സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ എൽ.ടി സരിത കുമാരി അറിയിച്ചു. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ മലിനജലവുമായി സമ്പർക്കത്തിൽ വരുന്ന മുഴുവൻ ആളുകളും കൃത്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതാണ്.
മലിനജലത്തിലൂടെ നടക്കേണ്ടി വരുന്നവർ, തൊഴിലിന്റെ ഭാഗമായി ജലസമ്പർക്കമുണ്ടാകുന്നവർ, ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നവർ എന്നിവർ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം പ്രതിരോധ ഗുളികയായ ‘ഡോക്സിസൈക്ലിൻ’ കഴിക്കേണ്ടതാണ്. ഈ പ്രതിരോധ ഗുളികകൾ എല്ലാ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്.
മലിനജലവുമായുള്ള സമ്പർക്കത്തിലൂടെ ശരീരത്തിലെ കൈകാലുകളിലെ മുറിവുകൾ വഴിയാണ് പ്രധാനമായും രോഗാണുക്കൾ പ്രവേശിക്കുന്നത്. അതിനാൽ ശരീരത്തിൽ മുറിവുകളോ വിണ്ടുകീറലുകളോ ഉള്ളവർ വെള്ളക്കെട്ടുകളിലും അശുദ്ധമായ മണ്ണിലും ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം.
കന്നുകാലികളെ കുളിപ്പിക്കുന്ന കുളം, തോട് തുടങ്ങിയ സ്ഥലങ്ങളിൽ ഇറങ്ങുന്നവരും പ്രത്യേക കരുതൽ എടുക്കേണ്ടതാണ്. തൊഴിലിന്റെ ഭാഗമായി ഇറങ്ങുമ്പോൾ കയ്യുറ, കാലുറ തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുക.
വീടുകൾക്ക് പുറത്തും പൊതുസ്ഥലങ്ങളിലും ഭക്ഷണാവശിഷ്ടങ്ങൾ കൂട്ടിയിടാതിരിക്കുക വഴി എലികളുടെ പെരുപ്പം തടയാൻ സാധിക്കും. ശരീരത്തിൽ പനി, തലവേദന, അത്യധികമായ ക്ഷീണം, പേശികളിൽ കഠിനമായ വേദന, പനിക്കൊപ്പം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ എന്നിവ അനുഭവപ്പെടുകയാണെങ്കിൽ എലിപ്പനിയാണെന്ന് സംശയിക്കുകയും ഉടൻ തന്നെ വൈദ്യസഹായം തേടുകയും വേണം.
ചികിത്സ തേടിയെത്തുമ്പോൾ രോഗി ഡോക്ടറോട് തന്റെ തൊഴിൽ പശ്ചാത്തലത്തെക്കുറിച്ചും മലിനജലവുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും വ്യക്തമാക്കണം. രോഗം പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി ചികിത്സ ലഭ്യമാക്കുന്നത് വേഗത്തിലുള്ള രോഗമുക്തിക്കും സങ്കീർണ്ണതകൾ ഒഴിവാക്കുന്നതിനും ഏറെ സഹായകരമാണെന്നും ഡി.എം.ഒ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

