അഹമ്മദാബാദ് നഗരപ്രാന്തത്തിൽ സ്ഥിതി ചെയ്യുന്ന വസ്ത്രാലിനു സമീപം ഗത്രാഡ് റോഡിൽ പ്രവർത്തിച്ചിരുന്ന അനധികൃത പടക്ക നിർമാണശാലയിൽ വൻ സ്ഫോടനവും തീപിടിത്തവും. സംഭവത്തിൽ എട്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ടുകൾ.
പത്തിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ: ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. ഉച്ചയ്ക്ക് 3.24-ഓടെ ശക്തമായ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ വ്യക്തമാക്കി.
തുടർന്ന് 3.45-ഓടെ റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ ക്വിക്ക് റിയാക്ഷൻ ടീം ആംബുലൻസുകളും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സ്ഫോടനത്തിന്റെ ആഘാതം വളരെ വലുതായിരുന്നെന്നും മൃതദേഹങ്ങളും പരിക്കേറ്റവരും ഫാക്ടറി പരിസരത്തെ പാടങ്ങളിലേക്ക് ഏകദേശം 50 മീറ്ററോളം ദൂരത്തിൽ തെറിച്ചുവീണ നിലയിലായിരുന്നുവെന്നും ആർഎഎഫ് കമാൻഡന്റ് ഓഫിസർ റിതുൽ ദാഹ് പറഞ്ഞു.
യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയും സർക്കാർ അനുമതികളില്ലാതെയും പ്രവർത്തിച്ചിരുന്ന യൂണിറ്റാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ സ്ഥിരീകരിച്ചു. സ്ഫോടനത്തെ തുടർന്ന് അഹമ്മദാബാദ് മുൻസിപ്പൽ കോർപറേഷൻ (എഎംസി) കമ്മിഷണറും മേയറും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
മരിച്ചവരെയും പരിക്കേറ്റവരെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. അഹമ്മദാബാദ് ഫയർ ആൻഡ് എമർജൻസി സർവീസസും (എഎഫ്ഇഎസ്) സിറ്റി പൊലീസും സംയുക്തമായി സ്ഥലത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

