വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്ത് സഞ്ചാരികളുടെ വൻ തിരക്ക് അനുഭവപ്പെടുന്നു. ഇന്നലെ മാത്രം 2166 പേരാണ് ട്രെക്കിങ്ങിനായി ഇവിടെയെത്തിയത്.
ഈ വർഷം രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ഉയർന്ന കണക്കാണിത്. സഞ്ചാരികളുടെ അമിത തിരക്ക് മൂലം പ്രദേശത്തെ ചായക്കടകളിൽ ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമം നേരിട്ടു.
പാർക്കിങ് സൗകര്യങ്ങളുടെ പരിമിതി കാരണം ഒരു കിലോമീറ്റർ ദൂരത്തിൽ പാതയോരത്താണ് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്. കാഞ്ഞങ്ങാട്ടുനിന്നെത്തുന്ന കെഎസ്ആർടിസി ബസുകൾക്ക് വാഹനങ്ങൾക്കിടയിലൂടെ തിരിഞ്ഞുപോകാൻ കഴിയാത്ത സാഹചര്യം ഉടലെടുത്തു.
ഇതിനെത്തുടർന്ന് വനംവകുപ്പിന്റെ ടിക്കറ്റ് കൗണ്ടറിന് ഒരു കിലോമീറ്റർ അകലെയാണ് യാത്രക്കാരെ ഇറക്കിവിടേണ്ടി വന്നത്. മഴ ആരംഭിച്ചതോടെ മലമുകളിലെ കോടമഞ്ഞും ചാറ്റൽമഴയും ആസ്വദിക്കാൻ എത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്.
മൺസൂൺ ടൂറിസം ആരംഭിക്കുന്നതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം കൂടുതൽ സഞ്ചാരികൾ റാണിപുരത്ത് എത്തുമെന്ന് റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്.മധുസൂദനൻ പറഞ്ഞു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മഴ നടത്തം പോലുള്ള പരിപാടികളും ഇവിടെ സംഘടിപ്പിക്കാറുണ്ട്.
അതേസമയം, തിരക്ക് നിയന്ത്രിക്കാനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും വനംവകുപ്പ് പരിശോധനയും പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്.
വനത്തിലൂടെയുള്ള പാതയുൾപ്പെടെ 2.8 കിലോമീറ്റർ ദൂരം ട്രെക്കിങ് പൂർത്തിയാക്കിയാൽ മാത്രമേ കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരത്തിന്റെ നെറുകയിൽ എത്താൻ സാധിക്കൂ. കോടമഞ്ഞും തണുത്ത കാറ്റും പുൽമേടുകളും ഒത്തുചേരുന്ന റാണിപുരത്തിന്റെ പ്രകൃതിഭംഗിയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

