തമിഴ്നാട് നിയമസഭയിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിലുള്ള പോരാട്ടം കൂടുതൽ തീവ്രമാകുന്നു. മുഖ്യമന്ത്രിയും ടിവികെ നേതാവുമായ വിജയ്ക്കെതിരെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ നടത്തിയ രൂക്ഷമായ വ്യക്തിപരമായ പരാമർശങ്ങൾ സഭയ്ക്ക് പുറത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
കർഷക സമരങ്ങളെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കർഷകരുടെ സമരം പ്രതിപക്ഷ പാർട്ടികളുടെ പ്രേരണയാലാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കർഷകരെ അപമാനിക്കുന്നതാണെന്ന് ഉദയനിധി സ്റ്റാലിൻ ആരോപിച്ചു.
കർഷകരുടെ സമരത്തെ ‘കുട്ടിക്കഥ’ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെതിരെയും അദ്ദേഹം രംഗത്തെത്തി. തുടർന്ന് ഉദയനിധി നടത്തിയ പ്രസ്താവന ഇങ്ങനെ: “താൻ ഒരു ‘കുട്ടിക്കഥ’ പറയുകയാണെന്ന വിജയ്യുടെ പ്രസ്താവന കർഷകരുടെ അന്തസ്സിന് നിരക്കാത്തതാണ്.
ചെങ്കൽപ്പേട്ട് കോടതിയിൽ ഭർത്താവിനെ തിരഞ്ഞുനടന്ന ഭാര്യയുടെ കഥ തമിഴ്നാടിന് നന്നായി അറിയാം. അതുകൊണ്ട് വിജയ്, തൽക്കാലമെങ്കിലും അതൊക്കെ മറക്കുന്നതാണ് നല്ലത്.” 2025 ഡിസംബറിൽ ചെങ്കൽപ്പേട്ട് ഫാമിലി കോടതിയിൽ വിജയ്യുടെ ഭാര്യ സംഗീത സ്വർണലിംഗം സമർപ്പിച്ച വിവാഹമോചന ഹർജിയെ ഉദ്ദേശിച്ചായിരുന്നു ഈ പരാമർശം.
ഈ കേസിലെ അടുത്ത വാദം കേൾക്കൽ ഓഗസ്റ്റ് ഏഴിന് നടക്കാനിരിക്കെയാണ് ഉദയനിധിയുടെ ഈ കടന്നാക്രമണം. സഭയ്ക്കുള്ളിൽ ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ മുഖ്യമന്ത്രി വിജയ് ഡിഎംകെക്കെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചത് പ്രതിഷേധത്തിന് കാരണമായി.
പാർട്ടി ഫണ്ട് പിരിവിന്റെ പേരിൽ ഡിഎംകെ തട്ടിയെടുത്ത പണം തിരിച്ചുപിടിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു. ഇതിനിടെ, ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ മുൻപ് ഉപയോഗിച്ചിരുന്ന കൈയംഗ്യം വിജയ് സഭയിൽ അനുകരിച്ചത് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള അകലം വർദ്ധിപ്പിച്ചു.
സഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിച്ച ഉദയനിധി സ്റ്റാലിൻ മുഖ്യമന്ത്രിയുടെ പ്രസംഗത്തെ പരിഹസിച്ചു: “ടിവികെ നിയമസഭയെ ഒരു സിനിമാ തിയേറ്ററാക്കി മാറ്റിയിരിക്കുകയാണ്. അവർ ഇപ്പോൾ സഭയ്ക്കുള്ളിൽ വിസിലടിക്കാൻ തുടങ്ങിയിരിക്കുന്നു.
വൈകാതെ മന്ത്രിമാർ പാട്ടുപാടി ഡാൻസ് കളിക്കാൻ തുടങ്ങും. മുഖ്യമന്ത്രിയുടെ പ്രസംഗം വെറും സോഷ്യൽ മീഡിയ ‘റീൽസിനായി’ തയാറാക്കിയതായിരുന്നു.
30 മിനിറ്റ് നീണ്ട ആ പ്രസംഗം കൃത്രിമവും മുൻകൂട്ടി എഴുതി തയ്യാറാക്കിയതുമാണ്.
അദ്ദേഹം സഭയിൽ അഭിനയിക്കുകയാണ്. സ്പീക്കർ ‘ആക്ഷനും’ ‘കട്ടും’ പറയുന്നതുപോലെ തോന്നി.
അടുത്തതായി സഭയിലേക്ക് കാരവാനും മേക്കപ്പ്മാനും സ്റ്റണ്ട് മാസ്റ്ററും ഒക്കെ വരും. അവർ നിയമസഭയെ ഒരു ഷൂട്ടിങ് സ്പോട്ട് ആക്കി മാറ്റും.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

