കാർഗിലിലെ ചെക്ക്പോയ്ൻ്റിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി വിനോദസഞ്ചാരിയായ യുവതി തർക്കിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രംഗത്ത്. ഗതാഗത നിയന്ത്രണം ചോദ്യംചെയ്ത് “ഞങ്ങൾ ജെൻസികളാണെന്ന്” പറഞ്ഞ് യുവതി ഭീഷണി മുഴക്കിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ചെറിയൊരു തർക്കമുണ്ടാകുമ്പോൾ ഇത്തരത്തിൽ ഭീഷണിപ്പെടുത്താൻ തുടങ്ങിയാൽ, പുതിയ തലമുറയോടുള്ള സമൂഹത്തിന്റെ നല്ല മനോഭാവം വളരെ പെട്ടെന്ന് തന്നെ ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി എക്സിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം:
“ഞങ്ങൾ ജെൻസി ആണ്” എന്ന് പറയുന്നത് ഇപ്പോൾ “എന്റെ അച്ഛൻ ആരാണെന്ന് നിനക്കറിയില്ലടാ” എന്ന് ചോദിക്കുന്നതുപോലെയായി മാറിയിരിക്കുന്നു.
ചെറിയൊരു തർക്കമുണ്ടാകുമ്പോൾ പോലും ഇതിനെ ഒരു ഭീഷണിയായി ഉപയോഗിക്കാൻ തുടങ്ങിയാൽ, ജെൻസി തലമുറയോട് മറ്റുള്ളവർക്കുള്ള നല്ല മനോഭാവം വളരെ പെട്ടെന്ന് തന്നെ ഇല്ലാതാകും. ലഡാക്കിലെ കാർഗിലിലുള്ള മിനിമാർഗ് ചെക്ക്പോയ്ൻ്റിലാണ് ഗതാഗത നിയന്ത്രണത്തെച്ചൊല്ലി വിനോദസഞ്ചാരിയായ യുവതി സുരക്ഷാ ഉദ്യോഗസ്ഥരോട് കയർത്തത്.
കഴിഞ്ഞ ജൂലൈ 25നാണ് ഈ സംഭവം അരങ്ങേറിയതെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും കരസേന മേധാവി ജനറൽ ധീരജ് സേത്തും ഈ വഴി കടന്നുപോകുന്നതിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ കർശനമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ഇത് യാത്രയ്ക്ക് തടസ്സമായതാണ് യുവതിയെ പ്രകോപിപ്പിച്ചത്. തങ്ങൾ ജെൻസിയാണെന്നും ഇത്തരം നടപടികൾ വെച്ചുപൊറുപ്പിക്കില്ലെന്നും യുവതി ഉദ്യോഗസ്ഥരോട് തർക്കിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
കശ്മീരികളോട് സാധാരണ ചെയ്യാറുള്ള കാര്യങ്ങൾ ഇപ്പോൾ വിനോദസഞ്ചാരികളോടും ആവർത്തിക്കുകയാണെന്നും യുവതി ആരോപിച്ചിരുന്നു. എന്നാൽ, വിഐപികളുടെ യാത്ര പൂർത്തിയായതിന് തൊട്ടുപിന്നാലെ തന്നെ ഗതാഗത നിയന്ത്രണം പൂർണ്ണമായി ഒഴിവാക്കിയിരുന്നതായി പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

