ആലത്തൂർ കാവശ്ശേരി കൊങ്ങാളക്കോട്ടെ താമസക്കാരിയായ ജ്യോതി (49), നീണ്ട ഇരുപത് വർഷങ്ങളായി തൊഴിൽ എന്ന ആവശ്യത്തിനായി നിയമപോരാട്ടത്തിലും കാത്തിരിപ്പിലുമാണ്.
പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള ഇവർ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് 2013-ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഇടപെടലിലൂടെ കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡറേഷന്റെ കുഴൽമന്ദം ത്രിവേണി ഗോഡൗണിൽ സെയിൽസ് ഹെൽപർ തസ്തികയിൽ താൽക്കാലിക നിയമനം നേടിയിരുന്നു. ആറു മാസത്തേക്കായിരുന്നു നിയമനമെങ്കിലും, ഭിന്നശേഷി സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന നിർദേശം അംഗീകരിക്കാത്തതിനെത്തുടർന്ന് കാലാവധി പൂർത്തിയാകും മുൻപേ തന്നെ തന്നെ പിരിച്ചുവിട്ടെന്നു ജ്യോതി പറഞ്ഞു.
ജീവിതത്തിന്റെ ദുരിതപൂർണ്ണമായ നാളുകളിലൂടെയാണ് ജ്യോതി കടന്നുപോകുന്നത്. 35 വർഷം മുൻപ് പിതാവ് മരണപ്പെട്ട
ഇവർക്ക്, കൂലിപ്പണി ചെയ്ത് കുടുംബം പുലർത്തിയിരുന്ന മാതാവിന്റെ വിയോഗം വലിയ ആഘാതമായി. വിവാഹബന്ധം വേർപിരിഞ്ഞതോടെ പൂർണമായും ഒറ്റയ്ക്കായ ജ്യോതി, ശാരീരിക പരിമിതികളെ അതിജീവിച്ച് തൊഴിൽ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും ഫലമുണ്ടായില്ല.
തൊഴിൽ നഷ്ടപ്പെട്ടതിനെ തുടർന്ന് മുൻപ് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായില്ല. ഇതിനാൽ, താൻ നേരിട്ട
അനീതിക്കെതിരെ ഈ മാസം 25 മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല ഉപവാസം ആരംഭിക്കുമെന്ന് ജ്യോതി വ്യക്തമാക്കി. നിലവിൽ തുച്ഛമായ പെൻഷൻ തുക മാത്രം ആശ്രയിച്ചു കഴിയുന്ന ഇവർ, പഞ്ചായത്തും സന്നദ്ധസംഘടനയും ചേർന്ന് നൽകിയ നാല് സെന്റ് സ്ഥലത്തുള്ള വീട്ടിലാണ് താമസം.
സർക്കാരിന്റെ ഭാഗത്തുനിന്ന് നീതിയുക്തമായ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

