തലശ്ശേരി ആസ്ഥാനമാക്കി പുതിയൊരു ജില്ല യാഥാർത്ഥ്യമാക്കണമെന്ന ജനകീയ ആവശ്യം വീണ്ടും ശക്തമാകുന്നു. തലശ്ശേരി, ഇരിട്ടി, വടകര താലൂക്കുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങൾ ഉൾപ്പെടുത്തി പുതിയ ഭരണസംവിധാനം വേണമെന്നാണ് പ്രധാന ആവശ്യം.
തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, പേരാവൂർ, വടകര, നാദാപുരം, കുറ്റ്യാടി നിയമസഭാ മണ്ഡലങ്ങളും ധർമടം മണ്ഡലത്തിന്റെ ഒരു ഭാഗവും പുതിയ ജില്ലയുടെ കീഴിൽ ഉൾപ്പെടുത്തണമെന്നാണ് നിർദ്ദേശം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐഎംഎ) തലശ്ശേരി വികസനവേദിയും വർഷങ്ങളായി ഉന്നയിക്കുന്ന ഈ ആവശ്യത്തെ അനുകൂലിച്ച് യുഡിഎഫ് മണ്ഡലം കമ്മിറ്റിയും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.
മൂവാറ്റുപുഴ ജില്ല സംബന്ധിച്ച ചർച്ചകൾ സജീവമായതോടെ തലശ്ശേരി ജില്ലയെന്ന ആവശ്യവും ജനങ്ങളിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഡോ.സി.കെ.രാജീവ് നമ്പ്യാരും യുഡിഎഫ് നേതാക്കളും ചേർന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി സണ്ണി ജോസഫിന് നിവേദനം സമർപ്പിച്ചിരുന്നു.
മുഖ്യമന്ത്രിയുമായി ചർച്ച നടത്തി ഉചിതമായ തീരുമാനമെടുക്കാമെന്നാണ് മന്ത്രി ഇതിൽ നൽകിയ ഉറപ്പ്. നഗരത്തിന്റെ ചരിത്രപരമായ പശ്ചാത്തലവും വികസന സാധ്യതകളും നേരിട്ട് ബോധ്യപ്പെടുത്താനുള്ള തയാറെടുപ്പിലാണ് വിവിധ സംഘടനകൾ.
ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള പ്രദേശമാണ് തലശ്ശേരി. 250 വർഷത്തോളം ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിന്റെ സിരാകേന്ദ്രമായി പ്രവർത്തിച്ചിരുന്നത് ഇവിടെയായിരുന്നു.
കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, കുടക് പ്രദേശം എന്നിവ ഉൾപ്പെട്ടിരുന്ന പഴയ മലബാറിന്റെ ആസ്ഥാനവും ഇതുതന്നെയായിരുന്നു. കേരള രൂപീകരണഘട്ടത്തിൽ മലബാർ ജില്ലകളിൽ കോഴിക്കോടിനൊപ്പം ആദ്യം പരിഗണിക്കപ്പെട്ട
പേരും തലശ്ശേരി ആയിരുന്നുവെന്നത് ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. 1866 നവംബർ ഒന്നിന് കോഴിക്കോടിനും പാലക്കാടിനുമൊപ്പം സ്ഥാപിതമായ കേരളത്തിലെ ആദ്യ നഗരസഭകളിലൊന്നുമാണ് തലശ്ശേരി.
രാജ്യത്ത് ആദ്യമായി സാധാരണക്കാർ ക്രിക്കറ്റ് കളി തുടങ്ങിയതും ഇന്ത്യൻ സർക്കസിന്റെ വളർച്ചയ്ക്കു തുടക്കം കുറിച്ചതും ബേക്കറി സംസ്കാരവും കേരളത്തിലെ ആദ്യ ക്രിസ്മസ് കേക്ക് നിർമ്മാണവും ആരംഭിച്ചതും ഈ മണ്ണിലാണ്. ഭരണപരമായ സൗകര്യങ്ങളുടെ കാര്യത്തിലും ഈ പ്രദേശം ഏറെ മുന്നിലാണ്.
പൈതൃക പദവിയുള്ള സബ് കലക്ടേഴ്സ് ഓഫിസ്, ബംഗ്ലാവ്, ജനറൽ ആശുപത്രി, രാജ്യത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന കോടതി സമുച്ചയം, ലോകോത്തര നിലവാരത്തിലേക്കുയരുന്ന മലബാർ കാൻസർ സെന്റർ, അമ്മയും കുഞ്ഞും ആശുപത്രി, വിവിധ സഹകരണ-സ്വകാര്യ ആശുപത്രികൾ, ജില്ലാ റജിസ്ട്രാർ ഓഫിസ്, ചരിത്രപ്രസിദ്ധമായ ബ്രണ്ണൻ കോളജ്, 1857-ൽ സ്ഥാപിതമായ ബിഇഎംപി ഹൈസ്കൂൾ, 1887-ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച സേക്രട്ട് ഹാർട്ട് ഗേൾസ് സ്കൂൾ തുടങ്ങിയവ ഇവിടെ പ്രവർത്തിക്കുന്നു. കൂടാതെ എൻജിനീയറിങ് കോളജ്, ലോ കോളജ്, സർവകലാശാല കേന്ദ്രം, നഴ്സിങ് കോളജുകൾ, രാജ്യാന്തര നിലവാരമുള്ള സാങ്കേതിക സ്ഥാപനമായ എൻടിടിഎഫ്, മികച്ച റെയിൽ-റോഡ് ഗതാഗത സൗകര്യങ്ങൾ എന്നിവയെല്ലാം തലശ്ശേരിയെ ഒരു പുതിയ ജില്ലയുടെ ആസ്ഥാനമാക്കാൻ എല്ലാ അർത്ഥത്തിലും അർഹമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

