ഓയൂർ മേഖലയിൽ കിണറ്റിൽ വീണ് കാണാതായ വീട്ടമ്മയെ 20 മണിക്കൂറുകൾക്ക് ശേഷം ജീവനോടെ കണ്ടെത്തി. പൊലിക്കോട് രാഹുൽ ഭവനിൽ താമസിക്കുന്ന രാധാമണിയമ്മ (60) ആണ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
സംഭവം നടന്നത് വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ്. മുളയറച്ചാൽ വെളമാനൂർകോണം ഭാഗത്തുള്ള കുടുംബ സ്വത്തുമായി ബന്ധപ്പെട്ട
ആവശ്യങ്ങൾക്കായി എത്തിയതായിരുന്നു ഇവർ. ഇതിനിടയിൽ സഹോദരന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിൽ അബദ്ധവശാൽ വീഴുകയായിരുന്നു.
ആരും ശ്രദ്ധിക്കാത്ത പ്രദേശമായതിനാൽ വീട്ടമ്മ കിണറ്റിൽ വീണ വിവരം പുറത്തറിഞ്ഞില്ല. തുടർച്ചയായി ഒരു രാത്രി മുഴുവൻ മഴയത്ത് കിണറ്റിൽ കഴിച്ചുകൂട്ടേണ്ടി വന്ന രാധാമണിയമ്മയ്ക്ക് ഭാഗ്യവശാൽ ഗുരുതരമായ പരിക്കുകൾ ഏറ്റിരുന്നില്ല.
കിണറ്റിൽ വെള്ളത്തിന്റെ അളവ് കുറവായിരുന്നതും ഇവർക്ക് തുണയായി. പിറ്റേദിവസം രാവിലെ 9.15-ഓടെ സഹോദരൻ രാധാകൃഷ്ണൻ കൃഷിയിടത്തിലേക്ക് പോകുന്ന വഴിയാണ് കിണറ്റിൽ നിന്നും നിലവിളി ശബ്ദം കേൾക്കുന്നത്.
തുടർന്ന് സമീപവാസിയായ മണികണ്ഠനെ വിളിച്ചുവരുത്തി വിവരം സ്ഥിരീകരിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ തന്നെ പൊലീസിനെയും അഗ്നിരക്ഷാ സേനയെയും സംഭവസ്ഥലത്തെത്തിച്ചു.
റോഡിന്റെ വീതിക്കുറവ് മൂലം രക്ഷാപ്രവർത്തനത്തിനായി വലിയ വാഹനങ്ങൾ എത്തിക്കാൻ തടസ്സം നേരിട്ടു. തുടർന്ന് റെസ്ക്യൂ നെറ്റ് അടക്കമുള്ള അത്യാവശ്യ ഉപകരണങ്ങൾ ഓട്ടോറിക്ഷയിൽ എത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ വലയിൽ ഇരുത്തി രാധാമണിയമ്മയെ പുറത്തെടുത്തു.
പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

