണങ്ങളും ഈ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയും തമ്മിൽ യാതൊരുവിധ ബന്ധവുമില്ല.
2022-ലാണ് ഈ മരുന്ന് അവസാനമായി നിർമ്മിക്കപ്പെട്ടത്. രണ്ട് വർഷമാണ് ഇതിന്റെ കാലാവധി.
2024-ന് ശേഷം രോഗബാധിതരായി എത്തിയവർക്ക് ഏത് തരം മരുന്നാണ് നൽകിയതെന്ന് തനിക്ക് വ്യക്തതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

