പനമരം ∙ നിർമാണം ആരംഭിച്ചിട്ട് ഏഴു വർഷം പിന്നിട്ടിട്ടും ബീനാച്ചി – പനമരം റോഡ് പ്രവൃത്തികൾ പൂർത്തീകരിക്കപ്പെടാതെ യാത്രാ ദുരിതം തുടരുന്നു. കിഫ്ബി പദ്ധതിയുടെ ഭാഗമായി 2019-ൽ നിർമാണം ആരംഭിച്ച പാതയിൽ, പുഞ്ചവയൽ മുതൽ പനമരം ടൗൺ വരെയുള്ള ഏകദേശം 2.5 കിലോമീറ്റർ ഭാഗം മഴയെത്തുടർന്ന് പൂർണമായും ചെളിക്കുളമായി മാറിയിരിക്കുകയാണ്.
ഏഴു വർഷം മുൻപ് തുടങ്ങിയ റോഡ് നിർമാണം കഴിഞ്ഞ മാർച്ചിൽ പൂർത്തിയാക്കുമെന്നായിരുന്നു പൊതുമരാമത്തുവകുപ്പ് അധികൃതരുടെയും കരാറുകാരുടെയും വാഗ്ദാനം. എന്നാൽ ഈ ഉറപ്പുകൾ പാലിക്കപ്പെട്ടില്ല.
പ്രവൃത്തി വൈകിയതിനെ തുടർന്ന് ഇതിനുമുൻപും പലതവണ കരാർ കാലാവധി നീട്ടി നൽകിയിരുന്നു. മാത്തൂർ ഇറക്കം മുതൽ പനമരം ടൗൺ വരെയുള്ള ഭാഗത്ത് അടുത്തിടെ നിർമാണം പൂർത്തിയായ ചെറിയ പാലവും അപ്രോച്ച് റോഡും ഒഴികെയുള്ള ഭാഗങ്ങളെല്ലാം തകർന്ന് കിടക്കുകയാണ്.
റോഡിലെ വലിയ കുഴികൾ കാരണം രോഗികളുമായി വാഹനങ്ങൾക്ക് ആശുപത്രികളിലേക്ക് പോകാൻപോലും സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. റോഡ് തകർന്നു തരിപ്പണമായതോടെ വലിയ വാഹനങ്ങളുടെ അടിഭാഗം ഇടിക്കുന്നതും ഇരുചക്രവാഹനങ്ങൾ തെന്നിമാറി അപകടങ്ങളിൽപെടുന്നതും നിത്യസംഭവമായി മാറിയിട്ടുണ്ട്.
നിർമാണപ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും, കരാറുകാരൻ ആവശ്യത്തിന് യന്ത്രസാമഗ്രികളോ തൊഴിലാളികളെയോ രംഗത്തിറക്കാൻ തയ്യാറായിട്ടില്ല. പൊളിച്ചിട്ട
ഭാഗങ്ങളിൽ വർധിച്ചുവരുന്ന അപകട സാധ്യത
മഴക്കാലമായതോടെ റോഡ് പൊളിച്ചിട്ട
ഭാഗങ്ങളിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ഇത് അപകടസാധ്യത ഇരട്ടിയാക്കിയിട്ടും അധികൃതർ മൗനം പാലിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.
പുഞ്ചവയൽ ഇറക്കത്തിൽനിന്ന് വരുന്ന വലിയ വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നതിനിടയിൽ ഇരുചക്രവാഹനങ്ങൾ ചെളിനിറഞ്ഞ കുഴികളിൽ വീഴുന്നത് പതിവാണ്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ഇതുവഴി സഞ്ചരിക്കുന്ന വാഹനങ്ങളാണ് അധികവും അപകടങ്ങളിൽപെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

