കൊട്ടാരക്കരയ്ക്ക് സമീപം മുക്കോണിമുക്കിൽ മൂന്ന് പേരുടെ മരണത്തിന് കാരണമായ ടിപ്പർ ലോറി നേരത്തെ 36 തവണ നിയമലംഘനത്തിന് പിഴയടച്ചിരുന്നതായി വിവരം. ഈ വാഹനത്തിന് ഫിറ്റ്നസ്, ടാക്സ്, ഇൻഷുറൻസ് എന്നിവ ഉണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നു.
ഏറ്റവും ഒടുവിലായി 2026 ഫെബ്രുവരി മൂന്നിന് 15,500 രൂപ പിഴയടച്ചിരുന്നു. ഇതിനുമുമ്പ് 2025 മേയ് 21-ന് 4500 രൂപയും, 2025 മാർച്ച് 15-ന് 13,500 രൂപയും ഫിറ്റ്നസ് ഇല്ലാത്തതിന്റെ പേരിൽ പിഴ ഈടാക്കിയിരുന്നു.
ജനുവരി 30-ന് പോലീസ് പിടികൂടിയപ്പോൾ 250 രൂപ മാത്രമാണ് പിഴ ഈടാക്കിയത്; അപ്പോഴും വാഹനത്തിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ലെന്നതാണ് ഗൗരവകരമായ വസ്തുത. ഡ്രൈവറുടെ പരിചയക്കുറവും അമിതവേഗതയും അമിതഭാരവുമാണ് അപകടകാരണമെന്ന് ഗതാഗത കമ്മീഷണർ എ.
നാഗരാജു വ്യക്തമാക്കി. അപകടസ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോറിയുടെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കുമെന്നും, വാഹന ഉടമയ്ക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ പോലീസിന് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കും. അപകടം നടന്ന മുക്കോണിമുക്കിൽ നേരത്തെ ഉണ്ടായിരുന്ന സ്പീഡ് ബ്രേക്കർ റോഡ് നവീകരിച്ചതോടെ ഒഴിവാക്കിയിരുന്നു.
ഇത് വലിയ വീഴ്ചയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. സ്ഥലത്തെത്തിയ കളക്ടർ ആനി ജൂല തോമസ് അപകടമേഖലയിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകി.
മരണപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥി പി.
പാർഥിപ് (15), അധ്യാപകൻ ആർ.വി. ഹരിലാൽ എന്നിവർക്ക് നാട് കണ്ണീരോടെ അന്ത്യയാത്ര നൽകി.
കാർമൽ സീനിയർ സെക്കൻഡറി സ്കൂളിലെ മിടുക്കനായ വിദ്യാർത്ഥിയായിരുന്നു പാർഥിപ്. മൂന്ന് പതിറ്റാണ്ടിലേറെയായി കൊട്ടാരക്കരയിലെ സമാന്തര വിദ്യാഭ്യാസ രംഗത്ത് നിറസാന്നിധ്യമായിരുന്ന ഹരിലാലിനെ അവസാനമായി കാണാൻ ആയിരങ്ങളാണ് എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

