ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് യാത്ര ചെയ്ത് അദാനി ഗ്രൂപ്പ് പ്രതിനിധികളെയും എൻഡിഎ നേതാക്കളെയും കണ്ട സംഭവത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ മറുപടി നൽകണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ആവശ്യപ്പെട്ടു.
ഈ യാത്രയുടെ ചെലവ് വഹിച്ചത് ആരാണെന്നതുൾപ്പെടെയുള്ള സുപ്രധാന ചോദ്യങ്ങൾ ഇപ്പോഴും ഉത്തരം ലഭിക്കാതെ നിൽക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന് പകരം, മാധ്യമപ്രവർത്തകരെ ഉപയോഗിച്ച് തന്നിലേക്ക് തിരിച്ചടിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചെന്ന് കെ കെ രാഗേഷ് ആരോപിച്ചു.
“സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് വിഴിഞ്ഞം പോർട്ടിൽ എന്താണിത്ര താല്പര്യമെന്ന വിഡ്ഢിച്ചോദ്യം മഞ്ഞപത്രക്കാർക്കും വെട്ടുകിളികൾക്കും ഇട്ടുകൊടുത്ത് തന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുതെന്ന പതിവ് പല്ലവി ആവർത്തിച്ച് രംഗം കാലിയാക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്” എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തുറമുഖം, ധനകാര്യം, നിയമം എന്നീ വകുപ്പുകൾ മുഖ്യമന്ത്രി തന്നെ കൈവശം വെച്ചിരിക്കുന്നതിന് പിന്നിലെ ദുരൂഹതയും അദ്ദേഹം ഉയർത്തിക്കാട്ടി.
അദാനിക്ക് താല്പര്യമില്ലാത്ത ഉദ്യോഗസ്ഥരെ സ്ഥാനത്തുനിന്നും നീക്കം ചെയ്തത് എന്തിനാണെന്നും കരാർ ലംഘനങ്ങൾക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. കൂടാതെ, എം എ ബേബിയുടെ പരാമർശം വളച്ചൊടിച്ച് മുഖ്യമന്ത്രി വിഷയത്തെ വർഗീയവൽക്കരിക്കാൻ ശ്രമിച്ചെന്നും രാഗേഷ് വിമർശിച്ചു.
“മുഖ്യമന്ത്രി അടിക്കടിക്ക് മൂകാംബിക ക്ഷേത്രത്തിൽ പോകുന്നത് മൃദുഹിന്ദുത്വസമീപനത്തിന്റെ ഭാഗമാണെന്നും ഹൈന്ദവ സമൂഹത്തെ പ്രീണിപ്പിക്കാനുമാണെന്ന്” എം എ ബേബി പറഞ്ഞതായി വ്യാജപ്രചാരണം നടത്താനാണ് വി ഡി സതീശൻ ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ജൂലൈ 4, ജൂലൈ 7, ജൂലൈ 8, ജൂലൈ 15 എന്നീ തീയതികളിൽ നടന്ന സംഭവവികാസങ്ങളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഈ വിമർശനങ്ങൾ ഉന്നയിച്ചത്.
കേരളം പോലൊരു സംസ്ഥാനത്ത് മുഖ്യമന്ത്രി തന്നെ വിദ്വേഷ പ്രചാരണത്തിന് വഴിയൊരുക്കുന്നത് അസാധാരണമാണെന്നും കെ കെ രാഗേഷ് പ്രസ്താവിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

