ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ തനിക്ക് നേരെ പൊലീസ് അതിക്രമം ഉണ്ടായതായി ജോൺ ബ്രിട്ടാസ് എംപി. ഡൽഹി കൊണാട്ട് പ്ലേസിൽ ഇടതുപക്ഷ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു അദ്ദേഹം.
തുടർന്ന് തന്നെ പൊലീസ് ബലമായി വാഹനത്തിലേക്ക് തള്ളിയിടുകയും സീറ്റിൽ അമർത്തിവെക്കുകയും ചെയ്തുവെന്ന് ബ്രിട്ടാസ് വ്യക്തമാക്കി. പൊലീസ് വിട്ടയച്ചതിനെ തുടർന്ന് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയ അദ്ദേഹം ഏറെനേരം നടപ്പാതയിൽ ഇരിക്കേണ്ടി വന്നു.
ഡിസിപി നിർദേശിച്ചതു കൊണ്ട് മാത്രമാണ് തന്നെ മോചിപ്പിച്ചതെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. അഞ്ച് സിആർപിഎഫ് ഉദ്യോഗസ്ഥർ തന്നെയും മറ്റൊരാളെയും സീറ്റിൽ പിടിച്ച് അമർത്തിപ്പിടിച്ചു.
പൊലീസുകാരുടെ ബോഡി ക്യാമറ വഴി കൺട്രോൾ റൂമിലിരുന്ന് ഡിസിപി സച്ചിൻ ഇത് കണ്ടിരുന്നു. അദ്ദേഹം എംപിയാണ്, ഉടൻ വിടണമെന്ന് ഡിസിപി സച്ചിൻ നിർദേശിച്ചപ്പോഴാണ് തന്നെ വിട്ടയച്ചത്.
പിന്നീട് ബസിനു പുറത്തേക്ക് തള്ളിയിടുകയും ചെയ്തു. സാജിദ് എന്ന യുവാവ് എത്തി ഓട്ടോറിക്ഷയിൽ കയറ്റിവിട്ടത് കൊണ്ടാണ് തനിക്ക് രക്ഷപ്പെടാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ എംപിയാണെന്ന് പൊലീസുകാരോട് ആവർത്തിച്ചു പറഞ്ഞെങ്കിലും അവർക്കത് വകവെയ്ക്കാൻ തയ്യാറായില്ല. തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും വിട്ടയക്കാൻ അവർ തയ്യാറായില്ലെന്നും, പിന്നീട് ഡിസിപി ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞതായും ബ്രിട്ടാസ് വെളിപ്പെടുത്തി.
കേരളത്തിൽ നിന്നുള്ള എംപിയെ കൊലപ്പെടുത്താനാണ് പൊലീസ് ശ്രമിച്ചതെന്ന് ബ്രിട്ടാസിനൊപ്പമുണ്ടായിരുന്ന ജാർഖണ്ഡ് സ്വദേശിയായ സാജിദ് പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

