അമരാവതി ∙ കനത്ത കാറ്റും മഴയുമായി അർണാബ് ചുഴലിക്കാറ്റ് കരയിലേക്ക് അടുക്കുന്ന പശ്ചാത്തലത്തിൽ ആന്ധ്രപ്രദേശിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ഇതിനോടകം ഏകദേശം ഒരു ലക്ഷത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനപ്രകാരം, ആന്ധ്രയിലെ ബാപ്പറ്റ്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിൽ യാനം തീരത്താണ് ചുഴലിക്കാറ്റ് കരതൊടുന്നത്. മണിക്കൂറിൽ 125 മുതൽ 150 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധ്യതയുള്ള അതിശക്തമായ കാറ്റിനും വ്യാപക മഴയ്ക്കും സാധ്യതയുള്ളതിനാൽ പ്രദേശത്ത് റെഡ് അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
മുൻകരുതലിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. കൂടാതെ, കടലിൽ പോകുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് പൂർണമായ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് സംഘങ്ങളെയും തീരദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. യാത്രാട്രാഫിക്കിനെ സാരമായി ബാധിച്ചുകൊണ്ട് നിരവധി സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.
തീരദേശ ആന്ധ്ര, ഒഡീഷ, തെലങ്കാന സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന 72 ട്രെയ്ൻ സർവീസുകളാണ് ദക്ഷിണ മധ്യ റെയിൽവേയും ഈസ്റ്റ് കോസ്റ്റ് റെയിൽവേയും ചേർന്ന് ഒക്ടോബർ 27, 28 തീയതികളിൽ പൂർണമായോ ഭാഗികമായോ റദ്ദാക്കിയത്. സെക്കന്തരാബാദ്-ഹൗറ ഫലക്നുമ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഹൈദരാബാദ്-വിശാഖപട്ടണം ഗോദാവരി എക്സ്പ്രസ്, സെക്കന്തരാബാദ്-ഭുവനേശ്വർ വിശാഖ എക്സ്പ്രസ്, സെക്കന്തരാബാദ്-വിശാഖപട്ടണം ഗരീബ് രഥ്, ലിംഗമ്പള്ളി-കാക്കിനാഡ ഗൗതമി എക്സ്പ്രസ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
മിക്ക പാസഞ്ചർ ട്രെയിനുകളുടെയും സർവീസുകൾ തടസ്സപ്പെട്ടിട്ടുണ്ട്. പ്രധാന വിമാനത്താവളങ്ങളായ വിശാഖപട്ടണം (ഭോഗാപുരം), വിജയവാഡ (ഗണ്ണാവരം) എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളെയും ചുഴലിക്കാറ്റ് ഗുരുതരമായി ബാധിച്ചു.
ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു, കൊൽക്കത്ത, ചെന്നൈ, തിരുപ്പതി തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്കുള്ള 32 ഓളം വിമാന സർവീസുകളാണ് കഴിഞ്ഞ ദിവസം റദ്ദാക്കിയത്. ഇൻഡിഗോ എയർലൈൻസ് ഒക്ടോബർ 28 ലെ തങ്ങളുടെ മുഴുവൻ വിജയവാഡ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
ഇതിനുപുറമേ, എയർ ഇന്ത്യയുടെ ഡൽഹി സർവീസും ഫ്ലൈ91 ന്റെ ഹൈദരാബാദ് സർവീസുകളും റദ്ദാക്കിയവയിൽ പെടുന്നു. യാത്രക്കാർക്കായി എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ പ്രത്യേക യാത്രാ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് കൃത്യമായി പരിശോധിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

