തൃശൂർ ജില്ലയിലെ തൃപ്രയാറിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന സംഘത്തെ മറ്റൊരു വാഹനത്തിലെത്തിയവർ തടഞ്ഞുനിർത്തി ആക്രമിച്ചതായും 16 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതി. പൈന്നൂർ ആമലത്ത് കുളങ്ങര ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് സംഭവം നടന്നത്.
പാലക്കാട് സ്വദേശികളാണ് ആക്രമണത്തിന് ഇരയായത്. അക്രമി സംഘം കാറിന്റെ ചില്ല് തകർക്കുകയും ഉള്ളിലുണ്ടായിരുന്നവർക്ക് നേരെ മുളക് പൊടി സ്പ്രേ ചെയ്യുകയും ചെയ്ത ശേഷമാണ് പണം കൈക്കലാക്കിയതെന്ന് പരാതിക്കാർ വ്യക്തമാക്കി.
വിവരം ലഭിച്ചയുടൻ അന്തിക്കാട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിക്കുകയും പരാതിക്കാരിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ സമഗ്രമായ അന്വേഷണമാണ് പോലീസ് നടത്തിവരുന്നത്.
പരാതിക്കാർ എന്തിനാണ് ഇത്രയും വലിയ തുക കൈവശം വെച്ചതെന്നും, എന്ത് ആവശ്യത്തിനായാണ് ഇവർ തൃപ്രയാറിൽ എത്തിയതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കൂടാതെ, പരാതിക്കാർ പണവുമായി എത്തുന്നത് നേരത്തെ ആർക്കെങ്കിലും അറിയാമായിരുന്നോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്.
അക്രമി സംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന്റെ നമ്പർ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. സംഭവസ്ഥലത്തിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

