ഇന്ത്യയിൽ പുരപ്പുറ സോളർ പാനലുകൾ സ്ഥാപിക്കുന്നതിൽ അഭൂതപൂർവ്വമായ വർധനവാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. മെർകോം ഇന്ത്യ റിസർച്ച് പുറത്തുവിട്ട
ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 2025-ലെ ആദ്യ പാദത്തിൽ (ജനുവരി മുതൽ മാർച്ച് വരെ) രാജ്യത്ത് സ്ഥാപിക്കപ്പെട്ട സോളർ പാനലുകളുടെ എണ്ണത്തിൽ 125 ശതമാനം വളർച്ചയുണ്ടായിട്ടുണ്ട്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1.2 ഗിഗാവാട്ട് ശേഷി കൈവരിച്ച സ്ഥാനത്ത്, ഇത്തവണ അത് 2.7 ഗിഗാവാട്ടിലേക്ക് ഉയർന്നു. ഈ വൻ കുതിപ്പിന് പ്രധാന കാരണം വീടുകളിൽ സോളർ സംവിധാനങ്ങൾ സ്ഥാപിക്കാനുള്ള ജനങ്ങളുടെ താല്പര്യമാണ്.
ഈ പാദത്തിൽ മൊത്തം ഇൻസ്റ്റലേഷന്റെ 82 ശതമാനവും വീടുകളിൽ നിന്നുള്ളതാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സബ്സിഡി പദ്ധതികളും, അപേക്ഷാ നടപടികൾ ലളിതമാക്കിയതും ഈ വളർച്ചയ്ക്ക് ആക്കം കൂട്ടി.
സംസ്ഥാനാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ, ഏറ്റവും കൂടുതൽ സോളർ പാനലുകൾ സ്ഥാപിച്ചത് മഹാരാഷ്ട്രയിലാണ് (17 ശതമാനം). ഉത്തർപ്രദേശ് (16 ശതമാനം), ഗുജറാത്ത് (15 ശതമാനം) എന്നീ സംസ്ഥാനങ്ങൾ തൊട്ടുപിന്നിലുണ്ട്.
അതേസമയം, മുൻ വർഷത്തെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയത് അസമിലാണ്. പിഎം സൂര്യഘർ പദ്ധതിയുടെ ഗുണഭോക്താക്കളിൽ ഉത്തർപ്രദേശ് വൻ മുന്നേറ്റമാണ് നടത്തിയത്.
സംസ്ഥാനത്ത് നിന്ന് മാത്രം 10 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. രാജ്യത്തെ മൊത്തം സോളർ സ്ഥാപിത ശേഷി ഇപ്പോൾ 157.05 ജിഗാവാട്ടിലെത്തിയിരിക്കുകയാണ്.
ഇതോടെ സൗരോർജ ഉല്പാദനത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്ത് എത്താൻ ഇന്ത്യക്കായി. കേരളത്തിന്റെ നേട്ടങ്ങൾ
സൗരോർജ പദ്ധതികളിൽ കേരളം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, പിഎം സൂര്യ ഘർ പദ്ധതിയിലേക്ക് കേരളത്തിൽ നിന്ന് 3.85 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. സംസ്ഥാനത്ത് ഇതിനോടകം 2.77 ലക്ഷം വീടുകളിൽ പുരപ്പുറ സോളർ സംവിധാനങ്ങൾ പ്രവർത്തനസജ്ജമായിട്ടുണ്ട്.
1053 മെഗാവാട്ട് ശേഷിയുള്ള ഈ പദ്ധതികൾക്കായി 1846 കോടി രൂപ സബ്സിഡിയായി വിതരണം ചെയ്തു. മേയ് 31 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ, മറ്റ് പദ്ധതികൾ കൂടി ഉൾപ്പെടുത്തി കേരളത്തിന്റെ ആകെ പുരപ്പുറ സോളർ ശേഷി 2036.50 മെഗാവാട്ടായി ഉയർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

