കാസർകോട് ∙ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും ജില്ലയുടെ പലയിടങ്ങളിലും വ്യാപകമായ നഷ്ടം. മരങ്ങൾ കടപുഴകി വൈദ്യുത കാലുകളിൽ വീണു വൈദ്യുതി ബന്ധം താറുമാറായി.
ശനിയാഴ്ച പുലർച്ചെ മുടങ്ങിയ വൈദ്യുതി ബന്ധം ഇന്നലെ രാത്രിയോടെയാണ് പലയിടങ്ങളിലും പുന:സ്ഥാപിച്ചത്. പെരുമ്പള, ബേനൂർ എന്നിവിടങ്ങളിൽ ഉൾപ്പെടെയാണ് വൈദ്യുതി മുടങ്ങിയത്.ഇന്നലെ രാവിലെയുണ്ടായ ശക്തമായ കാറ്റിൽ ചെമ്മനാട് ചളിയങ്കോട് പള്ളിപ്പുറം റോഡിനരികിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കൂറ്റൻ ആൽമരം കടപുഴകി റോഡിലേക്കു വീണു.
ഇതിനു സമീപത്ത് വീടുകളുണ്ടായിട്ടും റോഡിലേക്ക് വീണതിനാൽ ദുരന്തം ഒഴിവായി.വൈദ്യുതി കമ്പികൾ ഇതിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും മരം കമ്പികളിലേക്ക് വീഴാതിരുന്നതിനാൽ വലിയ അപകടം വഴിമാറി.
റോഡിൽ മരം വീണതിനെത്തുടർന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. സംഭവമറിഞ്ഞ് നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് കാസർകോട് നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ ചേർന്നു നാട്ടുകാരുടെ സഹായത്തോടെയാണ് മരം മുറിച്ചുമാറ്റിയത്.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സണ്ണി ഇമ്മാനുവലിന്റെ നേതൃത്വത്തിൽ കാസർകോടുനിന്നു 2 യൂണിറ്റ് വാഹനം എത്തിയാണ് മരം മുറിച്ചുമാറ്റി റോഡ് ഗതാഗത യോഗ്യമാക്കിയത്.സേനാംഗങ്ങളായ എം. രമേശ, ഒ.കെ.പ്രജിത്ത്, എസ്.സാദിഖ്, ജിത്തു തോമസ്, ടി.അമൽരാജ്, ഹോം ഗാർഡുമാരായ എ.രാജേന്ദ്രൻ, എം.കെ.ശൈലേഷ്, കെ.വി.ശ്രീജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.ചട്ടഞ്ചാൽ മണ്ണ്യത്ത് രാജന്റെ വീടിന്റെ മുകളിൽ മരം കടപുഴകി വീണു പൂർണമായി തകർന്നു.
സംഭവ സമയത്ത് വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. പരവനടുക്കം നെച്ചിപടുപ്പ് കൈന്താറിലെ നീതേഷിന്റെ വീടിനു മുകളിലും മരം കടപുഴകി വീണു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]