ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ ഗൺമാനും പൊലീസും ചേർന്ന് കെഎസ്യു പ്രവർത്തകർക്കെതിരെ നടത്തിയ സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട പശ്ചാത്തലത്തിൽ, സമാനമായ മറ്റൊരു അക്രമസംഭവം കൂടി രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു.
കണ്ണൂർ പഴയങ്ങാടിയിൽ നടന്ന അക്രമമാണ് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നത്. മാടായിപ്പാറ പാളയം ഗ്രൗണ്ടിൽ നടന്ന നവകേരള സദസ്സിനുശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും തളിപ്പറമ്പിലേക്ക് മടങ്ങുന്നതിനിടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർക്ക് നേരെയാണ് അന്ന് ആക്രമണം ഉണ്ടായത്.
ഹെൽമറ്റ്, ചെടിച്ചട്ടി, ഇരുമ്പ് വടി എന്നിവ ഉപയോഗിച്ചുള്ള ക്രൂരമായ മർദ്ദനത്തിൽ പരുക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാൽ, കെഎസ്യു നേതാവ് സഞ്ചു സന്തോഷ് എന്നിവർ ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തിൽ മഹിത മോഹൻ (ജില്ലാ സെക്രട്ടറി), രാഹുൽ പുത്തൻപുരയിൽ (നിയോജക മണ്ഡലം പ്രസിഡന്റ്), സായി ശരൺ എന്നിവർക്കും പരുക്കേറ്റിരുന്നു.
ഈ അക്രമത്തെ “ജീവൻരക്ഷാപ്രവർത്തനം” എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അന്ന് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. സംസ്ഥാനത്തെ ആദ്യ ‘ജീവൻരക്ഷാ’പ്രവർത്തനത്തിൽ പരുക്കേറ്റവർ ഇവർ ആയിരുന്നു.
ഈ കേസിൽ 14 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുക്കുകയും, അതിൽ 8 പേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. നിലവിൽ ഈ കേസ് വിചാരണ ഘട്ടത്തിലാണ്.
അതേസമയം, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കളായ അഞ്ച് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

