ഉഡുപ്പിയിലെ വാടക വീട്ടിൽ യുവതിയെ ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തും അയൽവാസിയുമായ യുവതിയെ മണിപ്പാൽ പോലീസ് അറസ്റ്റ് ചെയ്തു. അങ്കോള ഖേനി സ്വദേശിനിയായ സുഷമ അന്നപ്പ നായിക് (31) ആണ് പിടിയിലായത്.
മണിപ്പാലിൽ ജോലി ചെയ്യുന്ന അങ്കോള സ്വദേശിനിയായ യോഗിതയ്ക്കാണ് ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. മോഷണശ്രമത്തിനിടെയാണ് പ്രതി യോഗിതയെ ആക്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ഈ മാസം 12-ന് പുലർച്ചെ ജോലി കഴിഞ്ഞു തിരിച്ചെത്തിയ യോഗിതയുടെ ഒപ്പമുള്ള താമസക്കാരാണ്, തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ബോധരഹിതയായി കിടക്കുന്ന നിലയിൽ ഇവരെ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നും യോഗിതയുടെ സ്വർണ്ണമാലയും കമ്മലുകളും കാണാതായിരുന്നു.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ, സിമന്റ് കട്ട ഉപയോഗിച്ച് തലയ്ക്കടിച്ചാണ് പ്രതി ആക്രമണം നടത്തിയതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
സംഭവത്തിന് ശേഷം സംശയം ഒഴിവാക്കുന്നതിനായി പ്രതിയായ സുഷമ, യോഗിതയെ ആശുപത്രിയിൽ എത്തിക്കാൻ സഹായവുമായി മുന്നിലുണ്ടായിരുന്നു. എന്നാൽ, സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചു നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് സുഷമ കുറ്റം സമ്മതിച്ചത്.
സാമ്പത്തിക പ്രയാസങ്ങൾ കാരണമാണ് മോഷണം നടത്തിയതെന്ന് പ്രതി മൊഴി നൽകി. പ്രതിയിൽ നിന്നും കവർച്ച ചെയ്ത സ്വർണ്ണാഭരണങ്ങൾ പോലീസ് കണ്ടെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

