ഓണാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലയിൽ പൊതുജനങ്ങൾക്കായി സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകളും ബോധവൽക്കരണ പ്രവർത്തനങ്ങളും ഊർജിതമാക്കി. ജൂലൈ 27 മുതൽ ഓഗസ്റ്റ് 21 വരെയുള്ള കാലയളവിൽ ജില്ലയിലാകെ 862 പരിശോധനകളാണ് അധികൃതർ പൂർത്തിയാക്കിയത്.
മാനദണ്ഡങ്ങൾ പാലിക്കാത്ത 220 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിനുപുറമെ ഗുരുതര വീഴ്ചകൾ കണ്ടെത്തിയ 22 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയതായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ വ്യക്തമാക്കി.
നടപടിക്രമങ്ങളുടെ ഭാഗമായി 491 സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ചട്ടങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് ഏഴ് കേസുകളിൽ ഔദ്യോഗികമായി നിയമനടടികൾ സ്വീകരിച്ചിട്ടുണ്ട്.
ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനത്തിലും വിതരണത്തിലും വിപണനത്തിലും ഉണ്ടാവുന്ന വൻ വർദ്ധനവ് കണക്കിലെടുത്ത് വ്യാപാരികളും സംരംഭകരും ഉപഭോക്താക്കളും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. ഭക്ഷ്യ വ്യാപാരികളും സംരംഭകരും ശ്രദ്ധിക്കേണ്ട
പ്രധാന കാര്യങ്ങൾ:
• എല്ലാ സ്ഥാപനങ്ങൾക്കും കൃത്യമായ ഭക്ഷ്യസുരക്ഷാ ലൈസൻസോ റജിസ്ട്രേഷനോ ഉണ്ടായിരിക്കേണ്ടതാണ്.
• ഭക്ഷണം തയാറാക്കുന്ന ഇടങ്ങളും ചുറ്റുപാടുകളും ഉപയോഗിക്കുന്ന പാത്രങ്ങളും ഉപകരണങ്ങളും പൂർണ്ണമായും വൃത്തിയായി സൂക്ഷിക്കുക.
• ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർ വ്യക്തിശുചിത്വം കർശനമായി പാലിച്ച്, വൃത്തിയുള്ള വസ്ത്രങ്ങളും ആവശ്യമായ സുരക്ഷാ മുൻകരുതലുകളും ധരിക്കണം.
• പാകം ചെയ്ത ഭക്ഷണവും അസംസ്കൃത വസ്തുക്കളും വെവ്വേറെ സൂക്ഷിക്കണം. ഭക്ഷണങ്ങൾ കൃത്യമായ താപനിലയിൽ പരിപാലിക്കുകയും അന്തരീക്ഷ ഊഷ്മാവിൽ ദീർഘനേരം വെച്ചശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കുകയും വേണം.
• കാലാവധി കഴിഞ്ഞതോ ഗുണനിലവാരത്തിൽ സംശയമുള്ളതോ ആയ ഭക്ഷ്യവിഭവങ്ങൾ വിപണിയിൽ വിൽപന നടത്താൻ പാടില്ല.
• ഭക്ഷ്യവസ്തുക്കളിൽ യാതൊരു കാരണവശാലും അനുവദിനീയമല്ലാത്ത കൃത്രിമ നിറങ്ങളോ രാസവസ്തുക്കളോ ചേർക്കാൻ പാടില്ല.
• ഉപയോഗിക്കുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതും ഐസ് ഉൾപ്പെടെയുള്ളവ സുരക്ഷിത ഉറവിടങ്ങളിൽ നിന്ന് മാത്രം ശേഖരിക്കുന്നതാണെന്നും ഉറപ്പാക്കണം.
• താൽക്കാലികമായി ഫുഡ് സ്റ്റാളുകൾ നടത്തുന്നവർ നിർബന്ധമായും ടെമ്പററി ഫുഡ് സേഫ്റ്റി റജിസ്ട്രേഷൻ എടുക്കണം.
ഇതിനായി ഔദ്യോഗിക FoSCoS പോർട്ടൽ ഉപയോഗപ്പെടുത്താവുന്നതാണ്.
• ഭക്ഷണസാധനങ്ങൾ പാക്ക് ചെയ്ത് നൽകുന്നവർ ഫുഡ്-ഗ്രേഡ് പ്ലാസ്റ്റിക് കണ്ടെയ്നറുകളും അലുമിനിയം പാത്രങ്ങളും മാത്രം ഉപയോഗിക്കുക. പൊതിയുന്നതിനായി ഒരിക്കലും പ്രിന്റ് ചെയ്ത പേപ്പറുകളോ പത്രങ്ങളോ ഉപയോഗിക്കരുത്.
പാകം ചെയ്തവ പാക്ക് ചെയ്യുമ്പോൾ ഈർപ്പവും ചൂടും കണക്കിലെടുത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക. ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട
കാര്യങ്ങൾ:
• ഉയർന്ന ശുചിത്വ നിലവാരം പുലർത്തുന്ന സ്ഥാപനങ്ങളിൽ നിന്ന് മാത്രം ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ ശ്രദ്ധിക്കുക.
• വാങ്ങുന്ന സ്ഥാപനത്തിന്റെ ഭക്ഷ്യസുരക്ഷാ ലൈസൻസ് അല്ലെങ്കിൽ റജിസ്ട്രേഷൻ വിവരങ്ങൾ പരിശോധിക്കുക.
• പാക്കറ്റ് ഭക്ഷണങ്ങൾ വാങ്ങുമ്പോൾ നിർമാണ തീയതി, കാലാവധി അവസാനിക്കുന്ന തീയതി, ലേബലിലെ മറ്റ് വിവരങ്ങൾ എന്നിവ കൃത്യമായി പരിശോധിക്കുക.
• ഭക്ഷണത്തിന്റെ നിറം, മണം, രുചി എന്നിവയിൽ എന്തെങ്കിലും അസ്വാഭാവികത തോന്നിയാൽ ഒരു കാരണവശാലും അത് കഴിക്കാതിരിക്കുക.
• പാകം ചെയ്ത ഭക്ഷണം അന്തരീക്ഷത്തിൽ ദീർഘനേരം വെച്ച ശേഷം ഉപയോഗിക്കരുത്. മാംസം, മത്സ്യം, പാൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ സൂക്ഷിപ്പിൽ അതീവ ജാഗ്രത പുലർത്തുക.
• വിപണിയിൽ നിന്ന് വാങ്ങിയ ശേഷം ഇവ അനുയോജ്യമായ രീതിയിൽ സൂക്ഷിക്കുകയും എത്രയും പെട്ടെന്ന് ഉപയോഗിച്ച് തീർക്കുകയും ചെയ്യുക.
• ഭക്ഷ്യവസ്തുക്കൾക്ക് അനുയോജ്യമല്ലാത്ത പ്ലാസ്റ്റിക് വസ്തുക്കളിൽ പാക്ക് ചെയ്തു നൽകുന്ന സ്ഥാപനങ്ങളെക്കുറിച്ച് ബന്ധപ്പെട്ട
അധികാരികളെ ഉടൻ വിവരം അറിയിക്കുക.
• ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ഏത് പരാതികളും സംശയങ്ങളും പരിഹരിക്കുന്നതിനായി ടോൾഫ്രീ നമ്പറായ 1800-425-1125 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

