അരൂർ ഇരുപത്തിമൂന്നാം വാർഡിൽ കിഴക്കേ വേലിക്കകത്ത് അജയന്റെയും പുഷ്പയുടെയും മകൾ അനഘയുടെ (25) മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. നിശ്ചയിച്ച വിവാഹത്തിൽ നിന്ന് വരനും വീട്ടുകാരും പിന്മാറിയതിനെ തുടർന്നുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.
സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരനും കുടുംബാംഗങ്ങൾക്കുമെതിരെ അരൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് അനഘയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു അനഘ. തൃശൂർ സ്വദേശിയായ യുവാവുമായുള്ള വിവാഹം കഴിഞ്ഞ ഫെബ്രുവരിയിലാണ് നിശ്ചയിച്ചിരുന്നത്.
ഈ വർഷം നവംബറിൽ വിവാഹം നടത്താനായിരുന്നു ഇരു കുടുംബങ്ങളും തീരുമാനിച്ചിരുന്നത്. ഇരുവരും അബുദാബിയിലായിരുന്നു ജോലി ചെയ്തിരുന്നത്.
ഇതിനിടയിലാണ് യുവാവിന്റെ മാതാപിതാക്കൾ വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി അനഘയുടെ വീട്ടുകാരെ ഫോൺ വഴി അറിയിച്ചത്. ഈ വിവരം അറിഞ്ഞതിനെ തുടർന്ന് മാതാപിതാക്കളെ അറിയിക്കാതെ അനഘ അബുദാബിയിലേക്ക് പോയിരുന്നു.
എന്നാൽ യുവാവിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നിലപാടുകളൊന്നും ഉണ്ടായില്ലെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. തുടർന്ന് ബുധനാഴ്ച ഗൾഫിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ അനഘ, ബന്ധം ഇനി തുടരുന്നില്ലെന്നും മാതാപിതാക്കൾ ഇതിന്റെ പേരിൽ ആശങ്കപ്പെടേണ്ടതില്ലെന്നും പറഞ്ഞിരുന്നു.
രാത്രി ജോലിയുണ്ടെന്ന് പറഞ്ഞ് മറ്റൊരു മുറിയിലേക്ക് പോയ അനഘ, വീട്ടുകാർ ഉറങ്ങിയ സമയത്താണ് ജീവനൊടുക്കിയത്. സംസ്കാര ചടങ്ങുകൾ പിന്നീട് നടന്നു.
അനഘയുടെ സഹോദരനാണ് അനന്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

