വിതുര – പൊന്മുടി സംസ്ഥാന പാതയിൽ അപകടങ്ങൾ വർധിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടികൾ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം. ഈ പാതയിൽ അടുത്തിടെയായി നിരവധി വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസം പതിനഞ്ചാം വളവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് നാല് പേർക്ക് പരുക്കേറ്റിരുന്നു. ഒരു മാസം മുൻപ് ഇതേ പാതയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് വയസ്സുകാരി മരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
ദിവസവും ആയിരക്കണക്കിന് വിനോദസഞ്ചാരികൾ ആശ്രയിക്കുന്ന ഈ പാതയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നതാണ്. അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് അപകടങ്ങൾ പെരുകാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇതിനു പുറമെ, പാതയിലെ ഹെയർപിൻ വളവുകളിൽ റോഡിന് വീതി കുറവായത് വാഹന ഗതാഗതത്തെ സാരമായി ബാധിക്കുന്നുണ്ട്. അതേസമയം, വിനോദസഞ്ചാരികളുടെ വാഹനങ്ങൾ ചെക്പോസ്റ്റിൽ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ അനുഭവപ്പെടുന്ന കാലതാമസം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
ചെക്പോസ്റ്റുകളിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കാൻ വനം വകുപ്പ് മുൻകൈ എടുക്കണമെന്നും, മേഖലയിൽ പൊലീസ് പട്രോളിങ് കൂടുതൽ ഊർജിതമാക്കണമെന്നും പ്രദേശവാസികളും സഞ്ചാരികളും ആവശ്യപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

