കേരളത്തിൽ വൈദ്യുതി പ്രതിസന്ധിയ്ക്ക് പരിഹാരവുമായി കെഎസ്ഇബിയുടെ സംസ്ഥാനത്തെ ആദ്യത്തെ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) മുള്ളേരിയയിൽ യാഥാർത്ഥ്യമായി. ഒരു വർഷം കൊണ്ടാണ് 15 മെഗാവാട്ട് ശേഷിയുള്ള ഈ ബെസ് യൂണിറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.
മുള്ളേരിയ സബ്സ്റ്റേഷനോട് ചേർന്ന് കെഎസ്ഇബിയുടെ ഒരേക്കർ സ്ഥലത്താണ് പദ്ധതിക്കായി സ്ഥലം അനുവദിച്ചിട്ടുള്ളത്. 14 കണ്ടെയ്നർ ബാറ്ററിയും 7 പവർ കൺവർട്ടർ സിസ്റ്റവും 2 ട്രാൻസ്ഫോമറുകളും ഉൾപ്പെടുന്നതാണ് ഈ വലിയ സംവിധാനം.
നിർമ്മാണം പൂർത്തിയായതിനെ തുടർന്ന് നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി വിതരണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രാത്രി സമയങ്ങളിൽ 60 മെഗാവാട്ട് വീതം വൈദ്യുതി ഇതിൽ നിന്നും ലഭ്യമായിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാഷനൽ ഹൈഡ്രോ പവർ കോർപറേഷന്റെ മേൽനോട്ടത്തിലാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഗുജറാത്ത് ആസ്ഥാനമായ ഒപേര ഗ്രീൻ യാന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് നിർമ്മാണ ജോലികൾ പൂർത്തിയാക്കിയത്.
കെഎസ്ഇബിയുടെ കളമശ്ശേരിയിലെ സംസ്ഥാന ലോഡ് ഡെസ്പാച്ച് കേന്ദ്രത്തിൽ നിന്നും ഔദ്യോഗിക അനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതി പൂർണ്ണമായും കമ്മീഷൻ ചെയ്യും. 15 മെഗാവാട്ട് വൈദ്യുതി നാല് മണിക്കൂർ വീതം ലഭ്യമാകുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.
പകൽ സമയങ്ങളിൽ കുറഞ്ഞ നിരക്കിൽ കേന്ദ്ര ഗ്രിഡിൽ നിന്നും അധിക വൈദ്യുതി വാങ്ങി ബാറ്ററിയിൽ സംഭരിക്കുകയും, രാത്രികാലങ്ങളിൽ വൈദ്യുതി ഉപഭോഗം വർദ്ധിക്കുന്ന സമയത്ത് കെഎസ്ഇബിക്ക് തിരികെ നൽകുകയും ചെയ്യുന്നതാണ് പദ്ധതിയുടെ രീതി. അമ്പലത്തറയിലെയും പൈവളിഗെയിലെയും സൗരോർജ പാർക്കുകളിൽ നിന്നുള്ള വൈദ്യുതിയും ഇവിടെ സംഭരിക്കാൻ സാധിക്കും.
സൗജന്യമായി സ്ഥലം അനുവദിച്ചു നൽകിയതല്ലാതെ കെഎസ്ഇബിക്ക് ഇതിനായി സാമ്പത്തിക ബാധ്യതയൊന്നും വന്നിട്ടില്ല എന്നത് പദ്ധതിയുടെ പ്രധാന സവിശേഷതയാണ്. രാത്രി സമയത്ത് പുറത്തുനിന്നും കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്ന നിലവിലെ സാഹചര്യം ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

