കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ പതിനേഴുകാരന്റെ പിതാവായ ജഡ്ജിയുടെ ഫ്ലാറ്റിൽ നടത്തിവന്ന പരിശോധനകൾ പൂർത്തിയായി. ഇന്നലെ രാത്രി ആരംഭിച്ച റെയ്ഡ് ഇന്ന് പുലർച്ചെ നാല് മണി വരെ നീണ്ടുനിന്നു.
ഏകദേശം ഏഴ് മണിക്കൂറോളം നീണ്ടുനിന്ന കനത്ത പരിശോധനയിൽ ഒരു ആഡംബര ബൈക്കും നിർണായകമായ ഡിജിറ്റൽ തെളിവുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അപകടത്തിൽ മരണപ്പെട്ട
ജയബാലകൃഷ്ണന്റെ കുടുംബം ഇന്ന് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ജഡ്ജിക്കെതിരെ കൂടുതൽ കർശന നടപടികൾ സ്വീകരിക്കണമെന്നും, പ്രായപൂർത്തിയാകാത്ത പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് കുടുംബം കോടതിയെ സമീപിക്കുന്നത്.
പൊലീസിനെതിരെ ശക്തമായ ജനരോഷവും വിമർശനങ്ങളും ഉയർന്ന പശ്ചാത്തലത്തിലാണ് ചേരാനല്ലൂർ പൊലീസ് ജഡ്ജിയായ പിതാവിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ച് അപകടമുണ്ടാക്കുമ്പോൾ രക്ഷിതാവിനെയോ വാഹന ഉടമയെയോ പ്രതിയാക്കുന്ന മോട്ടോർ വെഹിക്കിൾ ആക്ട് 199എ വകുപ്പാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതിയായ വിദ്യാർത്ഥി സ്ഥിരമായി കാറോടിക്കുന്നയാളാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അമിതവേഗതയിൽ വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ റീൽ ആയി പങ്കുവെക്കാനാണ് ഇവർ രാത്രി വൈകിയും വാഹനവുമായി പുറത്തിറങ്ങിയതെന്നും അന്വേഷണത്തിൽ വ്യക്തമായി.
അപകടത്തിന് തൊട്ടുമുമ്പ് പതിനേഴുകാരൻ 104 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിച്ചിരുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ജഡ്ജിയുടെ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് മഞ്ഞാലി സ്വദേശിയായ ജയബാലകൃഷ്ണൻ (55) ദാരുണമായി കൊല്ലപ്പെടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

