മന്ത്രിമാരുടെ വിദേശയാത്രകളെ അതിശക്തമായി വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് രംഗത്തെത്തി. സാധാരണ ജനങ്ങളെ നോക്കി കൊഞ്ഞണം കുത്തുന്ന രീതിയാണ് മന്ത്രിമാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത മന്ത്രിമാർ ഇത്തരത്തിലാണോ പെരുമാറേണ്ടതെന്നും ചിന്താ ജെറോം ചോദിച്ചു.
കൊല്ലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അവർ സർക്കാരിനെതിരെ ആഞ്ഞടിച്ചത്. ‘‘മന്ത്രിമാരുടെ യാത്രകളെ സ്പോൺസേഡ് യാത്രയെന്ന് ഒരു കൂസലുമില്ലാതെ മുഖ്യമന്ത്രി പറയുന്നു.
ദുരൂഹത നിറഞ്ഞ സർക്കാരായി കേരളത്തിലെ യുഡിഎഫ് സർക്കാർ മാറുന്നു. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർ സ്വീകരിക്കേണ്ട
സമീപനമാണോ ഇവർ സ്വീകരിക്കുന്നത്? സ്പോൺസർമാരാൽ നയിക്കപ്പെടുന്ന, സ്പോൺസർഷിപ്പുകളിൽ മുന്നോട്ടു പോകുന്ന സർക്കാർ. ശതകോടീശ്വരന്മാർക്കും കോർപറേറ്റുകൾക്കും വേണ്ടിയുള്ള സർക്കാർ.
സ്പോൺസർമാർ ആരെന്ന് സർക്കാർ വെളിപ്പെടുത്തണം. അത്രത്തോളം വിശാലമനസ്സുള്ള സ്പോൺസർമാർ ഉണ്ടെങ്കിൽ സാധാരണക്കാർക്ക് പവർകട്ടിൽ ഇൻവെർട്ടർ സ്പോൺസർ ചെയ്യിപ്പിക്കാൻ കഴിയുമോ? ജനങ്ങളെ അധിക്ഷേപിക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാരിന്റേത്’’– ചിന്ത വ്യക്തമാക്കി.
യാത്രാ വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി ഒ.ജെ.ജനീഷ് നടത്തിയ പരാമർശത്തെയും അവർ കഠിനമായി എതിർത്തു. തന്ത വൈബ് പിടിക്കാൻ ആഗ്രഹിക്കുന്നില്ല റീലാക്സേഷനായി ട്രിപ് പോയിട്ട് വരൂ എന്ന തരത്തിലുള്ള പ്രതികരണം തികച്ചും അനുചിതമാണെന്ന് അവർ കുറ്റപ്പെടുത്തി.
‘നീറോ ചക്രവർത്തിയാണ് മന്ത്രി ഒ.ജെ.ജനീഷ്. ജനപ്രതിനിധികൾ ആദ്യം പ്രാധാന്യം നൽകേണ്ടത് ജനങ്ങളുടെ ആവശ്യത്തിനാണ്.
യാത്രാ വിവാദത്തിൽ അദ്ദേഹം അങ്ങനെ പ്രതികരിക്കാൻ പാടില്ലായിരുന്നു. നാടൊരു അപകടത്തെ അഭിമുഖീകരിച്ച ദിനത്തിലാണ് ട്രിപ് പോയി വരൂ എന്ന മന്ത്രിയുടെ പ്രതികരണം’– എന്ന് അവർ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ചിന്ത ഉന്നയിച്ചത്. മുഖ്യമന്ത്രിക്ക് ബിജെപി അനുകൂല നിലപാടാണുള്ളതെന്നും പിണറായി വിജയൻ എന്ന പൊതുപ്രവർത്തകനെ വേട്ടയാടാൻ തുടങ്ങിയിട്ട് നാളേറെയായി എന്നും അവർ ആരോപിച്ചു.
‘മോദി, ഇ.ഡി, വി.ഡി കോക്കസ് ആണ് നടക്കുന്നത്. രണ്ട് ഓപ്ഷനാണ് മോദിയും വി.ഡിയും മുന്നോട്ടു വയ്ക്കുന്നത്.
ഞങ്ങൾക്കൊപ്പം വരൂ, അല്ലെങ്കിൽ ഞങ്ങൾക്കെതിരെയുള്ള ശബ്ദങ്ങളെ നിശബ്ദമാക്കും. രാജ്യത്തെ ഏറ്റവും ശക്തനായ കമ്യൂണിസ്റ്റ് നേതാവാണ് പിണറായി വിജയൻ.
അദ്ദേഹത്തെ വേട്ടയാടാൻ തുടങ്ങിയിട്ട് എത്ര നാളായി? അദ്ദേഹത്തെ നശിപ്പിക്കാൻ ബിജെപിക്കൊപ്പം യുഡിഎഫ് സർക്കാർ നിൽക്കുകയാണ്’’– ചിന്താ ജെറോം അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

