യുഎസ് ആസ്ഥാനമായുള്ള ഷോർട്ട്സെല്ലർമാരായ ഹിൻഡൻബർഗ് 2023-ൽ പുറത്തുവിട്ട ഗുരുതരമായ ആരോപണങ്ങളെ തുടർന്ന് നേരിട്ട
വലിയ തിരിച്ചടികളിൽ നിന്ന് അദാനി ഗ്രൂപ്പ് പൂർണ്ണമായും കരകയറുന്നു. 2023-ലെ ആരോപണങ്ങളെത്തുടർന്ന് ഗ്രൂപ്പ് കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിൽ നിന്ന് 15000 കോടി ഡോളർ അഥവാ ഏകദേശം 14 ലക്ഷം കോടി രൂപയുടെ ഇടിവാണ് അന്ന് രേഖപ്പെടുത്തിയത്.
എന്നാൽ, കഴിഞ്ഞ ദിവസത്തെ വ്യാപാരത്തിൽ അദാനി ഗ്രൂപ്പിന്റെ എല്ലാ കമ്പനികളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെ ഗ്രൂപ്പിന്റെ സംയോജിത വിപണിമൂല്യം 19 ലക്ഷം കോടി രൂപ മറികടന്നു.
2023 ജനുവരി 24-ന് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവരുന്നതിന് മുൻപ് കമ്പനികളുടെ ആകെ വിപണിമൂല്യം 19.19 ലക്ഷം കോടി രൂപയായിരുന്നു. നിലവിൽ ഇത് 19.73 ലക്ഷം കോടി രൂപയിലെത്തി നിൽക്കുന്നു.
വിദേശത്തെ കടലാസ് കമ്പനികൾ മുഖേന സ്വന്തം ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിലേക്ക് പണമൊഴുക്കിക്കൊണ്ട് ഓഹരിവില പെരുപ്പിച്ചെന്നും, ഈ ഓഹരികൾ ഈടുവച്ച് വായ്പ തരപ്പെടുത്തിയെന്നും തുടങ്ങിയ ആരോപണങ്ങളായിരുന്നു ഹിൻഡൻബർഗ് ഉയർത്തിയത്. അന്ന് ഇന്ത്യയിൽ വലിയ രാഷ്ട്രീയ കോളിളക്കങ്ങൾ സൃഷ്ടിച്ച ഈ വിഷയത്തിൽ, ആരോപണങ്ങൾ “അസംബന്ധമെന്നായിരുന്നു അദാനി ഗ്രൂപ്പ് പ്രതികരിച്ചത്.”
അദാനി പവറിന്റെ കുതിപ്പ്
ഐടി ഭീമനായ ഇൻഫോസിസിനെ വിപണി മൂല്യത്തിൽ പിന്നിലാക്കി അദാനി പവർ മുന്നേറി.
4,79,706.78 കോടി രൂപയാണ് നിലവിൽ അദാനി പവറിന്റെ വിപണിമൂല്യം. അതേസമയം ഇൻഫോസിസിന്റേത് 4,70,111.69 കോടി രൂപയുമാണ്.
രാജ്യത്തെ ഏറ്റവും വലിയ തെർമൽ പവർ നിർമാതാക്കളായ അദാനി പവർ, ഓഹരി വിപണിയിലെ മൂല്യത്തിൽ പതിനൊന്നാമത്തെ സ്ഥാനത്തേക്ക് ഉയർന്നു. ഈ വർഷം മാത്രം അദാനി പവറിന്റെ ഓഹരികളിൽ 72 ശതമാനം വളർച്ച രേഖപ്പെടുത്തി.
രാജ്യത്തെ വൈദ്യുതി ആവശ്യകതയിലെ വർധനവാണ് ഈ നേട്ടത്തിന് പിന്നിൽ. മറുഭാഗത്ത്, ഇൻഫോസിസിന്റെ ഓഹരിവിലയിൽ ഈ വർഷം 28 ശതമാനം ഇടിവാണ് ഉണ്ടായത്.
വിപണിയിലെ മറ്റ് മുന്നേറ്റങ്ങൾ
അദാനി ടോട്ടൽ ഗ്യാസ് (13.35%), എൻഡിടിവി (10.39%) എന്നിവ മികച്ച നേട്ടമുണ്ടാക്കി. അദാനി എനർജി സൊല്യൂഷൻസ് (5.28%), അംബുജ സിമന്റ്സ് (2.28%), അദാനി ഗ്രീൻ എനർജി (2.23%), അദാനി പവർ (1.72%), എസിസി (1.09%), അദാനി പോർട്സ് (0.74%), അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (0.11%) എന്നിവയും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
കൂടാതെ അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, അദാനി പവർ, അദാനി എനർജി, അദാനി ഗ്രീൻ, അദാനി ടോട്ടൽ ഗ്യാസ് എന്നീ ഓഹരികൾ വ്യാപാരത്തിനിടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തി. നിക്ഷേപകർ ശ്രദ്ധിക്കാൻ: ഈ ലേഖനം ഓഹരി, കടപ്പത്രം, മ്യൂച്വൽഫണ്ട്, ക്രിപ്റ്റോകറൻസി, ഐപിഒ, സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

