നഷ്ടപ്പെട്ടു എന്ന് കരുതിയ വാഹനം ഒടുവിൽ തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ആ യുവാവ്. ആലപ്പുഴ പുന്നപ്രയിൽ നിന്ന് മോഷണം പോയ മോട്ടോർസൈക്കിൾ 28 ദിവസങ്ങൾക്ക് ശേഷം ചെങ്ങന്നൂർ ഭാഗത്തുനിന്നാണ് കണ്ടെത്തിയത്.
അനധികൃത പാർക്കിങ്ങിന് പൊലീസ് ചുമത്തിയ പിഴാ തുക സംബന്ധിച്ച സന്ദേശമാണ് ബൈക്ക് തിരിച്ചുകിട്ടാൻ നിർണായകമായത്. കഴിഞ്ഞ മാസം 22-ാം തീയതി പുലർച്ചെയാണ് പുന്നപ്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് വാഹനം മോഷണം പോയത്.
വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനം രാവിലെ പരിശോധിച്ചപ്പോഴാണ് ഉടമയായ കിരൺ ദാസ് വാഹനം കാണാനില്ലെന്ന വിവരം തിരിച്ചറിഞ്ഞത്. തുടർന്ന് ഉടൻതന്നെ പുന്നപ്ര പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു.
ഈ പ്രദേശത്ത് സമീപകാലത്തായി വാഹന മോഷണങ്ങൾ പതിവായിരുന്നു. എന്നാൽ സമീപത്തെ സിസിടിവി ക്യാമറകളും ഹൈവേയോടനുബന്ധിച്ചുള്ള കടകളിലെ ക്യാമറകളും പ്രവർത്തിക്കാത്തതും ഓഫാക്കി വെച്ചതും അന്വേഷണ സംഘത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
മോഷണം നടന്ന ദിവസം രാവിലെ ഉടമയുടെ വീടിന് സമീപത്തായി ഗ്യാസ് സിലിണ്ടറുകൾ കയറ്റാൻ ഉപയോഗിക്കുന്ന തരത്തിലുള്ള മറ്റൊരു വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.
പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഈ വാഹനം ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്ന് വ്യക്തമായി. ഈ വാഹനം അവിടെ ഉപേക്ഷിച്ച ശേഷമാണ് മോഷ്ടാക്കൾ പരാതിക്കാരന്റെ വാഹനം കടത്തിക്കൊണ്ടുപോയത്.
ആഴ്ചകൾ പലതു കഴിഞ്ഞിട്ടും വാഹനത്തെക്കുറിച്ച് യാതൊരുവിധ വിവരങ്ങളും ലഭ്യമാകാതിരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ഉടമയുടെ മൊബൈൽ ഫോണിലേക്ക് ട്രാഫിക് പെറ്റി അടിച്ചതായി കാണിച്ച് ഔദ്യോഗിക സന്ദേശം എത്തിയത്. സന്ദേശത്തിൽ സംശയം തോന്നിയ ഉടമ ഉടൻതന്നെ വിവരം പുന്നപ്ര പൊലീസ് സ്റ്റേഷനിലെത്തി എസ്.ഐയെ നേരിട്ട് അറിയിച്ചു.
ഈ സന്ദേശം കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ സൈബർ, ഭൗതിക പരിശോധനകളിൽ വാഹനം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് പിൻവശത്തുള്ള പാർക്കിംഗ് ഏരിയയിൽ ദിവസങ്ങളായി കിടക്കുന്നതായി കണ്ടെത്തി. വാഹനം അവിടെ അനാഥമായി കിടക്കുന്നതായി കണ്ടതിനെത്തുടർന്നാണ് അധികൃതർ പിഴ ചുമത്തിയത്.
ഒടുവിൽ 500 രൂപയുടെ പിഴ അടയ്ക്കേണ്ടി വന്നുവെങ്കിലും നഷ്ടപ്പെട്ട വാഹനം സുരക്ഷിതമായി ഉടമയ്ക്ക് തിരികെ ലഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

