തെന്നിന്ത്യൻ സിനിമാലോകത്ത് സമാനതകളില്ലാത്ത നേട്ടങ്ങൾ സ്വന്തമാക്കുകയും എന്നാൽ കൗമാരത്തിന്റെ പടിവാതിൽക്കൽ ദുരന്തം വന്നുപെടുകയും ചെയ്ത അനുഗൃഹീത നടി ശോഭയുടെ ജന്മദിനമാണിന്ന്. 1962 സെപ്റ്റംബർ 23 നാണ് ബിസിനസുകാരനായിരുന്ന കെ.പി മേനോന്റെയും അഭിനേത്രിയായിരുന്ന പ്രേമയുടെയും മകളായി ശോഭ ജനിക്കുന്നത്.
മലയാള സാഹിത്യകാരൻ എസ്.കെ പൊറ്റക്കാടിന്റെ സഹോദരിയുടെ മകൾ കൂടിയാണ് പ്രേമ. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അമ്മാവൻ എസ്.കെ പൊറ്റക്കാട് മുൻകൈയെടുത്ത് കവിയും സംവിധായകനുമായ പി.
ഭാസ്കരനെയും നിർമാതാവ് ടി.കെ. പരീക്കുട്ടിയെയും പ്രേമയുടെ വീട്ടിലേക്ക് എത്തിച്ചതോടെയാണ് ആ കുടുംബത്തിന്റെ സിനിമാബന്ധം ആരംഭിക്കുന്നത്.
പ്രേമയെ അവർ തങ്ങളുടെ ‘നീലക്കുയിൽ’ എന്ന ചിത്രത്തിലേക്ക് തെരഞ്ഞെടുത്തു. മലയാള സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ആ ചിത്രം ദേശീയ പുസ്കാരം സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രമെന്ന ബഹുമതിയും നേടി.
എന്നാൽ നായികയായി തിളങ്ങാനാവുമെന്ന പ്രതീക്ഷയോടെ മദ്രാസിലേക്കെത്തിയ പ്രേമയ്ക്ക് അധികവും അമ്മ വേഷങ്ങളും സൈഡ് റോളുകളുമാണ് ലഭിച്ചത്. തന്റെ സ്വപ്നങ്ങൾ മകളിലൂടെ യാഥാർത്ഥ്യമാക്കാൻ പ്രേമ തീരുമാനിച്ചു.
അങ്ങനെ 1966 ൽ നാല് വയസുള്ളപ്പോഴാണ് ‘തട്ടുങ്കള്‍ തിറക്കപ്പെടും’ എന്ന തമിഴ് ചിത്രത്തിലൂടെ ബേബി മഹാലക്ഷ്മി എന്ന ശോഭ ബാലതാരമായി കാമറയ്ക്ക് മുന്നിലെത്തുന്നത്. തൊട്ടടുത്ത വർഷം മലയാളത്തിലെ ആദ്യ മൾട്ടി-സ്റ്റാർ ചിത്രമായ ‘ഉദ്യോഗസ്ഥ’യിലും വേഷമിട്ടു.
1971 ൽ മികച്ച ബാലതാരത്തിനുളള കേരള സംസ്ഥാന അവാർഡ് നേടുമ്പോൾ ശോഭയുടെ പ്രായം 9 വയസ്സായിരുന്നു. 1978 ൽ ബാലചന്ദ്രമേനോന്റെ ആദ്യ സംവിധാന സംരംഭമായ ‘ഉത്രാടരാത്രി’ എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് മഹാലക്ഷ്മി എന്ന പേര് മാറ്റി ശോഭ എന്ന പേര് സ്വീകരിക്കുന്നത്.
ശോഭയുടെ അഭിനയരീതി അതിഭാവുകത്വങ്ങളിൽ നിന്ന് പൂർണ്ണമായും മാറി വളരെ സൂക്ഷ്മവും കൃത്യവുമായിരുന്നു. വളരെ പെട്ടന്നുതന്നെ ശോഭ വലിയ ഉയരങ്ങളിലേക്ക് നടന്നടുത്തു.
1977 ൽ മികച്ച സഹനടിക്കുളള കേരള സംസ്ഥാന അവാര്‍ഡും തൊട്ടടുത്ത വർഷം മികച്ച നടിക്കുളള സംസ്ഥാന അവാർഡും സ്വന്തമാക്കി. 1979 ലും 1980 ലും കന്നഡ സിനിമയിലടക്കം മികച്ച നടിക്കുളള ഫിലിം ഫെയര്‍ അവാർഡും തേടിയെത്തി.
തുടർന്ന് 1980 ൽ ലളിത നിർമ്മിച്ച ‘പശി’ എന്ന തമിഴ് ചലച്ചിത്രത്തിലെ അഭിനയത്തിന് ശോഭയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. അന്ന് ശോഭയുടെ പ്രായം വെറും 17 വയസ് മാത്രമായിരുന്നു.
സിനിമകൾ സജീവമായിരിക്കുന്നതിനിടയിലാണ് സംവിധായകൻ ബാലു മഹേന്ദ്രയുമായി ശോഭ അടുപ്പത്തിലാകുന്നത്. ‘കോകില’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇവർ കൂടുതൽ അടുക്കുന്നത്.
വ്യക്തിജീവിതത്തിലെ അരക്ഷിതത്വങ്ങളും കൗമാരത്തിന്റെ വികാരങ്ങളും ആ ബന്ധത്തെ കൂടുതൽ ആഴത്തിലാക്കി. പിന്നീട് ശോഭ ബാലു മഹേന്ദ്രയെ വിവാഹം കഴിക്കുകയും ചെയ്തു.
എന്നാൽ വ്യക്തിജീവിതം തകർന്നടിയുന്ന കാഴ്ചയാണ് ശോഭയ്ക്ക് പിന്നീട് കാണേണ്ടിവന്നത്. ബാലു മഹേന്ദ്രയുമായുള്ള ബന്ധം വേർപിരിയലിന്റെ വക്കിലെത്തിയതോടെ ശാരീരികമായും മാനസികമായും താരം പൂർണ്ണമായി തകർന്നു.
ദേശീയ പുരസ്കാരം ലഭിച്ചെന്ന സന്തോഷ വാർത്ത പങ്കുവെക്കാനെത്തിയ മാധ്യമപ്രവർത്തകർക്കുമുന്നിൽ നിർവികാരയായിട്ടാണ് ശോഭ നിന്നു. 1980 ഏപ്രിലിൽ ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ ശോഭയെ മെയ് 1 ന് സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അപ്പോഴും അവൾക്ക് 18 വയസ് പൂർത്തിയായിരുന്നില്ല. 14 വർഷത്തിനുള്ളിൽ വിവിധ തെന്നിന്ത്യന്‍ ഭാഷകളിലായി 75 സിനിമകളിലാണ് ശോഭ അഭിനയിച്ചുതീർത്തത്.
മകളുടെ വിയോഗം താങ്ങാനാവാതെ രണ്ട് വർഷങ്ങൾക്ക് ശേഷം അമ്മ പ്രേമയും ജീവനൊടുക്കി. 1983 ൽ ശോഭയുടെ ജീവിതം പ്രമേയമാക്കി കെ.ജി ജോർജ് ‘ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്’ എന്ന സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്.

