സംസ്ഥാനത്ത് കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ തന്നെ ആധാര്‍ കാര്‍ഡ് എടുക്കണമെന്ന് സംസ്ഥാന ഐടി മിഷന് നിര്‍ദേശിച്ചു. നവജാത ശിശുക്കള്‍ക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് ആധാറിനായി എന്റോള്‍ ചെയ്യാവുന്നതാണ്.
പ്രധാന വിവരങ്ങള്‍:
അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് ഘട്ടത്തില്‍ ബയോമെട്രിക്സ് വിവരങ്ങളായ വിരലടയാളം, കൃഷ്ണമണി രേഖ എന്നിവ ശേഖരിക്കുന്നതല്ല. മാതാപിതാക്കളുടെ ആധാര്‍ വിവരങ്ങളുമായി ബന്ധിപ്പിച്ചാണ് കുട്ടികള്‍ക്ക് ഈ സേവനം ലഭ്യമാക്കുന്നത്.
ഇതിനായി ജനന സര്‍ട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാല്‍ മതിയാകും. ഭാവിയില്‍ വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തടസ്സമില്ലാതെ ലഭിക്കുന്നതിന് കൃത്യസമയത്ത് ആധാര്‍ എടുക്കുന്നത് ഗുണകരമാകും.
ബയോമെട്രിക് പുതുക്കല്‍:
കുട്ടികള്‍ക്ക് അഞ്ചു വയസ്സിലും 15 വയസ്സിലും ബയോമെട്രിക് വിവരങ്ങള്‍ (വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ) നിര്‍ബന്ധമായും പുതുക്കേണ്ടതുണ്ട്. അഞ്ചു വയസ്സു മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികളുടെ ഈ നിര്‍ബന്ധിത പുതുക്കല്‍ പ്രക്രിയ 2026 സെപ്റ്റംബര്‍ വരെ എല്ലാ ആധാര്‍ കേന്ദ്രങ്ങളിലും സൗജന്യമായി ചെയ്യാവുന്നതാണ്.
കൃത്യസമയത്ത് ബയോമെട്രിക്സ് പുതുക്കാത്ത പക്ഷം ആധാര്‍ കാര്‍ഡുകള്‍ താല്‍ക്കാലികമായി അസാധുവാകാന്‍ സാധ്യതയുണ്ട്. സ്കോളര്‍ഷിപ്പുകള്‍, റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കല്‍, വിവിധ വിദ്യാഭ്യാസ അഡ്മിഷനുകള്‍, ഡിജിലോക്കര്‍, അപാര്‍, പാന്‍ കാര്‍ഡ് തുടങ്ങിയവയ്ക്ക് ആധാര്‍ അനിവാര്യമാണ്.
മൊബൈല്‍ നമ്പര്‍ അപ്ഡേഷൻ:
സര്‍ക്കാര്‍ വകുപ്പുകളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി വഴിയാണ് ലഭ്യമാകുന്നത്. അതിനാല്‍ നിലവില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
പുതിയ ആധാര്‍ എടുക്കുന്നതിനും, ബയോമെട്രിക് പുതുക്കുന്നതിനും, മൊബൈല്‍/ഇ-മെയില്‍ വിവരങ്ങള്‍ മാറ്റുന്നതിനും അക്ഷയ കേന്ദ്രങ്ങളെയും അംഗീകൃത ആധാര്‍ കേന്ദ്രങ്ങളെയും സമീപിക്കാം. പരാതികള്‍ക്കും സംശയങ്ങള്‍ക്കും സിറ്റിസണ്‍ കോള്‍ സെന്ററുമായോ (1800-4251-1800, 04712335523) കേരള സ്റ്റേറ്റ് ഐടി മിഷന്റെ ആധാര്‍ വിഭാഗവുമായോ (0471-2525442) ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

