തൃക്കരിപ്പൂർ ∙ നടക്കാവ്–ഉദിനൂർ–എടച്ചാക്കൈ പാതയിലെ ഉദിനൂർ റെയിൽവേ ഗേറ്റിൽ മേൽപാലം പണിയുന്നതിനു ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് റെയിൽപാതയ്ക്ക് പടിഞ്ഞാറു ഭാഗം താമസിക്കുന്ന പ്രദേശവാസികൾ പരാതിയുമായി അധികൃതരെ സമീപിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിലെ ആശങ്ക പരിഹരിക്കണമെന്നാണവശ്യം. നിലവിലെ ഡിപിആർ പ്രകാരം റെയിൽപാതക്ക് കിഴക്കുഭാഗത്ത് ജനവാസ മേഖലയെ ബാധിക്കാത്ത തരത്തിൽ ഒഴിഞ്ഞുകിടക്കുന്ന ഭൂമിയാണ് പാലത്തിനായി പരിഗണിച്ചിട്ടുള്ളത്.
അതേസമയം പടിഞ്ഞാറു ഭാഗത്താകട്ടെ ഒഴിഞ്ഞു കിടക്കുന്ന ഭൂമി ഉണ്ടായിട്ടും വീടുകളെയും സ്വത്തിനെയും ബാധിക്കുന്ന തരത്തിലാണ് പാലത്തിന്റെ രൂപ കൽപന. ഏറ്റെടുക്കേണ്ട
സ്ഥലങ്ങളിൽ ആർബിഡിസികെയുടെ അതിരു കല്ലിടൽ പൂർത്തിയാക്കുകയും ചെയ്തു. പാതയുടെ ഇരു പുറങ്ങളിലുമായി 69 ഇടങ്ങളിൽ കല്ലുകൾ ഇട്ടിട്ടുണ്ട്.
പടിഞ്ഞാറു ഭാഗത്ത് ജനവാസ മേഖലയുടെ എതിർ ഭാഗത്ത് ഉപയോഗ ശൂന്യമായ സർക്കാർ ഭൂമിയാണ്.
ഈ സ്ഥലമാണ് യഥാർഥത്തിൽ പാലത്തിനായി ഉപയോഗപ്പെടുത്താവുന്നത്. മാത്രമല്ല, സർക്കാർ ഭൂമി ഉപയോഗപ്പെടുത്തുമ്പോൾ പാലം നിർമാണ ചെലവും കുറയും.
പക്ഷേ, ഒഴിഞ്ഞു കിടക്കുന്ന സർക്കാർ ഭൂമി പാലത്തിനായി പരിഗണിക്കാതെ വീടുകളും സ്വത്തും നഷ്ടപ്പെടുത്തുന്ന തരത്തിൽ തികച്ചും ഏകപക്ഷീയമായ സമീപനം സ്വീകരിച്ചുവെന്നു ആർബിഡിസികെ ജനറൽ മാനേജർക്ക് സമർപ്പിച്ച പരാതിയിൽ ഇവർ ചൂണ്ടിക്കാട്ടി.
ജനവാസ മേഖലയെ ഒഴിവാക്കിയും മാലിന്യം ഉൾപ്പെടെ തള്ളുന്ന, ഉപയോഗ ശൂന്യമായ സർക്കാർ ഭൂമിയെ പാലത്തിനായി പരിഗണിച്ചും ഡിപിആറിൽ മാറ്റം വരുത്തുന്നതിനും മേൽപാലം നിർമാണം എത്രയും വേഗം ആരംഭിക്കുന്നതിനും നടപടികൾ കൈക്കൊള്ളണമെന്നു വീടുകൾ നഷ്ടപ്പെടുന്നവർ ഉൾപ്പെടുന്ന പ്രദേശവാസികൾ ആവശ്യപ്പെട്ടു. കലക്ടർ, ജനപ്രതിനിധികൾ തുടങ്ങിയവർക്കും നിവേദനം നൽകിയിട്ടുണ്ട്. നടക്കാവ് കാപ്പുകുളം പരിസരം മുതൽ ഉദിനൂർ സെൻട്രൽ വരെ 2.5 ഏക്കർ ഭൂമിയാണ് പാലത്തിനായി ഏറ്റെടുക്കേണ്ടത്.
കിഫ്ബി പദ്ധതിയിൽ 34.24 കോടി രൂപ ചെലവിലാണ് നിർമാണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

