നീണ്ടകര അഴിമുഖത്തിന് സമീപം കടലിൽ വള്ളം തിരയിൽപെട്ടു മറിഞ്ഞ ദുരന്തത്തിന്റെ നടുക്കത്തിലാണ് കൊല്ലം ചവറയിലെ പൂമുഖത്ത് വീട്. ഒരുമിച്ചിരുന്ന് ഓണം ഉണ്ണാൻ കുടുംബാംഗങ്ങൾ ഇല്ലാതായതോടെ ഇത്തവണ ഈ വീട്ടിൽ തിരുവോണം ആഘോഷങ്ങളില്ല.
കഴിഞ്ഞ ജൂലൈ 31ന് രാവിലെയാണ് 14 പേരുമായി പോയ വള്ളം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ രേഷ്മയുടെ ഭർത്താവ് രാധാകൃഷ്ണൻ, അച്ഛൻ യു.രാജീവൻ എന്നിവർ മരണപ്പെടുകയും, മകൻ ഗൗതം കൃഷ്ണയെ കാണാതാവുകയും ചെയ്തിരുന്നു.
വള്ളത്തിലുണ്ടായിരുന്ന മറ്റുള്ളവർ രക്ഷപ്പെട്ടിരുന്നു. സംഭവത്തിനുശേഷം 27 ദിവസമായി കാണാതായ മകനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് രേഷ്മയും കുടുംബവും.
“ഉത്രാട ദിവസം വാടക വീട്ടിൽ നിന്നും ഞങ്ങൾ പൂമുഖത്ത് വീട്ടിൽ എത്തും.
ചതയം കഴിഞ്ഞാണ് ഞങ്ങൾ മടങ്ങാറുള്ളതെന്നും അവരില്ലാത്ത ഓണം ആലോചിക്കാനാകില്ലെന്നും” അച്ഛന്റെയും ഭർത്താവിന്റെയും സംസ്കാരം നടത്തിയ സ്ഥലത്തേക്ക് നോക്കി രേഷ്മ കണ്ണീരോടെ പറയുന്നു. രേഷ്മയും മകൻ രാധേഷ് കൃഷ്ണനും അമ്മ സുമംഗലയും ഇനിയും ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നു പൂർണമായി മുക്തരായിട്ടില്ല.
അതേസമയം, ഗൗതം കൃഷ്ണയ്ക്കായുള്ള ഔദ്യോഗിക സർക്കാർ തലത്തിലുള്ള തിരച്ചിൽ അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം കലക്ടർ ആനി ജൂല തോമസ് വീട്ടിലെത്തി രേഷ്മയോട് കാര്യങ്ങൾ വിശദീകരിക്കുകയും, വീട്ടുകാരുടെ സമ്മതത്തോടെയാണ് തിരച്ചിൽ നിർത്തിയതും.
എങ്കിലും തീരദേശ പൊലീസ്, മറീൻ എൻഫോഴ്സ്മെന്റ് എന്നിവരുടെ പരിശോധനകൾ തുടരുന്നുണ്ട്. ദുരന്തബാധിത കുടുംബത്തിന് ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 8 ലക്ഷം രൂപയുടെ സമാശ്വാസ സഹായം കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

