നീലേശ്വരം ∙ ഇടവ മാസത്തിൽ നീലേശ്വരം മന്നംപുറത്തു കാവിലെ കലശത്തോടെ അവസാനിച്ച തെയ്യം സീസൺ ഇന്നു പത്താമുദയത്തോടെ ആരംഭിക്കുകയാണ്. തുലാപ്പത്തായ ഇന്ന് തവാടുകളിലും, കഴകങ്ങളിലും, ക്ഷേത്രങ്ങളിലുമൊക്കെ പത്താമുദയത്തോടനുബന്ധിച്ച് പ്രത്യേക അടിയന്തിരവും മറ്റു പൂജകളുമൊക്കെ നടക്കും.
ഈ ചടങ്ങുകൾക്കു ശേഷം തുലാം 11ന് നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ടത്തോടെയാണ് ഇടവം മാസം വരെ നീണ്ടു നിൽക്കുന്ന അള്ളട സ്വരൂപത്തിനു കീഴിലെ തെയ്യക്കാലത്തിനു തുടക്കമാകുന്നത്. വെടിക്കെട്ട് അപകടത്തെ തുടർന്നു ഇത്തവണ വീരർകാവിൽ കളിയാട്ടമില്ല. ചില ക്ഷേത്രങ്ങളിൽ അടുത്ത കാലത്തായി പത്താമുദയത്തിലും തെയ്യങ്ങൾ അരങ്ങിലെത്തുന്നുണ്ട്.
പട്ടേന പട്ടേൻ ചാമുണ്ഡിക്കാവിൽ ഇന്ന് തെയ്യങ്ങൾ തിരുനർത്തനമാടും
രാത്രി 7ന് ദീപാരാധനയ്ക്കു ശേഷം ചാമുണ്ഡിയുടെ തോറ്റം പുറപ്പാട്. തുടർന്നു ബ്രാഹ്മണ മൂർത്തി, മേലെ ഗുരുനാഥൻ തെയ്യങ്ങളുടെ പുറപ്പാട്.
നാളെ രാവിലെ 11ന് പട്ടേൻചാമുണ്ഡി അമ്മയുടെ പുറപ്പാട്.
നീലേശ്വരത്തെ ബാബു അഞ്ഞൂറ്റാന്‍ ഇനി വിശ്രമമില്ലാത്ത നാളുകൾ
തുലാമാസം പിറന്നാൽ പിന്നെ നീലേശ്വരത്തെ ബാബു അഞ്ഞൂറ്റാന്‍ വിശ്രമമില്ലാത്ത നാളുകളാണ്. പണ്ടുകാലത്ത് മുരിക്ക് മരത്തിൽ മെഴുക് ഉപയോഗിച്ചു തകിടുകളും മറ്റു ചമയങ്ങളുമൊക്കെ ഉറപ്പിച്ചാണ് അണിയലങ്ങൾ ഒരുക്കിയിരുന്നത്.
ഇന്ന് ഇതൊക്കെ വാങ്ങാൻ കിട്ടുന്നതിനാൽ അധ്വാനം അൽപം കുറഞ്ഞിട്ടുണ്ട് എന്ന് അഞ്ഞൂറ്റാൻ പറഞ്ഞു.
വടക്കേ മലബാറിലെ മിക്ക കളിയാട്ടങ്ങളിലും പെരുങ്കളിയാട്ടങ്ങളിലും പ്രധാന ദേവതമാരുടെ തെയ്യക്കോലം അണിയുന്നത് ഇദ്ദേഹമാണ്. 12ാം വയസ്സിൽ അച്ഛൻ കൃഷ്ണൻ അഞ്ഞൂറ്റാൻ വഴി പാരമ്പര്യമായി കൈമാറിക്കിട്ടിയ ഈ നിയോഗം ഒരു ഉപാസനയെന്നോണം ആചാരപ്പെരുമ ഒട്ടും ചോരാതെ 63ാം വയസ്സിലും നിറവേറ്റുന്നുണ്ട് ഇദ്ദേഹം.
തെയ്യക്കോലം അണിയുന്നതിനു മുൻപ് മനസ്സും ശരീരവും അതിനായി പാകപ്പെടുത്തണം. ഉപാധികളില്ലാത്ത സ്വയം സമർപ്പണം തന്നെയാണത്.
പാരമ്പര്യത്തിന്റെ നൂലിൽ കോർത്തെടുത്ത മുത്തുകളാണ് ഓരോ തെയ്യക്കാരന്റെ ജീവിതവും.
ആ കണ്ണിയുടെ ഇങ്ങേയറ്റത്ത് ഇപ്പോൾ ബാബു അഞ്ഞൂറ്റാന്റെ മകൻ ആദിത്യനും ഉണ്ട്. ഇക്കഴിഞ്ഞ ഏപ്രിലിൽ ആദിത്യൻ പയ്യന്നൂർ മുന്നൂറ്റാനായി ആചാരം കൊണ്ടിരുന്നു.
1991ലാണ് ബാബു അഞ്ഞൂറ്റാൻ പയ്യന്നൂർ മുന്നൂറ്റാനായി ആചാരം കൊണ്ടത്.4 വർഷങ്ങൾക്കു ശേഷം 1995ൽ നീലേശ്വരം തമ്പുരാനിൽ നിന്നു അഞ്ഞൂറ്റാനായും ആചാരം കൊണ്ടു. മകൻ ആദിത്യനും അതേ പാതയിലാണ്. പുതിയ പ്രതീക്ഷകളുമായി തെയ്യങ്ങൾക്കു വേണ്ട
അണിയലങ്ങൾ ഒരുക്കുന്ന തിരക്കിലാണ് ഈ അച്ഛനും മകനും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

